സി.സി.സോമൻ
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി പ്രവർത്തനം താളം തെറ്റി. ഇതിനിടെ ട്രഷറി നിയന്ത്രണംകൂടി ഏർപ്പെടുത്തിയതോടെ ഇക്കുറി പല തദ്ദേശ സ്ഥാപനങ്ങൾക്കും കൂടുതൽ തുക ചെലവഴിക്കാൻ കഴിയാതെ വന്നേക്കും. കഴിഞ്ഞ 15 ദിവസമായി ഒരു ലക്ഷത്തിലധികമുള്ള ബില്ലുകൾ ട്രഷറിയിൽ നിന്ന് മാറികിട്ടുന്നില്ല. ബില്ലുകൾ കുമിഞ്ഞു കൂടുകയാണ്.
പദ്ധതി പൂർത്തിയായിട്ട് കാര്യമില്ല. ബില്ല് മാറിയാൽ മാത്രമേ അത്രയും തുക ചെലവഴിച്ചതായി കണക്കാക്കാനാവു. മറ്റൊന്ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ടെൻഡർ നടപടി നടത്താനാവില്ല എന്നതാണ്. പുതിയ പ്രവൃത്തികളും തുടങ്ങാനാവില്ല. ഇതുവരെ ടെൻഡർ ചെയ്യാത്ത വർക്കുകൾക്ക് ടെൻഡർ ഇനി നടക്കില്ല. അതുപോലെ ടെൻഡർ ചെയ്തെങ്കിലും തുടങ്ങാത്ത ജോലികൾ ഇനി തുടങ്ങാൻ കഴിയില്ല.
ഉദ്യോഗസ്ഥരെ കിട്ടാൻ ബുദ്ധിമുട്ടാണെന്നതാണ് മറ്റൊന്ന്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഉദ്യോഗസ്ഥരെല്ലാം തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലാണ്. പ്രത്യേകിച്ച് റവന്യു വിഭാഗം ഉദ്യോഗസ്ഥർക്ക് മറ്റു ഡ്യൂട്ടികൾ ലഭിച്ചാൽ അത് പദ്ധതി പ്രവർത്തനത്തെ സാരമായി ബാധിക്കും. ഇപ്പോൾ ഇവർക്ക് ഡ്യൂട്ടിക്ക് മുൻപുള്ള പരിശീലന കാലമാണ്.
ഇതിനെല്ലാം പുറമെ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളിൽ ഭൂരിപക്ഷവും രാഷ്ട്രീയക്കാരാണ്. ഇതിൽ വൻ നേതാക്കൾ വരെയുണ്ട്. ഇവരിൽ ചിലർ സ്ഥാനർഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുക്കാൻ പിടിക്കുന്നവരുമാണ്. ഇതെല്ലാം പദ്ധതി പ്രവർത്തനത്തെ ബാധിക്കും. കാര്യക്ഷമമായി പദ്ധതി പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കാതെ വരുമെന്ന കാര്യത്തിൽ സംശയമില്ല.