വടകര: ഒഞ്ചിയം ഗ്രാമപഞ്ചായത്തിൽ ആർഎംപിഐ ഭരണം തുടരണോ എന്ന് നിശ്ചയിക്കുന്ന നിർണായക തെരഞ്ഞെടുപ്പ് നാളെ നടക്കും. ആർഎംപിഐ നേതാവ് ഗോപിനാഥിന്റെ മരണത്തെ തുടർന്ന് നടക്കുന്ന തെരഞ്ഞെടുപ്പ് അതുകൊണ്ടുതന്നെ ഏവരും ഉറ്റുനോക്കുകയാണ്. കല്യാണിമുക്കിലെ മദ്രസയിൽ രാവിലെ നടക്കുന്ന പോളിംഗിൽ 1556 പേർക്കാണ് വോട്ട്.
ആർഎംപിഐ യിലെ പി.ശ്രീജിത്തും സിപിഎമ്മിലെ രാജാറാം തൈപ്പള്ളിയും ബിജെപിയിലെ ധനീഷുമാണ് മത്സര രംഗത്തുള്ളത്. യുഡിഎഫ് സ്ഥാനാർഥിയെ നിർത്തിയിട്ടില്ല. തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം മനസിലാക്കി ആർഎംപിഐയും സിപിഎമ്മും കൊണ്ടുപിടിച്ച പ്രചാരണ പ്രവർത്തനമാണ് ഇവിടെ നടത്തിയത്.
തെരഞ്ഞെടുപ്പ് റാലിക്ക് മന്ത്രി തന്നെ എത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 577 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഗോപിനാഥ് ജയിച്ച അഞ്ചാം വാർഡ് ആർഎംപിയുടെ ശക്തികേന്ദ്രമായാണ് അറിയപ്പെടുന്നത്. ഇവിടെ പാർട്ടി അജയ്യമാണെന്ന് തെളിയിക്കാൻ ആർഎംപിഐ ശ്രമിക്കുന്പോൾ വിള്ളൽവീഴ്ത്തി അട്ടിമറിക്കാനാണ് സിപിഎം ശ്രമം. ഇതിലൂടെ നഷ്ടപ്പെട്ട ഒഞ്ചിയം പഞ്ചായത്ത് കൈയടക്കാമെന്ന ചിന്തയിലാണ് സിപിഎം.
ആർഎംപിഐ ഭരിക്കുന്ന ഒഞ്ചിയത്ത് എൽജെഡിയുടെ ഒരംഗം ഇടതുമുന്നണിയോടൊപ്പം ചേരുന്നതോടെ ഇരു പക്ഷത്തും എട്ട് വീതമെന്ന നിലയിലാണ് കക്ഷിനില. അതുകൊണ്ട് തന്നെ അഞ്ചാം വാർഡ് ഉപതെരഞ്ഞെടുപ്പ് നിർണായകമായിരിക്കുകയാണ്. ജയിച്ചാൽ ആർഎംപിഐക്ക് സുഗമമായി ഭരിക്കാം. തോറ്റാൽ ഇടതുമുന്നണിക്കു ഭരണം കിട്ടും.