ചെറായി: പള്ളിപ്പുറം പഞ്ചായത്ത് പതിനഞ്ചാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ തികോണമത്സരം. ഇരു മുന്നണികൾക്കുമൊപ്പം ബിജെപിയും ശക്തനായ സ്ഥാനാർഥിയെ നിർത്തി പ്രചരണം കൊഴുപ്പിച്ചതോടെയാണ് ത്രികോണ മത്സരത്തിനു വഴിതെളിഞ്ഞത്. ഇവിടത്തെ മെന്പറായിരുന്ന സിപിഎമ്മിന്റെ പി.എ. അജയൻ സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന് അംഗത്വം രാജിവച്ചതുമൂലമാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
കോണ്‍ഗ്രസിന്റെ മുൻ പഞ്ചായത്തംഗം ബിജെപി സ്ഥാനാർഥിയായതാണ് ഈ തെരഞ്ഞെടുപ്പിലെ ഒരു പ്രത്യേകത. ജനറൽ വാർഡിൽ എൽഡിഎഫും, ബിജെപിയും വിജയസാധ്യത കണക്കിലെടുത്ത് വനിതകളെയാണ് സ്ഥാനാർഥിയാക്കിരിക്കുന്നത്. അതേ സമയം യുഡിഎഫ് ആകട്ടെ വിജയസാധ്യത കാണുന്നത് പുരുഷസ്ഥാനാർഥിയിലൂടെയാണ്.
യൂത്ത്കോണ്‍ഗ്രസ് പള്ളിപ്പുറം സൗത്ത് ജനറൽ സെക്രട്ടറിയായ ടി.എസ്. ഷാരോണ്‍ ആണ് യുഡിഎഫ് സ്ഥാനാർഥി. എൽഡിഎഫ് സ്ഥാനാർഥി ഷീബ വിശ്വനാഥാണ്. ബിജെപിയുടെ സ്ഥാനാർഥി ഉഷാ ടെൻസിംഗ് മുൻ കോണ്‍ഗ്രസുകാരിയാണ്. യുഡിഎഫിനു മുൻതൂക്കമുണ്ടായിരുന്ന ഈ വാർഡിൽ കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ 1242 വോട്ടുകൾ പോൾ ചെയ്തതിൽ 91 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സിപിഎമ്മിലെ അജയൻ വിജയക്കൊടി പാറിച്ചത്.
ബിജെപിയുടെ സ്ഥാനാർഥിയായിരുന്ന കെ ജി ഗോപി 265 വോട്ടുകൾ പിടിച്ചതാണ് യുഡിഎഫിനു കെണിയായത്. കൂടാതെ രണ്ട് സ്വതന്ത്രൻമാർ ചേർന്ന് 140 വോട്ടുകൾ വേറെയും പിടിച്ചു. എന്നാൽ മാറിയ രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്തി നഷ്ടമായ സീറ്റ് ഉപതെരഞ്ഞെടുപ്പിലൂടെ പിടിച്ചെടുക്കാമെന്ന കണക്ക് കൂട്ടലിലാണ് യുഡിഎഫ് .
23 ൽ 16 അംഗങ്ങളുമായി എൽഡിഎഫ് ഭരിക്കുന്ന പള്ളിപ്പുറത്ത് ഉപതെരഞ്ഞെടുപ്പ് ഭരണമാറ്റത്തെ സ്വാധീനിക്കുന്നില്ലെങ്കിലും ആറ് അംഗങ്ങളുള്ള യുഡിഎഫിനു ഒരാളെകൂടി കൂട്ടുക എന്നതാണ് ലക്ഷ്യം. ഇതിനായി പഞ്ചായത്ത് ഭരണത്തിന്റെയും ഇടത് സർക്കാർ നയങ്ങളുടെയും കോട്ടങ്ങൾ എണ്ണിയെണ്ണിപ്പറഞ്ഞാണ് യുഡിഎഫിന്റെ പ്രചരണം.
എന്നാൽ പൊതുതെരഞ്ഞെടുപ്പിലെ വിജയം ഷീബയിലൂടെ ഉപതെരഞ്ഞെടുപ്പിലും കൂടുതൽ ഭൂരിപക്ഷത്തോടെ ആവർത്തിക്കാമെന്നാണ് എൽഡിഎഫിന്റെ കണക്ക് കൂട്ടൽ. പഞ്ചായത്തിന്റെയും ഇടതു സർക്കാരിന്റെയും നേട്ടങ്ങളാണ് ഇവർക്ക് പിടിവള്ളി. പക്ഷേ ബിജെപിയുടെ സ്വപ്നങ്ങൾ ഇതിലുമൊക്കെ അപ്പുറമാണ്.
തികഞ്ഞ വിജയപ്രതീക്ഷ പുലർത്തുന്ന ഇവർ കേന്ദ്രഭരണത്തിന്റെ മികവ് ചൂണ്ടിക്കാട്ടിയാണ് വോട്ട് പിടിക്കുന്നത്. മോദിയുടെ വലിയ ഫ്ളക്സ് ബോർഡുകൾ വരെ വാർഡിൽ പ്രചരണത്തിനു സ്ഥാനം പിടിച്ചിട്ടുണ്ട്. 1500നു മേൽ വോട്ടുള്ള ഈ വാർഡിൽ രണ്ട് പ്രത്യേക സമുദായക്കാരിൽ ബിജെപി അനുഭാവികൾ കൂടുതലാണ്.
മാത്രമല്ല എസ്എൻഡിപിയുടെ പിന്തുണ ഇവർ പ്രതീക്ഷിക്കുന്നുമുണ്ട്. വിജയം കൈപ്പിടിയിലായാൽ ബിജെപിക്ക് പള്ളിപ്പുറത്ത് അക്കൗണ്ട് തുടങ്ങുകയെന്ന മോഹവും സഫലമാകും. 31നാണ് തെരഞ്ഞെടുപ്പ്.