പത്തനംതിട്ട: അധ്യക്ഷ സ്ഥാനം ജില്ലയിൽ വനിതകൾക്കായി സംവരണം ചെയ്തിരുന്നത് 27 ഗ്രാമപഞ്ചായത്തുകളിലാണ്.
ഇതിൽ 24 ഗ്രാമപഞ്ചായത്ത് അധ്യക്ഷ സ്ഥാനം വനിത ജനറലും മൂന്നിടത്ത് പട്ടികജാതി വനിതാ സംവരണവുമായിരുന്നു. എന്നാൽ ജില്ലയിലെ 53 ഗ്രാമപഞ്ചായത്തുകളിൽ 31 ലും ഇത്തവണ വനിതാ പ്രസിഡന്റുമാരാണ് അധികാരമേറ്റത്.
അധ്യക്ഷസ്ഥാനത്തു സംവരണമില്ലാതിരുന്നിട്ടും നാല് ഗ്രാമപഞ്ചായത്തുകളിൽ കൂടി വനിതകൾ പ്രസിഡന്റുമാരായി. എട്ട് ഗ്രാമപഞ്ചായത്തുകളിൽ അധ്യക്ഷയും ഉപാധ്യക്ഷയും വനിതകളാണ്.
അധ്യക്ഷ സ്ഥാനം വനിതാ സംവരണമെങ്കിൽ ഉപാധ്യക്ഷ സ്ഥാനം ജനറലായിരിക്കണമെന്നാണ് വ്യവസ്ഥ. ഇത്തരത്തി്ൽ ജനറൽ ഉപാധ്യക്ഷ സ്ഥാനത്ത് മൂന്ന് വനിതകളെത്തിയിട്ടുണ്ട്.
വനിതകൾ തന്നെ അധ്യക്ഷ, ഉപാധ്യക്ഷ പദവികളിലുള്ളത് പുറമറ്റം, കലഞ്ഞൂർ, മെഴുവേലി, അരുവാപ്പുലം, കോഴഞ്ചേരി, കടപ്ര, റാന്നി, കോയിപ്രം ഗ്രാമപഞ്ചായത്തുകളിലാണ്.
സംവരണത്തിനു പുറത്ത് വനിതകൾ അധ്യക്ഷ പദവി കൈയടക്കിയ ഗ്രാമപഞ്ചായത്തുകൾ പുറമറ്റം, കോഴഞ്ചേരി, റാന്നി, കടപ്ര എന്നിവയാണ്.
ഇതിൽ കടപ്ര പട്ടികജാതി ജനറൽ വിഭാഗം സംവരണപട്ടികയിലായിരുന്നു. ഉപാധ്യക്ഷ സ്ഥാനം ജനറൽ പട്ടികയിലായിരുന്നെങ്കിലും വനിതകൾ സ്വന്തമാക്കിയ ഗ്രാമപഞ്ചായത്തുകൾ കലഞ്ഞൂർ, അരുവാപ്പുലം, കോയിപ്രം എന്നിവയാണ്.
ആറ് ബ്ലോക്കുകൾക്കും വനിതാ അധ്യക്ഷർ
ജില്ലയിലെ എട്ട് ബ്ലോക്ക് പഞ്ചായത്തുകളിൽ ആറിടത്തും വനിതകളാണ് അധ്യക്ഷർ. നാല് അധ്യക്ഷ സ്ഥാനങ്ങളും നാല് ഉപാധ്യക്ഷ സ്ഥാനങ്ങളുമാണ് വനിതകൾക്കു സംവരണം ചെയ്തിരുന്നത്.
എന്നാൽ സംവരണപട്ടികയ്ക്കു പുറത്ത് രണ്ടിടത്തു കൂടി വനിതകൾ അധ്യക്ഷരായെത്തി. ജനറൽ വിഭാഗത്തിൽ നിന്ന് ഒരു ഉപാധ്യക്ഷസ്ഥാനവും സ്വന്തമാക്കിയപ്പോൾ മൂന്ന് ബ്ലോക്ക് പഞ്ചായത്തുകളിൽ സന്പൂർണ വനിതാ ഭരണവുമായി.
ജനറൽ വിഭാഗത്തിലെ മല്ലപ്പള്ളി, പന്തളം ബ്ലോക്ക് പഞ്ചായത്തുകളുടെ അധ്യക്ഷ പദവിയാണ് വനിതകൾക്കു ലഭിച്ചത്. ഇലന്തൂരിലെ ഉപാധ്യക്ഷ സ്ഥാനവും വനിത സ്വന്തമാക്കി. മല്ലപ്പള്ളി, ഇലന്തൂർ, പന്തളം ബ്ലോക്ക് പഞ്ചായത്തുകളിൽ അധ്യക്ഷ, ഉപാധ്യക്ഷ സ്ഥാനങ്ങളിൽ വനിതകളാണ്.
ഭരണസാരഥ്യം വീട്ടമ്മമാർക്ക്
ഗ്രാമപഞ്ചായത്ത് അധ്യക്ഷ പദവിയിലേക്കെത്തുന്ന വനിതകളിൽ നല്ലൊരു പങ്കും വീട്ടമ്മമാരാണ്. ഇവരിൽ കുടുംബശ്രീ, ആശാ പ്രവർത്തകരുമുണ്ട്. പൊതുരംഗത്തു പ്രവർത്തിച്ചിരുന്നവരും അഭിഭാഷകയും അധ്യാപകരും വിദ്യാർഥിനികളുമൊക്കെയുണ്ട്.
ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് ഭരണസമിതികളിൽ മുന്പ് പ്രവർത്തിച്ച ഭരണപരിചയവുമായി അധ്യക്ഷ സ്ഥാനത്തേക്കെത്തിയ വനിതകളുമുണ്ട്.
തൊഴിലാളികളും വഴിയോര കച്ചവടവുമൊക്കെയായി കഴിഞ്ഞുവരവേ അപ്രതീക്ഷിതമായെത്തി പഞ്ചായത്ത് സ്ഥാനാർഥിത്വവും വിജയവും പിന്നാലെ കൈവന്ന പ്രസിഡന്റു പദവിയുമൊക്കെയാണ് അധികാരത്തിന്റെ കസേരയിലേക്കെത്തപ്പെട്ടവരുമുണ്ട്.