കോട്ടയം: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞാൽപ്പിന്നെ സ്ഥാനാർഥിയേക്കാളും പാർട്ടി അണികളെക്കാളും തിരക്കുള്ള ഒരു കൂട്ടരുണ്ട്. ജില്ലാ ഇലക്ഷൻ ഓഫീസിലെ ജീവനക്കാർ . തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചാൽ വോട്ടെണ്ണി പെട്ടി പൂട്ടുന്നതുവരെ ഇവർക്ക് ഉറക്കമില്ല. 24 മണിക്കൂറും തിരക്കോടു തിരക്ക്.
കോട്ടയം ജില്ലാ ഇലക്ഷൻ ഓഫീസറായ കളക്ടർ പി.കെ.സുധീർബാബുവിന്റെ കീഴിൽ വരുന്ന തെരഞ്ഞെടുപ്പു സംബന്ധിച്ച എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നത് ഡെപ്യൂട്ടി കളക്ടർ എം.വി.സുരേഷ്കുമാർ, സൂപ്രണ്ടിന്റെ ചാർജ് വഹിക്കുന്ന ഡെപ്യൂട്ടി തഹസിൽദാർ ജി.പ്രകാശ്, ജില്ലാ ഇലക്ഷൻ ക്ലാർക്ക് ബിറ്റുതോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള പതിനെട്ടംഗ ജീവനക്കാരാണ്.
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഇവരൊക്കെ വീട്ടിൽ പോകുന്നത് രാത്രി വൈകിയും പാതിരായ്ക്കുമാണ്. നാമ നിർദേശ പത്രിക സമർപ്പണം മുതൽ സ്ഥാനാർഥികളുടെ ചെലവ് വരെ കൈകാര്യം ചെയ്യുന്നത് ജില്ലാ ഇലക്ഷൻ ഓഫീസാണ്. തെരഞ്ഞെടുപ്പ് സമയത്തെ പ്രവർത്തനങ്ങളിൽ ജില്ലാ കളക്ടറെ സഹായിക്കുന്നതിനായി 17 നോഡൽ ഓഫീസർമാരെ നിയോഗിച്ചിട്ടുണ്ട്.
സ്ഥാനാർഥികളുടെ പ്രചാരണ പരിപാടി നിരീക്ഷിക്കാൻ പ്രത്യേക സ്ക്വാഡുണ്ട്. എല്ലാ കാര്യങ്ങളും വീഡിയോയിൽ പകർത്തും. വീഡിയോ കാണാൻ മാത്രം പ്രത്യേക സ്ക്വാഡുണ്ട്. പെരുമാറ്റ ചട്ട ലംഘനം കണ്ടെത്താൻ ഫ്ളൈയിംഗ് സ്ക്വാഡ്. കോട്ടയം പാർലമെന്റിനു പുറമെ കോട്ടയം ജില്ലയിൽ ഉൾപ്പെടുന്ന മാവേലിക്കര, പത്തനംതിട്ട മണ്ഡലങ്ങളുടെ പോളിംഗ് സ്റ്റേഷനുകളിലെ ജോലികളും കോട്ടയം ഇലക്ഷൻ ഓഫീസ് നിർവഹിക്കണം.
ഒൻപത് റിട്ടേണിംഗ് ഓഫീസർമാർ, അഞ്ചു താലൂക്കുകൾ, ഒൻപത് മണ്ഡലങ്ങൾ, 1465 പോളിംഗ് സ്റ്റേഷനുകൾ ഇവയാണ് ജില്ലാ ഇലക്ഷൻ ഓഫീസിന്റെ പരിധിയിൽ വരുന്നത്. പോളിംഗ് സ്റ്റേഷൻ പരിശോധനകൾ പൂർത്തിയായി. റാന്പ്, കുടിവെള്ളം, ഫർണിച്ചർ, വൈദ്യുതി, ബോർഡ്, ടോയ്ലറ്റ് ഇവയൊക്കെ താൽക്കാലിക അടിസ്ഥാനത്തിൽ സ്ഥാപിച്ചു.
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുള്ള പരിശീലന പരിപാടി ആരംഭിച്ചു. 13700 പേരാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുള്ളത്. ആദ്യ ഘട്ടം ജോലി ചെയ്യുന്ന ഓഫീസിന്റെ പരിധിയിൽ വരുന്ന റിട്ടേണിംഗ് ഓഫീസർമാർക്കുള്ള പരിശീലനം 27ന് ആരംഭിക്കും. രണ്ടാം ഘട്ടം റിട്ടേണിംഗ് ഓഫീസർമാരുടെ കീഴിൽ വരുന്ന ജീവനക്കാർക്കുള്ള പരിശീലനം. മൂന്നാം ഘട്ടം വോട്ടെടുപ്പിന്റെ തലേന്ന്.
ഇതിനെല്ലാം പുറമെ രാഷ്ട്രീയ പാർട്ടികൾക്കും സ്ഥാനാർഥികൾക്കും തെരഞ്ഞെടുപ്പ് സംബന്ധിച്ച എല്ലാ വിവരങ്ങളും കൈമാറുന്നതും ജില്ലാ ഇലക്ഷൻ ഓഫീസിൽ നിന്നാണ്.