നിയാസ് മുസ്തഫ
പ്രായമായി എന്നത് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അയോഗ്യതയായി ബിജെപി നേതൃത്വവും കാണുന്നില്ല. അതുകൊണ്ടുതന്നെ ബിജെപിയുടെ സീനിയർ നേതാക്കളായ എൽകെ അദ്വാനി, മുരളീ മനോഹർ ജോഷി, ശാന്ത കുമാർ, കൽരാജ് മിശ്ര, ഭഗത് സിംഗ് കോശ്യാരി തുടങ്ങിയവർ ഇക്കുറിയും മത്സര രംഗത്തുണ്ടാവും.
ജനപിന്തുണ ഉള്ളവരാണെങ്കിൽ ഏതു പ്രായക്കാർക്കും തെരഞ്ഞെടുപ്പിൽ മത്സരിക്കാം. പക്ഷേ പാർട്ടിയിലോ സർക്കാരിലോ സ്ഥാനമാനങ്ങൾക്കായി പരിഗണിക്കുന്പോൾ 75വയസ് പ്രായത്തിൽ കൂടാൻ പാടില്ലായെന്നതാണ് ബിജെപിയുടെ ലൈൻ.
നിലവിൽ പാർലമെന്റിലെ ഏറ്റവും മുതിർന്ന നേതാവാണ് എൽകെ അദ്വാനി. 91 വയസ് പ്രായം. ഗുജറാത്തിലെ ഗാന്ധിനഗർ മണ്ഡലത്തിൽനിന്ന് 1991മുതൽ തുടർച്ചയായി ജയിച്ചുവരുന്നു. അതും വലിയ ഭൂരിപക്ഷത്തിൽ. ഇത്തവണയും അദ്വാനി ഗാന്ധി നഗർ മണ്ഡലത്തിൽനിന്ന് മത്സരിക്കും. ഇതിനുള്ള തയാറെടുപ്പിലാണ് അദ്ദേഹം.
ജനതാദൾ യുണൈറ്റഡിന്റെ രാം സുന്ദർ ദാസിന്റെ റിക്കാർഡാണ് അദ്വാനിക്കു മുന്നിലുള്ളത്. 2009ൽ ഹാജിപൂർ മണ്ഡലത്തിൽനിന്ന് 88-ാം വയസിൽ മത്സരിച്ച് 93-ാം വയസുവരെ എംപിയായി തുടർന്ന റിക്കാർഡ്. 2015ൽ 94-ാം വയസിൽ രാം സുന്ദർ ദാസ് മര ണപ്പെട്ടു.
മത്സരിക്കാൻ തയാറെടുക്കുന്ന മുരളി മനോഹർ ജോഷിക്ക് പ്രായം 84 വയസ്. ശാന്ത കുമാറിന് 85വയസ്, കൽരാജ് മിശ്രയ്ക്കും ഭഗത് സിംഗ് കോശ്യാരിക്കും 77 വയസ് എന്നിങ്ങനെയാണ് പ്രായം. മുരളി മനോഹർജോഷി കാൺപൂരിൽനിന്നായിരിക്കും ഇത്തവണയും ജനവിധി തേടുക.
നേരത്തേ വാരാണസി ആയിരുന്നു ജോഷിയുടെ മണ്ഡലം. 2014ൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മത്സരിക്കാനായി കാൺപൂരിലേക്ക് മാറിക്കൊടുക്കുകയായിരുന്നു ജോഷി. അലാഹാബാദ് മണ്ഡലത്തെയും ജോഷി പ്രതിനിധീകരിച്ചിട്ടുണ്ട്.
ശാന്തകുമാർ ഹിമാചൽ പ്രദേശിലെ കാൻഗ്ര മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. മുൻ മുഖ്യമന്ത്രിയാണ്.
ബിജെപിയുടെ ഉത്തർപ്രദേശിലെ ബ്രാഹ്മണ മുഖമാണ് കൽരാജ് മിശ്ര. ഡിയോറിയ മണ്ഡലത്തിൽനിന്ന് ജനവിധി തേടും. നേരത്തേ മോദി സർക്കാരിലെ മൈക്രോ, സ്മോൾ, മീഡിയം എന്റർപ്രൈസസ് മന്ത്രിയായിരുന്നു. പ്രായപരിധി 75കടന്നതോടെ മന്ത്രി സ്ഥാനത്തുനിന്ന് ഒഴിവാക്കുകയായിരുന്നു. ഉത്തരാഖണ്ഡിലെ മുഖ്യമന്ത്രി ആയിരുന്ന ഭഗത് സിംഗ് കോശ്യാരി നൈനിറ്റാൾ-ഉത്തംസിംഗ് നഗർ മണ്ഡലത്തിൽനിന്ന് മത്സരിക്കുന്നു.