ബിജു കുര്യൻ
ദേശീയ രാഷ്ട്രീയത്തിൽത്തന്നെ ശ്രദ്ധേയമാണ് ഇത്തവണ പത്തനംതിട്ട ലോക്സഭാ മണ്ഡലം. ശബരിമല ഉൾപ്പെടുന്ന മണ്ഡലമാണു പത്തനംതിട്ട. അതുകൊണ്ടുതന്നെ ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയകക്ഷികൾ സ്വീകരിച്ച നിലപാടുകൾക്ക് പത്തനംതിട്ടയിലെ ജനകീയ കോടതിയുടെ വിധി ശ്രദ്ധേയമാകും.
പത്തനംതിട്ട മണ്ഡലത്തിനു സ്വന്തമായി രണ്ടു തെരഞ്ഞെടുപ്പുകളുടെ ചരിത്രമേയുള്ളൂ. 2009ലെ തെരഞ്ഞെടുപ്പിലാണ് ആദ്യമായി പത്തനംതിട്ട കേന്ദ്രമാക്കി ഒരു ലോക്സഭാ മണ്ഡലം രൂപീകൃതമായത്. അന്നും 2016ലും മണ്ഡലത്തെ പ്രതിനിധീകരിച്ചത് കോണ്ഗ്രസിലെ ആന്റോ ആന്റണിയാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ പത്തനംതിട്ട മണ്ഡലത്തിൽ മത്സരിക്കണമെന്ന് എൽഡിഎഫും യുഡിഎഫും ആവശ്യപ്പെട്ടു കഴിഞ്ഞു. പത്തനംതിട്ടയിൽ ഇത്തവണ വിജയമാണ് ലക്ഷ്യമെന്നു ബിജെപി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കെപിസിസി പ്രചാരകസമിതി അധ്യക്ഷൻ കെ. മുരളീധരനും മോദിയെ മത്സരിപ്പിക്കാൻ വെല്ലുവിളി നടത്തിയത്.
പത്തനംതിട്ട ജില്ലയിലെ അഞ്ചും കോട്ടയം ജില്ലയിലെ രണ്ടും നിയമസഭാ മണ്ഡലങ്ങൾ ചേർന്നുള്ള ഈ ലോക്സഭാ മണ്ഡലം വലതുപക്ഷത്തിന് വളക്കൂറുള്ള മണ്ണായി വിലയിരുത്തപ്പെടുന്നു. രണ്ട് തെരഞ്ഞെടുപ്പുകളിലും യുഡിഎഫ് അതു തെളിയിക്കുകയും ചെയ്തു. 2009ൽ യുഡിഎഫ് നേടിയത് 1,11,206 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നെങ്കിൽ അതേ ആന്റോ ആന്റണി കഴിഞ്ഞതവണ മത്സരിച്ചപ്പോൾ ഭൂരിപക്ഷം 56,191 ലേക്ക് കുറഞ്ഞതാണ് എൽഡിഎഫിന്റെ പ്രതീക്ഷാഘടകം.
2014ൽ എഐസിസി അംഗമായിരുന്ന പീലിപ്പോസ് തോമസിനെ കോണ്ഗ്രസ് പാളയത്തിൽനിന്ന് അടർത്തിയെടുത്ത് എൽഡിഎഫ് സ്വതന്ത്രനായി മത്സരിപ്പിക്കുകയായിരുന്നു. ഭൂരിപക്ഷം പകുതിയായി കുറഞ്ഞുവെങ്കിലും മണ്ഡലത്തിലെ എല്ലാ നിയമസഭ മണ്ഡലങ്ങളിലും യുഡിഎഫിനായിരുന്നു ലീഡ്.
എന്നാൽ 2016ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ആറന്മുള, തിരുവല്ല, റാന്നി, അടൂർ മണ്ഡലങ്ങൾ എൽഡിഎഫിനു വൻ ഭൂരിപക്ഷം നൽകി. കോന്നിയിലും കാഞ്ഞിരപ്പള്ളിയിലും മാത്രമേ യുഡിഎഫിന് ലീഡ് നേടാനായുള്ളൂ. യുഡിഎഫ് പക്ഷത്തുനിന്നു മാറി സ്വതന്ത്രനായി മത്സരിച്ച പി.സി. ജോർജ് 2016ൽ പൂഞ്ഞാറിൽ 27,821 വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്തു.
ബിജെപിയുടെ വോട്ട് നില മണ്ഡലത്തിൽ ഉയരുകയാണ്. 2009ലെ 56294 വോട്ട് 2014ൽ 1,38,594 ആയി. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേടിയത് 1,91,576 വോട്ട്. ബിജെപി സ്ഥാനാർഥിയെ സംബന്ധിച്ച ചർച്ചകൾ എങ്ങുമെത്തിയിട്ടില്ല. സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശിനാണ് മുൻതൂക്കം. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, പന്തളം കൊട്ടാരം നിർവാഹകസംഘം പ്രസിഡന്റ് ശശികുമാരവർമ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്.
യുഡിഎഫിൽ സിറ്റിംഗ് എംപി ആന്റോ ആന്റണി മൂന്നാം അങ്കത്തിനുള്ള തയാറെടുപ്പിലാണ്. എന്നാൽ പ്രാദേശികവാദവുമായി പത്തനംതിട്ട ഡിസിസി രംഗത്തുണ്ട്. എൽഡിഎഫിൽ ഘടകകക്ഷി നേതാക്കളെ മത്സരിപ്പിക്കുന്നതും ആലോചനയിലാണ്.
മുന്പ് പത്തനംതിട്ട കൂടി ഉൾപ്പെട്ടിരുന്ന ഇടുക്കിയുടെ എംപിയായിരുന്ന കെ. ഫ്രാൻസിസ് ജോർജിനുവേണ്ടി ജനാധിപത്യ കേരള കോണ്ഗ്രസ് അവകാശമുന്നയിക്കുന്നു. ജനതാദൾ – എസ്, എൻസിപി കക്ഷികളും മണ്ഡലത്തിന് അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. സിപിഎം തന്നെ മത്സരിച്ചാൽ മുൻ എംഎൽഎ കെ.ജെ. തോമസ് സ്ഥാനാർഥിയാകുമെന്നാണു സൂചന.