തൃശൂർ: കോവിഡ് കാലമാണെങ്കിലും തെരഞ്ഞെടുപ്പ് ചൂട് അടുത്തതോടെ പാരഡി പാട്ടുകൾക്ക് വൻ ഡിമാന്റ്.
തെരഞ്ഞെടുപ്പ് അടുത്തതോടെ രാഷ്ട്രീയപാർട്ടികൾ പാരഡി ഗാനങ്ങളുമായി പ്രചരണം തുടങ്ങിക്കഴിഞ്ഞു. ഇക്കുറി വീഡിയോ പാരഡി ഗാനങ്ങൾക്കാണ് ആവശ്യക്കാർ കൂടുതൽ.
വാട്സാപ്പും ഫെയ്ബുക്കും വഴിയാണ് കോവിഡ് കാലത്തെ പ്രചരണം കൂടുതൽ എന്നതിനാൽ വീഡിയോ പാരഡി ഗാനങ്ങളാണ് ഇത്തവണ പ്രചരണത്തിനു കൂടുതലായും ഉപയോഗിക്കുന്നത്.
ദൃശ്യ വാർത്താ മാധ്യമങ്ങളിലെ ദൃശ്യങ്ങൾ ഉപയോഗിച്ചും ഹെഡ് ലൈനുകളും ബ്രേക്കിംഗ് ന്യൂസുകളും വിവിധ ഫ്ളാഷ് ന്യൂസുകളും ഉൾപ്പെടുത്തിക്കൊണ്ടാണ് വീഡിയോ പാരഡികൾ ഒരുക്കിയിട്ടുള്ളത്.
ഗ്രാഫിക്സുകളുടെ സാധ്യതകളും വീഡിയോകളിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾ വിവരിക്കുന്നതാണ് എൽഡിഎഫിന്റെ ഗാനങ്ങളെങ്കിൽ എൽഡിഎഫ് സർക്കാരിന്റെ അഴിമതിക്കഥകളാണ് യൂഡിഎഫിന്റെ ഗാനങ്ങളിൽ നിറയുന്നത്.
സ്വപ്നയും ബിനീഷും ശിവശങ്കറും ജലീലുമെല്ലാം യുഡിഎഫിന്റെ പാരഡിഗാനങ്ങളിൽ വരുന്നുണ്ട്. സ്പ്രിംഗളറും ലൈഫ് മിഷനും സ്വർണക്കടത്തും മയക്കുമരുന്നുമെല്ലാം എൽഡിഎഫിനെതിരെയുള്ള പാരഡിഗാനങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട്.
കേരളത്തിലെ ഇരുമുന്നണികൾക്കും നേരെ വിമർശനങ്ങളുമായാണ് ബിജെപിയുടെ ഗാനങ്ങൾ ഒരുങ്ങുന്നത്. പതിവുപോലെ സൂപ്പർഹിറ്റായ മലയാളം – തമിഴ് ഗാനങ്ങളുടെ പാരഡികളാണ് കോവിഡ് കാലത്ത് കേരളമെങ്ങും അലയടിക്കുന്നത്.