ബിജു കുര്യൻ
പത്തനംതിട്ട: പ്രചാരണം അന്തിമഘട്ടത്തിലായിരിക്കെ പത്തനംതിട്ട മണ്ഡലത്തിൽ കണക്കിൽ ഊന്നിയ കളികളിൽ മുൻതൂക്കം അവകാശപ്പെട്ട് മൂന്ന് മുന്നണികളും. സ്ഥാനാർഥി പര്യടനങ്ങൾ പൂർത്തീകരിച്ച് കൊട്ടിക്കലാശത്തിനു തയാറെടുക്കുന്പോഴും ത്രികോണ മത്സരത്തിന്റെ ചൂടിനു കുറവില്ല. പ്രചാരണ രംഗത്തെ ആവേശവും ആൾക്കൂട്ടവും വോട്ടായി മാറുമോയെന്നതാണ് ഇപ്പോഴത്തെ വിഷയം.
സ്ഥാനാർഥി പര്യടനങ്ങൾ വലിയ ആഘോഷമായി മാറ്റുകയായിരുന്നു എൽഡിഎഫും എൻഡിഎയും. സ്ത്രീ പങ്കാളിത്തം സ്വീകരണ പരിപാടികളിൽ കൂടുതൽ ഉറപ്പാക്കാനും എൽഡിഎഫും എൻഡിഎയുമാണ് ശ്രമിച്ചത്. രാഹുൽഗാന്ധിയുടെ സന്ദർശനത്തോടെ യുഡിഎഫ് തങ്ങളുടെ ശക്തി തെളിയിച്ചു.
മറുപടി നൽകാൻ അമിത്ഷായെ ഇന്ന് എൻഡിഎ രംഗത്തിറക്കുകയാണ്. പതിവുപോലെ പ്രചാരണരംഗത്ത് ഏകോപനക്കുറവ് യുഡിഎഫിനു തുടക്കത്തിൽ ഉണ്ടായിരുന്നു. എന്നാൽ രാഹുൽഗാന്ധിയുടെ വരവോടെ പ്രവർത്തകർ കുറെക്കൂടി സജീവമായി. സ്ഥാനാർഥിയുടെ പര്യടനം എല്ലാ മേഖലയിലും പ്രവർത്തനങ്ങളിൽ ഉണർവ് വരുത്തിക്കൊണ്ടായിരുന്നു. പ്രചാരണരംഗത്ത് ആദ്യമെത്തിയതാണ് എൽഡിഎഫിനു നേട്ടമായത്. എല്ലാ മേഖലയി്ലും കൂടുതൽ സമയം അവർക്കു ലഭിച്ചു. എൻഡിഎ തെരഞ്ഞെടുത്ത കേന്ദ്രങ്ങളിലൂടെയായിരുന്നു യാത്ര.
മണ്ഡലം രൂപീകരണത്തിനുശേഷം നടന്ന രണ്ട് ലോക്സഭ തെരഞ്ഞെടുപ്പുകളിലും യുഡിഎഫിനായിരുന്നു ലീഡ്. എൽഡിഎഫിനും ബിജെപിക്കും 2014ൽ വോട്ട് വർധിച്ചപ്പോൾ വിജയിച്ച യുഡിഎഫിന് വോട്ട് കുറഞ്ഞു. 2016 നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ വോട്ടിൽ വീണ്ടും ചോർച്ചയുണ്ടായി. ഇത്തരത്തിൽ കണക്കിലെ കളികളിൽ ഊന്നിയുള്ള പ്രതീക്ഷകളിലാണ് മുന്നണികൾ.
