തുറവൂർ: തെരഞ്ഞെടുപ്പിനു ശേഷവും സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് കോൺഗ്രസിലും സിപിഎമ്മിലും അസ്വാരസ്യങ്ങൾ തുടരുന്നു.
സിപിഎം കേന്ദ്ര തീരുമാനങ്ങൾക്ക് വിരുദ്ധമായി ചിലർ ഗ്രാമ പഞ്ചായത്തിലേക്ക് തുടർച്ചയായി മത്സരിച്ചതാണ് പാർട്ടിയിൽ വിഭാഗീയത രൂക്ഷമാക്കിയിരിക്കുന്നത്.
മൂന്നു പ്രാവശ്യം മത്സരിച്ചവരെ തെരഞ്ഞെടുപ്പിൽ നിന്ന് മാറ്റി നിർത്തും എന്ന സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം നിലനിൽക്കെ പലരും മത്സരരംഗത്ത് ഇറങ്ങിയത് അണികൾക്കിടയിൽ രൂക്ഷമായ അഭിപ്രായ വ്യത്യാസം ഉണ്ടാക്കിയിട്ടുണ്ട്.
ഇതേ തുടർന്ന് പാർട്ടി പ്രവർത്തകർ തന്നെ പാർട്ടി സ്ഥാനാർഥികൾക്കെതിരേ വോട്ട് ചെയ്താൽ പല വാർഡുകളിലേയും കണക്കുകൂട്ടലുകൾ തെറ്റും. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം പാർട്ടികളിൽ ഇത് പൊട്ടിത്തെറിക്ക് കാരണമാകും.
കോൺഗ്രസിലും ഇത്തരം വിഭാഗീയത ശക്തമായി നിലനിൽക്കുകയാണ്. പുതുതായുള്ളവർക്കു മത്സരിക്കുവാൻ സീറ്റ് നൽകാതെ തുടർച്ചയായി പല സ്ഥാനാർഥികൾ മത്സരിച്ചത് അണികൾക്കിടയിൽ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
ചില നേതാക്കളുടെ അണികളെ തുടർച്ചയായി മത്സരിപ്പിച്ചത് ചർച്ചാവിഷയമായിട്ടുണ്ട്. ഇത് വരും ദിവസങ്ങളിൽ പാർട്ടിയിൽ പൊട്ടിത്തെറിക്ക് തന്നെ കാരണമാകും.
കോൺഗ്രസിലെ ചില സീനിയർ നേതാക്കൾ തന്നെ റിബൽ സ്ഥാനാർഥികൾക്ക് വേണ്ടി ഒളിഞ്ഞും തെളിഞ്ഞും പ്രവർത്തിച്ചെന്ന് പറയപ്പെടുന്നു.