പത്തനംതിട്ട: യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ഥികളെ സംബന്ധിച്ച അന്തിമ തീരുമാനമാകുന്നു. എല്‍ഡിഎഫില്‍ സിപിഐ മത്സരിക്കുന്ന അടൂരില്‍ സിറ്റിംഗ് എംഎല്‍എ ചിറ്റയം ഗോപകുമാര്‍, മുന്‍ എംപി ചെങ്ങറ സുരേന്ദ്രന്, കെഎസ്ആര്‍ടിസി തൊഴിലാളി യൂണിയന് നേതാവ് ടി.ആര്. ബിജു എന്നിവരുടെ പേരുകളാണ് ജില്ലാ കൗണ്‍സിലും കമ്മിറ്റിയും അംഗീകരിച്ച് സംസ്ഥാന കൗണ്‍സിലിനു സമര്‍പ്പിച്ചത്. ചിറ്റയം ഗോപകുമാര്‍ രണ്ടു തവണ അടൂരില്‍ എംഎല്‍എ ആയിരുന്നു. മൂന്നു ടേം പൂര്‍ത്തീകരിച്ചവരെ മാറ്റിനിര്ത്താനാണ ്സിപിഐ തീരുമാനം. ഒരു തവണകൂടി ചിറ്റയത്തിനു സീറ്റ് ലഭിക്കാനാണ് സാധ്യത.
റാന്നി സീറ്റ്: അതൃപ്തിയിൽസിപിഎം ജില്ലാ കമ്മിറ്റിയും
റാന്നി മണ്ഡലം കേരള കോണ്‍ഗ്രസ് എമ്മിനു നല്‍കിയതുമായി ബന്ധപ്പെട്ട് ഇന്നലെ കൂടിയ സിപിഎം ജില്ലാ കമ്മിറ്റിയോഗത്തില്‍ ശക്തമായ എതിര്‍പ്പ്. സിപിഎം അഞ്ചുതവണ തുടര്‍ച്ചയായി വിജയിച്ച മണ്ഡലം വിട്ടുകൊടുക്കുന്നതിനെതിരെ ശക്തമായ എതിര്‍പ്പുണ്ടായി. സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം സിപിഎം സംസ്ഥാന സമിതിയംഗങ്ങളാണ ്യോഗത്തില്‍ റിപ്പോര്‍ട്ടു ചെയ്തത്.
ജില്ലാ സെക്രട്ടേറിയറ്റില്‍ എതിര്‍പ്പ് ഉണ്ടായെങ്കിലും സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം അംഗീകരിച്ചു. ആറന്മുളയില് വീണാ ജോര്‍ജിന്റെയും കോന്നയില്‍ കെ.യു. ജനീഷ് കുമാറിന്റെ സ്ഥാനാര്‍ഥിത്വം പാര്‍ട്ടി അംഗീകരിച്ചിട്ടുണ്ട്.
റാന്നിയിലെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിത്വം അംഗീകരിച്ച് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടണമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദേശിച്ചിട്ടുണ്ട്. റാന്നി ഏരിയാ കമ്മിറ്റിയെയും ഇതു ധരിപ്പിക്കും. ഇതിനിടെ റാന്നിയിലെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ സംബന്ധിച്ച തീരുമാനമായിട്ടില്ല.
ജില്ലാ പ്രസിഡന്റ് എന്‍.എം. രാജുവിന്റേതടക്കം പല പേരുകളും പരിഗണിച്ചെങ്കിലും തീരുമാനം പാര്‍ട്ടി ചെയര്മാന് ജോസ് കെ. മാണിക്കു വിട്ടിരിക്കുകയാണ്. ജില്ലയ്ക്കു പുറത്തുനിന്നു സ്ഥാനാര്‍ഥി വരുന്നതിനോടു നിയോജകമണ്ഡലം കമ്മിറ്റിക്കു താത്പര്യമില്ല. പൊതുസ്ഥാനാര്‍ഥിയെ അവതരിപ്പിക്കുന്നതും പരിഗണനയിലാണ്.
തിരുവല്ലയില്‍ മാത്യു ടി. തോമസ് തന്നെ
തിരുവല്ലയില്‍ ജനതാദള്‍ എസ് സ്ഥാനാര്‍ഥിയായി മാത്യു ടി.തോമസിനെ വീണ്ടും നിര്‍ദേശിച്ചു. എല്‍ഡിഎഫില്‍ ജനതാദള്‍ എസിനാണ് സീറ്റ്. മാത്യു ടി. തോമസ് തുടര്‍ച്ചയായ നാലാംതവണയാണ് തിരുവല്ലയില്‍ മത്സരിക്കുന്നത്. നേരത്തെ 1987ലും വിജയിച്ചിരുന്നു.