
പത്തനംതിട്ട: തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർ തങ്ങൾക്കു താത്പര്യമില്ലാത്തവരാണെങ്കിൽ വോട്ടർക്ക് അമർത്താൻ ’നോട്ട’ ബട്ടണ്‍ ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾക്കുണ്ടായിരുന്നു.
എന്നാൽ തദ്ദേശ സ്ഥാപനത്തിൽ അതു തിരയേണ്ട. പകരം വോട്ടു ചെയ്യാൻ താത്പര്യമില്ലാത്തവർക്ക് അവസരം നൽകാനായി എൻഡ് എന്നൊരു ബട്ടണ്‍ വോട്ടിംഗ് യന്ത്രത്തിൽ ക്രമീകരിക്കും.
ത്രിതല പഞ്ചായത്തുകളിൽ വോട്ടു ചെയ്യാൻ താത്പര്യമില്ലാത്തവർ ബൂത്തിൽ കയറിയാൽ എൻഡ് ബട്ടണ്‍ അമർത്തി മടങ്ങണം.ഇഷ്ടമുള്ള സ്ഥാനാർഥിക്ക് വോട്ടുചെയ്തശേഷം എൻഡ് ബട്ടണ്‍ അമർത്താനും അവസരമുണ്ട്.
വോട്ടർ എൻഡ് ബട്ടണ്‍ അമർത്തിയില്ലെങ്കിൽ പോളിംഗ്് ഉദ്യോഗസ്ഥൻ ബട്ടണ്‍ അമർത്തി യന്ത്രം സജ്ജീകരിക്കും. എങ്കിൽ മാത്രമേ അടുത്ത ഒരാൾക്കു വോട്ടു ചെയ്യാനാകൂ.
ഒരു ബാലറ്റ് യൂണിറ്റിൽ 15 സ്ഥാനാർഥികളുടെ പേരും ചിഹ്നവും ഏറ്റവും താഴെ എൻഡ് ബട്ടണുമാണ് ഉണ്ടാവുക. സ്ഥാനാർഥികൾ 15ൽ കൂടുതലുണ്ടെങ്കിൽ രണ്ട് ബാലറ്റ് യൂണിറ്റുകളുണ്ടാകുമെങ്കിലും എൻഡ് ബട്ടണ്‍ ഒന്നാമത്തേതിലാകും.
മുനിസിപ്പാലിറ്റി, കോർപറേഷൻ തെരഞ്ഞെടുപ്പുകളിൽ ഉപയോഗിക്കുന്ന സിംഗിൾ പോസ്റ്റ് യന്ത്രങ്ങളിൽ എൻഡ് ബട്ടണ്‍ ഇല്ല. എന്നാൽ, വോട്ടർ കയ്യിൽ മഷി പുരട്ടിയ ശേഷം വോട്ടു ചെയ്യാതെ മടങ്ങിയാൽ അതു രേഖപ്പെടുത്തും.