വടക്കഞ്ചേരി: മുന്നണി പ്രവേശന ധാരണകൾക്ക് വിരുദ്ധമായി കേരള കോണ്‍ഗ്രസ് ജോസ് കെ.മാണി വിഭാഗത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ സ്ഥാനാർത്ഥി പട്ടികയിൽ ഇടതുമുന്നണി സീറ്റ് നിഷേധിക്കുന്നതായി പരാതി.
ഓരോവാർഡിലും സ്ഥാനാർത്ഥികളെ വരെ തീരുമാനിച്ച് പിന്നീട് സീറ്റ് ചർച്ച എന്ന പേരിൽ വിളിച്ച് വരുത്തി അപഹാസ്യരാക്കുന്ന സമീപനമാണ് ഇടതു മുന്നണി പ്രത്യേകിച്ച് സിപിഎം ചെയ്യുന്നതെന്നാണ് ജോസ് പക്ഷം നേതാക്കളുടെ ആരോപണം.
കത്തോലിക്കാ വിഭാഗം ആളുകൾ കൂടുതലായി അധികാരസ്ഥാനങ്ങളിലെത്തിയാൽ അത് തങ്ങൾക്ക് ദോഷകരമാകുമെന്ന വിലയിരുത്തലിന്റെ ഭാഗം കൂടിയാണ് ഈ സീറ്റ് നിഷേധിക്കലിനെ കേരള കോണ്‍ഗ്രസ് നേതാക്കൾ കാണുന്നത്.
പുറമേക്ക് ന്യൂനപക്ഷ സ്നേഹികളാണെന്ന് കാണിച്ച് പിന്നിൽ നിന്ന് കുത്തുന്ന സിപിഎം സമീപനം തിരിച്ചറിയണം.ബിജെപിയുടെ പേരുപറഞ്ഞ് അധികാരങ്ങളിൽ തുടരാനുള്ള വ്യാമോഹം ഇക്കുറി തിരിച്ചടിയാകുമെന്നാണ് കേരള കോണ്‍ഗ്രസ് നൽകുന്ന മുന്നറിയിപ്പ്.
നിലവിൽ കേരള കോണ്‍ഗ്രസിനുള്ള സീറ്റുകൾ ജോസ് പക്ഷത്തിന് നൽകണമെന്നാണ് എൽ ഡി എഫിന്റെ സംസ്ഥാന, ജില്ലാ കമ്മിറ്റികൾക്ക് നല്‍കിയിട്ടുള്ള നിർദ്ദേശം.
എന്നാൽ ഇത് പ്രാദ്ദേശികമായി പാലിക്കപ്പെടുന്നില്ലെന്ന് പറയുന്നു.20 വാർഡുകളുള്ള വടക്കഞ്ചേരി പഞ്ചായത്തിൽ രണ്ട് സീറ്റാണ് ജോസ് പക്ഷം ആവശ്യപ്പെട്ടത്.
ഒന്നിൽ കൂടുതൽ ചോദിക്കരുതെന്ന ഉറപ്പിലായിരുന്നു ചർച്ച.കേരള കോണ്‍ഗ്രസിന് സ്വാധീനമുള്ള കുറുവായ് (വാർഡ് 18) വാർഡ് വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും അത് നിഷേധിച്ചു.
പകരം 10 (വള്ളിയോട് മിച്ചാരംക്കോട്), 12 (വടക്കഞ്ചേരി ടൗണ്‍ മന്ദം), 15 (ചെക്കിണി) എന്നീ മൂന്ന് വാർഡുകളിൽ ഏതെങ്കിലും ഒരെണ്ണം ആവശ്യപ്പെട്ടപ്പോഴും നിക്ഷേധാത്മക നിലപാടാണ് സ്വീകരിച്ചതെന്ന് പറയുന്നു.
22 വാർഡുകളുള്ള കിഴക്കഞ്ചേരി പഞ്ചായത്തിൽ പാലക്കുഴിയും ഓടംതോടും എന്നിങ്ങനെ രണ്ട് വാർഡ് ആവശ്യപ്പെട്ടെങ്കിലും ചോദിച്ചത് ലഭിച്ചില്ലെന്ന് മാത്രമല്ല പകരം സീറ്റിന്റെ കാര്യം പോലും ചർച്ചചെയ്തില്ല.
വാൽകുളന്പിൽ സ്വതന്ത്രനെ മത്സരിപ്പിക്കുന്ന വാർഡ് കേരള കോണ്‍ഗ്രസിന് നൽകിയതാണെന്ന് കരുതി സഹകരിക്കണമെന്നായിരുന്നു ഉപദ്ദേശം. കണ്ണന്പ്ര പഞ്ചായത്തിലും സീറ്റ് നിഷേധമാണ്.
എവിടേയും കത്തോലിക്കർ തഴയപ്പെടുന്ന സാഹചര്യമാണുള്ളതെന്നും ഇതിന്റെ ഭാഗമായാണ് കത്തോലിക്കർക്ക് മുൻതൂക്കമുള്ള കേരള കോണ്‍ഗ്രസിനെ അവഗണിക്കുന്നതിലൂടെ സിപിഎം ലക്ഷ്യം വയ്ക്കുന്നതെന്നും ആരോപണമുണ്ട്.
ബ്ലോക്ക്, ജില്ലാ ഡിവിഷനുകളിലേക്കും നിലവിൽ സീറ്റില്ലാത്ത സ്ഥിതിയാണെന്നും നേതാക്കൾ പറഞ്ഞു. വണ്ടാഴി പഞ്ചായത്തിൽ പൊൻകണ്ടത്ത് മാത്രമാണ് ഒരു സീറ്റ് നൽകി മുന്നണി മര്യാദ പാലിച്ചിട്ടുള്ളത്.
ഇനി മറ്റു പഞ്ചായത്തുകളിൽ അവസാനനിമിഷത്തിൽ സാധ്യത മങ്ങിയ ഏതെങ്കിലും സീറ്റ് നല്കി ചർച്ചയ്ക്ക് തയാറായാൽ തന്നെ അത് നിരസിക്കുമെന്നാണ് ജോസ് പക്ഷം നേതാക്കൾ നല്കുന്ന സൂചന.