കഞ്ചിക്കോട്: കഞ്ചിക്കോട് പരിസ്ഥിതി സംരക്ഷണസമിതി പ്രവർത്തകരും അവരുടെ കുടുംബാംഗങ്ങളും ലോക്സഭാ തെരഞ്ഞെടുപ്പിൽ നോട്ടയ്ക്ക് വോട്ടുനല്‍കാൻ തീരുമാനിച്ചു. പാലക്കാട് കഞ്ചിക്കോട് പുതുശേരി പഞ്ചായത്തിലെ പ്രീകോട്ട് മിൽ കോളനിയിലെ രണ്ട്, 17, 18 വാർഡുകളിലുള്ള റസിഡൻഷ്യൽ കോളനികളുടെ മധ്യത്തിലായി വിഷപ്പുക തള്ളി പ്രവർത്തിക്കുന്ന കന്പനികളുടെ നിയമലംഘനങ്ങൾക്കെതിരെ നടപടിയെടുക്കാത്തതിനെതിരേയാണ് പ്രതിഷേധം.
പതിനായിരത്തോളം ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് നിരന്തരം വിഷപ്പുക വമിപ്പിക്കുന്ന കന്പനികളിൽ മിക്കതും പ്രവർത്തിക്കുന്നത് പ്രാദേശിക പഞ്ചായത്തിന്റെ ലൈസൻസ് പോലുമില്ലാതെയാണ്. ചിലതിനു പഞ്ചായത്തിന്റെ സ്റ്റോപ്പ് മെമ്മോ നിലനില്‍ക്കുന്നുണ്ട്.
ആരോഗ്യവകുപ്പിന്റെ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയും ജനങ്ങളുടെ സ്വൈരജീവിതത്തിനു തടസംനിന്നും പ്രവർത്തിക്കുന്ന ഇരുന്പുരുക്ക് സ്ഥാപനങ്ങൾക്കെതിരേയുള്ള പ്രതിഷേധങ്ങളെ കണ്ടില്ലെന്ന് നടിക്കുന്ന മുഖ്യധാരാ രാഷ്ട്രീയപാർട്ടികളോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് തങ്ങൾ നോട്ടക്ക് വോട്ടുനല്‍കാൻ തീരുമാനിച്ചതെന്ന് നോട്ടഭാരവാഹികളായ എം.രാജേഷ്. എം.വിജയകുമാർ എന്നിവർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.