മുംബൈ: ബോളിവുഡ് നടി ഊർമിള മണ്ഡോദ്കർ കോണ്ഗ്രസ് സ്ഥാനാർഥിയായി ലോക്സഭയിലേക്കു മത്സരിച്ചേക്കും. കോണ്ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവിയാണു വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. മുംബൈ നോർത്ത് മണ്ഡലത്തിൽ നടി മത്സരിച്ചേക്കുമെന്നാണു സൂചന. മുംബൈ കോണ്ഗ്രസ് പ്രസിഡന്റായിരുന്ന സഞ്ജയ് നിരുപവും ഉൗർമിളയുടെ കുടുംബവും റിപ്പോർട്ടുകളോടു പ്രതികരിച്ചിട്ടില്ല.
എന്നാൽ വിഷയത്തിൽ ചർച്ചകൾ സജീവമായി തുടരുകയാണെന്നാണു പാർട്ടി വൃത്തങ്ങൾ പറയുന്നത്. നിലവിലെ എംപി ഗോപാൽ ഷെട്ടിയാവും മുംബൈ നോർത്ത് മണ്ഡലത്തിൽ ബിജെപിയുടെ സ്ഥാനാർഥിയാകുക എന്നാണു സൂചന.
നിലവിൽ ബിജെപിക്ക് കരുത്തുറ്റ വേരോട്ടമുള്ള മണ്ഡലമാണ് മുംബൈ നോർത്ത്. എന്നാൽ 2004-ൽ ബോളിവുഡ് നടൻ ഗോവിന്ദ ഇവിടെ വിജയക്കൊടി പാറിച്ചു. നിലവിൽ ഉത്തർപ്രദേശ് ഗവർണറായ ഗോപാൽ നായിക്കായിരുന്നു അന്ന് എതിരാളി.
2009-ൽ കോണ്ഗ്രസ് സ്ഥാനാർഥി സഞ്ജയ് നിരുപം ഇവിടെ വിജയിച്ചു. തൊട്ടടുത്ത തെരഞ്ഞെടുപ്പിൽ ഗോപാൽ ഷെട്ടിയോടു നിരുപം പരാജയപ്പെട്ടു. ഇക്കുറി മുംബൈ നോർത്ത് വെസ്റ്റ് മണ്ഡലത്തിൽനിന്നാണ് നിരുപം ജനവിധി തേടുന്നത്.
ബിരുദാനന്തര ബിരുദധാരിയായ ഉൗർമിള, 1980-ൽ സാക്കോൾ എന്ന മറാത്തി സിനിമയിൽ ബാലതാരമായാണ് സിനിമയിലെത്തുന്നത്. തൊട്ടടുത്ത വർഷം ശശി കപൂർ-രേഖ ചിത്രം കൽയുഗിലൂടെ ഉൗർമിള ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. പിന്നീട് വിവിധ ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ അവർ അഭിനയിച്ചു.