പാലാ: പാലായിലെ സ്ഥാനാർഥിയെ യുഡിഎഫ് തീരുമാനിക്കുമെന്ന് കേരള കോണ്‍ഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി എം പി പറഞ്ഞു. സ്ഥാനാർഥിയെ സംബന്ധിച്ച് ഒരു ചർച്ചയും നടത്തിയിട്ടില്ല. കെ.എം. മാണി അന്തരിച്ചിട്ട് ആറ് മാസം പിന്നിട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ പാലായിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം പ്രതീക്ഷിച്ചിരുന്നതാണ്.
കഴിഞ്ഞ ഒന്നരമാസമായി നിയോജക മണ്ഡലത്തിൽ പാർട്ടി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ബൂത്ത്, മണ്ഡലം, നിയോജക മണ്ഡലം കണ്‍വൻഷനുകൾ പൂർത്തിയായിക്കഴിഞ്ഞു. തെരഞ്ഞെടുപ്പിനെ യുഡിഎഫ് ഒറ്റക്കെട്ടായി നേരിടും. സ്ഥാനാർഥിയെ സംബന്ധിച്ച് ആരുമായും ഒരു ചർച്ചയും ഇതുവരെ നടന്നിട്ടില്ല.
ഇന്നു തിരുവനന്തപുരത്ത് നടക്കുന്ന യുഡിഎഫ് നേതൃയോഗത്തിൽ പ്രഖ്യാപനമുണ്ടാകുമെന്നാണ് ജോസ് കെ. മാണി നൽകുന്ന സൂചന. മികച്ച ഭൂരിപക്ഷത്തിൽ യുഡിഎഫ് സ്ഥാനാർഥി വിജയിക്കുമെന്നും അദ്ദേഹം പാലായിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ജോസഫ് ഗ്രൂപ്പാണ് ഒൗദ്യോഗിക വിഭാഗം എന്ന് പറയുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് ഇത് ആർക്കും അവകാശപ്പെടാവുന്നത് ആണല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തർക്കങ്ങൾ ഉടൻ തീരുമെന്നും നേതൃയോഗം വിളിച്ചു കൂട്ടി സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നും ജോസ് കെ മാണി അറിയിച്ചു