സ്വന്തം ലേഖകന്‍
കൊണ്ടോട്ടി: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ തെളിവ് ഹാജരാക്കാതെ ലഭിച്ച അപേക്ഷകള്‍ ഏറെ.ഇവ തീര്‍പ്പാക്കാൻ തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ വലയുകയാണ്.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടര്‍പട്ടിക തയാറാക്കുന്നതിനിടയിലാണ് രാഷ്ട്രീയ പാര്‍ട്ടിപ്രതിനിധികളും മറ്റും തെളിവ് ഹാജരാക്കാതെ നല്കിയ അപേക്ഷകൾ ആശയക്കുഴപ്പമുണ്ടാക്കുന്നത്.
ജന്മസ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് സ്ഥലം മാറിയവരുടെ വോട്ടുകളാണ് പ്രധാനമായും നീക്ക് ചെയ്യാന്‍ ആവശ്യപ്പെട്ട് പരാതി ലഭിച്ചിട്ടുളളത്.
വിവാഹത്തിന് ശേഷം വാര്‍ഡ് മാറിയവര്‍,ജോലി ആവശ്യാര്‍ത്ഥം സ്ഥലം മാറിയവര്‍,കുടുംബ സമേതം താമസം മാറിയവര്‍,മരണപ്പെട്ടവര്‍ തുടങ്ങിയവരുടെ പേരുകളാണ് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്ക് ചെയ്യാനായി അപേക്ഷകള്‍ ലഭിച്ചത്.
ഒരാളുടെ വോട്ട് നിശ്ചിത വാര്‍ഡില്‍ നിന്ന് നീക്കം ചെയ്യണമെങ്കില്‍ ഇയാള്‍ക്ക് മറ്റൊരിടത്ത് വോട്ടുണ്ടെന്ന് തെളിവ് ഹാജരാക്കണം. എന്നാല്‍ വോട്ടര്‍ പട്ടികയില്‍ പേര് നീക്കം ചെയ്യാന്‍ തദ്ദേശ സ്ഥാപനങ്ങളില്‍ ലഭിച്ച ഇത്തരം പരാതികളില്‍ മിക്കവയിലും തെളിവ് ഹാജരാക്കപ്പെട്ടിട്ടില്ല.
അഞ്ച് വര്‍ഷം മുമ്പ് സ്ഥലം മാറിയവരുടെ വോട്ടുകള്‍ വരെ നീക്കം ചെയ്യാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. പല അപേക്ഷകളിലും വ്യക്തികള്‍ താമസിക്കുന്നത് നിശ്ചിത വാര്ഡിലല്ലെന്ന് മാത്രമാണ് തെളിവ് നല്‍കിയിട്ടുളളത്.
ഓരോ തദ്ദേശ സ്ഥാപനങ്ങളിലും വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്യാനായി മാത്രം ലഭിച്ചത് ആയിരം മുതല്‍ രണ്ടായിരം വരെ അപേക്ഷകളാണ്.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടര്‍പട്ടിക ഈ മാസം 26 നാണ് പ്രസിദ്ധീകരിക്കുന്നത്. കഴിഞ്ഞ ജൂണില്‍ പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് 4,34,317 വോട്ടര്‍മാരെ ഒഴിവാക്കിയിരുന്നു.