ആലപ്പുഴ: മുത്തേ പൊന്നേ പിണങ്ങല്ലേ…, ചാലക്കുടി ചന്തയ്ക്കു പോകുന്പോൾ…, നമ്മളുകൊയ്യും വയലെല്ലാം…, എന്റമ്മേടെ ജിമിക്കി കമ്മൽ…-തുടങ്ങി പ്രശസ്ത ഗാനങ്ങളുടെ ഈണങ്ങളെല്ലാം വോട്ടുതേടാനുള്ള അടവുകളിലൊന്നായിക്കഴിഞ്ഞു.
ഗ്രാമ-നഗര വ്യത്യാസമില്ലാതെ ജനപ്രിയ ഈണങ്ങളിലുള്ള രാഷ്ട്രീയ പാരഡി പാട്ടുകൾ ഓരോ സ്ഥാനാർഥിക്കും വേണ്ടി ഒഴുകിയെത്തുകയാണ്.
സിനിമ-ഭക്തി-നാടൻ പാട്ടുകളെന്ന വ്യത്യാസമില്ലാതെ ഒട്ടുമിക്ക പാട്ടുകളും ഇന്ന് സ്ഥാനാർഥികളുടെയും മുന്നണികളുടെയും സ്വന്തമായി.
ജനശ്രദ്ധയാകർഷിച്ച പാട്ട്, കേട്ടാൽ വോട്ടുചെയ്യണമെന്നു തോന്നുന്ന വരികൾ, പാർട്ടിയുടെ പ്രവർത്തനങ്ങൾ, വരുംകാല ലക്ഷ്യങ്ങൾ, മണ്ഡലത്തിന്റെ പ്രത്യേകതകൾ-തുടങ്ങി പാട്ടുമുഴുവൻ തെരഞ്ഞെടുപ്പുമയമാണ്.
പാട്ടിലുൾപ്പെടുത്തേണ്ട കാര്യങ്ങൾ വരെ പലരും തീരുമാനിച്ചുവച്ചിരുന്നു. സ്ഥാനാർഥിയെത്തിയില്ലെങ്കിൽ പോലും പാട്ടിലൂടെ സ്ഥാനാർഥിയെ ഭംഗ്യന്തരേണ അവതരിപ്പിക്കുന്നു.
ആദ്യനാളുകളിൽ ഇറക്കിയ പാട്ടുകളിൽ നിന്നും വ്യത്യസ്തമായി പ്രചാരണത്തിന്റെ അവസാനത്തോടടുക്കുന്പോൾ പാട്ടുകൾ പുതുക്കിയിട്ടുണ്ട്.
പാരഡികൾക്കൊപ്പം പുതിയ വരികളും പുതിയ ഈണങ്ങളും ഇറക്കിയിട്ടുണ്ട്. പിന്നണിഗായകരടക്കം പാടിയതും സജീവമാണ്. നാലായിരം മുതൽ പതിനായിരത്തിനടുത്തു വരെ ചെലവിട്ടാണ് പലരും പാട്ടുകൾ ഇറക്കിയിരിക്കുന്നതും.