തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സംസ്ഥാനത്തെ അന്തിമ വോട്ടർ പട്ടികയിൽ 2,77,49,159 വോട്ടർമാർ. ജനുവരി 22ന് പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയിൽനിന്ന് 6,49,833 വോട്ടർമാരുടെ വർധനവുണ്ടായി. അതേസമയം, വോട്ടർ പട്ടിക ശുദ്ധീകരണത്തിൽ 2,01,417 പേർ ഒഴിവായി. പട്ടികയിലുള്ള 18-19 പ്രായക്കാരായ കന്നിവോട്ടർമാർ 5,34,394 പേരാണ്.
ആകെ വോട്ടർമാരിൽ 1.43 കോടി സ്ത്രീകളും 1.34 കോടി പുരുഷന്മാരുമാണ്. സ്ത്രീ വോട്ടർമാരിൽ 3,36,770 പേരുടെയും പുരുഷ വോട്ടർമാരിൽ 3,13,005 പേരുടെയും വർധനയുണ്ട്. ആകെ ഭിന്നലിംഗ വോട്ടർമാർ-367. സ്ത്രീ-പുരുഷ അനുപാതം 1,000: 1,068.
കൂടുതൽ വോട്ടർമാരുള്ള ജില്ല മലപ്പുറമാണ്- 33,93,884. കുറവ് വയനാട്ടിലും- 6,35,930. ആകെ പ്രവാസി വോട്ടർമാർ-89,839. പ്രവാസി വോട്ടർമാർ കൂടുതലുള്ള ജില്ല- കോഴിക്കോട്-35,793. 80 വയസിന് മുകളിലു ള്ള 6,27,045 വോട്ടർമാരുണ്ട്.
വോട്ടർപട്ടികയിൽ പേര് ചേർക്കാൻ കഴിയാതെ പോയവർക്ക് മാർച്ച് 25 വരെ അപേക്ഷ സമർപ്പിക്കാൻ അവസരം നൽകിയിരുന്നു. വോട്ടർ പട്ടിക ശുദ്ധീകരണത്തിന്റെ ഭാഗമായി സ്പെഷൽ സമ്മറി റിവിഷൻ കാലയളവിൽ സോഫ്റ്റ്വേർ മുഖേന കണ്ടെത്തിയ സ്ഥലപരമായി സമാനതയുള്ള എൻട്രികൾ, സമാനമായ ഫോട്ടോ എൻട്രികൾ എന്നിവ ബിഎൽഒ മാർ വഴി പരിശോധിച്ച് ഒഴിവാക്കിയിരുന്നു.
അന്തിമ വോട്ടർപട്ടിക സംബന്ധിച്ച പരാതികളും ആക്ഷേപങ്ങളും പരിഹരിച്ചും മാർച്ച് 25വരെ ലഭിച്ച വിവിധ അപേക്ഷകൾ പരിഗണിച്ചുമാണ് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ലോക്സഭാ മണ്ഡലം തിരിച്ചുള്ള വോട്ടർമാരുടെ വിവരം
തിരുവനന്തപുരം- 14,30,531
ആറ്റിങ്ങൽ- 13,96,807
കൊല്ലം- 13,26,648
പത്തനംതിട്ട-14,29,700
മാവേലിക്കര-13,31,880
ആലപ്പുഴ-14,00,083
കോട്ടയം-12,54,823
ഇടുക്കി-12,50,157
എറണാകുളം-13,24,047
ചാലക്കുടി-13,10,529
തൃശൂർ-14,83,055
ആലത്തൂർ-13,37,496
പാലക്കാട്-13,98,143
മലപ്പുറം-14,79,921
കോഴിക്കോട്-14,29,631
വയനാട്-14,62,423
വടകര-14,21,883
കണ്ണൂർ-13,58,368
കാസർഗോഡ്-14,52,230