പത്തനംതിട്ട: നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാനസമയത്തിനു മുമ്പായി മത്സരരംഗം വിടണമെന്ന അന്ത്യശാസനയുമായി പ്രമുഖ രാഷ്ട്രീയകക്ഷികള്‍. ഇന്ന് മൂന്നുവരെയാണ് പത്രിക പിന്‍വലിക്കാനുള്ള സമയം. ഇതോടെ പോരാട്ടചിത്രം വ്യക്തമാകും.
സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്്നം അനുവദിക്കുന്നതും ഇന്നാണ്.ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ക്കെതിരെ പത്രിക നല്കിയിട്ടുള്ളവര് പാര്‍ട്ടി നിര്‍ദേശം പാലിച്ച് പിന്‍വലിക്കണമെന്നാണ് പ്രമുഖ രാഷ്ട്രീയകക്ഷികളുടെ നിര്‍ദേശം. യുഡിഎഫിനാണ് വിമതഭീഷണി പ്രധാനമായും ഉള്ളത്.
നഗരസഭ, ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലാണ് ഇത് കൂടുതലായി ഉണ്ടായിട്ടുള്ളത്. കോണ്‍ഗ്രസില്‍ നിന്നാണ് വിമതസ്ഥാനാര്‍ഥികളുടെ അരങ്ങേറ്റം കൂടുതല്‍. പാര്‍ട്ടി ഭാരവാഹികള്‍ അടക്കം ഇത്തരത്തില്‍ പത്രിക സമര്‍പ്പിച്ചവരിലുണ്ട്.
യുഡിഎഫില്‍ ഘടകകക്ഷികള്‍ക്ക് നല്‍കിയിട്ടുള്ള സീറ്റുകളിലും കോണ്ഗ്രസുകാരുടേതായ സ്ഥാനാര്ഥിത്വമുണ്ട്. കോഴഞ്ചേരിയിലെ സിപിഎം, സിപിഐ തര്‍ക്കത്തിനു പരിഹാരം കാണാത്തതിനാല്‍ രണ്ടു പാര്‍ട്ടികളും വെവേറെയാണ് മത്സരിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.
ജില്ലാ പഞ്ചായത്ത് റാന്നി മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനു നല്കിയ സീറ്റില്‍ കോണ്‍ഗ്രസ് സേവാദള്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ബെന്നി പുത്തന്‍പറമ്പില്‍ നാമനിര്‍ദേശ പത്രിക നല്‍കിയിട്ടുണ്ട്.
റാന്നി ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കൂടിയായ ബെന്നി മത്സരരംഗത്ത് ഉറച്ചുനില്‍ക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ജില്ലാ പഞ്ചായത്ത് മണ്ഡലങ്ങളില്‍ യുഡിഎഫിനു പ്രധാന വിമതഭീഷണിയുള്ളതും റാന്നിയിലാണ്. പത്തനംതിട്ട, അടൂര്‍, തിരുവല്ല നഗരസഭ വാര്‍ഡുകളിലും വിമതഭീഷണികള് നിലനില്ക്കുന്നു.
പിന്മാറിയില്ലെങ്കില് ആറുവര്‍ഷത്തേക്ക് പുറത്താക്കും: ഡിസിസി
കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ഥികള്‍ ഇന്ന് രണ്ടിനകം സ്ഥാനാര്‍ഥിത്വം പിന്‍വലിച്ച് ഡിസിസി യെ അറിയിക്കണമെന്നും പിന്‍വലിക്കാത്തവര്‍ക്കെതിരെ അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയാത്ത വിധം ആറുവര്‍ഷത്തേക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്നും പത്തനംതിട്ട ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ് അറിയിച്ചു.
കോണ്‍ഗ്രസ് നേതാക്കളുടെ യോഗം സ്ഥാനാര്‍ഥി പട്ടിക അന്തിമമായി അംഗീകരിച്ചു. മണ്ഡലം, ബ്ലോക്ക് സ്ക്രീനിംഗ് കമ്മിറ്റികളുടെയും ജില്ലാ സ്ക്രീനിംഗ് കമ്മിറ്റിയുടെയും പരിശോധനകള്‍ക്കുശേഷമാണ് സ്ഥാനാര്‍ഥി പട്ടികയ്ക്ക്് അന്തിമരൂപം നല്‍കിയത്.
തെരഞ്ഞെടുപ്പ് വിശകലനത്തിനായി കൂടിയ ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ യോഗത്തില്‍ ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ് അധ്യക്ഷത വഹിച്ചു.