വടകര: തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുന്‍പെ കടത്തനാടൻ മണ്ണിൽ സ്ഥാനാർഥി കുപ്പായമിട്ട് പി.ജയരാജൻ കളത്തിലിറങ്ങിയെങ്കിലും എതിരാളിയില്ലാത്തതിനാൽ അങ്കച്ചൂട് മുറുകുന്നില്ല. കഴിഞ്ഞ ഒന്‍പതാം തിയതി സിപിഎം സ്ഥാനാർഥി പട്ടിക സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രഖ്യാപിച്ചതിനു പിന്നാലെ ജയരാജൻ ഗോദയിലിറങ്ങി.
തലശേരിയിൽ ജാഥ നടത്തി വരവറിയിച്ച ജയരാജൻ വിവിധ മണ്ഡലങ്ങളിലെ പ്രമുഖരെയും രക്തസാക്ഷികുടുംബങ്ങളേയും കണ്ട് രംഗം സജീവമാക്കി. 12 ന് വടകര കോട്ടപ്പറന്പിൽ പാർലമെന്റ് മണ്ഡലം കണ്‍വൻഷനോടെ പ്രചാരണ പ്രവർത്തനങ്ങൾക്ക് ഒൗദ്യോഗിക തുടക്കമായി. ഇതിനു പിന്നാലെ 13 ന് നാദാപുരം മണ്ഡലത്തിലും 14 നു കൊയിലാണ്ടി മണ്ഡലത്തിലും ആദ്യഘട്ട പര്യടനം നടത്തി.
മുല്ലപ്പള്ളി രാമചന്ദ്രൻ മൂന്നാം തവണയും മത്സരിക്കാൻ ഉണ്ടാവുമെന്ന ചിന്തയിലാണ് പി.ജയരാജനെ സിപിഎം പടക്കളത്തിലിറക്കിയത്. വാശിയേറിയ മത്സരം കാഴ്ചവച്ച് വടകരയെന്ന ഇടതുകോട്ട തിരിച്ചുപിടിക്കുക എന്നതുതന്നെയാണ് സിപിഎം ലക്ഷ്യം. തലയെടുപ്പുള്ളവരുടെ മത്സരം വടകരയിൽ വരുമെന്നാണ് പ്രതീക്ഷയെങ്കിലും അന്തിമ തീരുമാനം വൈകുകയാണ്.
കെപിസിസി പ്രസിഡന്റ് ആയതിനാൽ ഇക്കുറി മത്സരിക്കാൻ താൽപര്യമില്ലെന്ന് മുല്ലപ്പള്ളി പ്രഖ്യാപിച്ചതോടെ അടുത്തത് ആരെന്നായി. രാഹുൽ ഗാന്ധി നിർബന്ധിച്ചാൽ മുല്ലപ്പള്ളി മത്സരിക്കുമെന്ന ചിന്തയാണ് മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവർത്തകർക്കുള്ളത്. ഇതിനായി പാർലമെന്റ് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് രാഹുൽഗാന്ധിക്ക് നിരവധി സന്ദേശങ്ങൾ പോയി.
കോണ്‍ഗ്രസിലെ പല നേതാക്കളുടെയും പേരിനോടൊപ്പം ആർഐപിഐ നേതാവ് കെ.കെ.രമയുടെ പേരും സജീവമായി കേൾക്കുന്നു. ആർഎംപിഐ ടിക്കറ്റിൽ രമ വടകരയിൽ മത്സരിക്കുമെന്ന് പാർട്ടി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പൊതുസ്ഥാനാർഥിയായി രമ വരുമോ എന്നാണ് അറിയേണ്ടത്. ചില ലീഗ് നേതാക്കളും യുഡിഎഫ് കണ്‍വീനർ തന്നെയും ഇക്കാര്യത്തിൽ അനുകൂല പ്രഖ്യാപനം നടത്തിക്കഴിഞ്ഞു. ആരായാലും സ്ഥാനാർഥി ഉടൻ ഗോദയിലിറങ്ങണമെന്നാണ് വോട്ടർമാരുടെ ആഗ്രഹം.
കേരളത്തിലെ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടമായതിനാലാണ് ഈ വൈകലെന്നാണ് യുഡിഎഫ് കേന്ദ്രങ്ങൾ വെളിപ്പെടുത്തുന്നത്. സ്ഥാനാർഥി പ്രഖ്യാപനം വന്നാൽ എണ്ണയിട്ട യന്ത്രം കണക്കെ കർമനിരതരായിരിക്കുമെന്നും ഇക്കൂട്ടർ വ്യക്തമാക്കുന്നു. യുഡിഎഫിനു പുറമേ ബിജെപിയും അടുത്ത ദിവസം സ്ഥാനാർഥിയെ പ്രഖ്യാപിക്കും.