എന്നാൽ ഇത്തവണ അടിസ്ഥാനപരമായ മൂന്ന് മുന്നണികളുടെയും വോട്ടുകളിൽ വർധനയും കുറവുകളും ഉണ്ടാകും. ശബരിമല പ്രശ്നം മുൻനിർത്തി പ്രചാരണം നയിച്ച എൻഡിഎയ്ക്ക് വോട്ട് കൂടുമെങ്കിൽ അത് ഏതു മുന്നണിക്ക് കൂടുതൽ ദോഷമുണ്ടാക്കുമെന്നതാണ് ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നത്. ത്രികോണ മത്സരം ശക്തമായപ്പോൾ മൂന്ന് മുന്നണികളും വിജയപ്രതീക്ഷയിലാണ്. സർവേ ഫലങ്ങൾ യുഡിഎഫിന് ആശ്വാസം പകരുന്നുണ്ടെങ്കിലും എൽഡിഎഫും ബിജെപിയും സർവേകളെ തന്നെ അംഗീകരിച്ചിട്ടില്ല.
അവസാനദിനങ്ങളിൽ പരമാവധി വോട്ടർമാരെ കൂടെ ഉറപ്പിച്ചു നിർത്തുന്നതിലേക്ക് വിവിധ സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും പിന്തുണയ്ക്കുള്ള ശ്രമമുണ്ട്. പരന്പരാഗതമായി മൂന്ന് മുന്നണികളെയും പിന്തുണച്ചിരുന്ന വോട്ടുകളെ സംബന്ധിച്ചാണ് തർക്കം. രാഷ്ട്രീയമായ മത്സരത്തേക്കാളുപരി പത്തനംതിട്ടയിലുണ്ടായ ചേരിതിരിവ് പുറംലോകവും ഏറെ കൗതുകത്തോടെയാണ് കാണുന്നത്. പ്രചാരണ രംഗത്തെ ആവേശവും ആൾക്കൂട്ടവും വോട്ടായി മാറുമോയെന്നതാണ് ഇപ്പോഴത്തെ വിഷയം.
13 ലക്ഷം വോട്ടർമാർ
13,82,741 ആണ് പത്തനംതിട്ട മണ്ഡലത്തിൽ ആകെ വോട്ടർമാർ. ഇതിൽ 10 ലക്ഷം വോട്ടു നടന്നാൽ മൂന്ന് മുന്നണികൾക്കായി വീതിക്കപ്പെടാവുന്ന വോട്ടുകളെ സംബന്ധിച്ചാണ് ഇപ്പോഴത്തെ കണക്കെടുപ്പ്. ഇതിന് ഉപോൽബലകമായി സ്വീകരിച്ചിരിക്കുന്ന ഘടകങ്ങളിൽ പ്രധാനം രാഷ്ട്രീയമല്ലെന്നത് ഏറെ ശ്രദ്ധേയം.
2014ൽ 8,69,542 വോട്ടുകളാണ് പോൾ ചെയ്തത്. ഇതിൽ യുഡിഎഫ് നേടിയത് 3.58.842 വോട്ടാണ്. എൽഡിഎഫിന് 3,02,651 വോട്ടും ബിജെപിക്ക് 1,38,954 വോട്ടും ലഭിച്ചു. 2016 നിയമസഭ തെരഞ്ഞെടുപ്പായപ്പോഴേക്കും ബിജെപിക്കൊപ്പം ബിഡിജഐസ് ഉൾപ്പെടെ സഖ്യകക്ഷികളാകുകയും രാഷ്ട്രീയമായി അവർ ശക്തിപ്രാപിക്കുകയും ചെയ്തിരുന്നു. 2014 ലോക്സഭയിലേക്ക് പത്തനംതിട്ടയിലുൾപ്പെടുന്ന എല്ലാ നിയമസഭ മണ്ഡലങ്ങളിലും മുന്നിലെത്തിയ യുഡിഎഫ് നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ചത് രണ്ട് മണ്ഡലങ്ങളിൽ മാത്രം.
ഏഴ് മണ്ഡലങ്ങളിലും കൂടി യുഡിഎഫിനു ലഭിച്ചത് 3,64,728 വോട്ട്. എൽഡിഎഫിന് 3,67,928 വോട്ട് ലഭിച്ചു. ബിജെപി 1,91,656 വോട്ടും നേടി. എൽഡിഎഫും ബിജെപിയും നേടിയ വോട്ടുകൾ മണ്ഡലത്തിന്റെ ചരിത്രത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു.