പത്തനംതിട്ട: ജില്ലയിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളിലും ഇടതു, വലത്, ബിജെപി മുന്നണികളുടെ സ്ഥാനാര്‍ഥികളായി. ഇന്നലെ കോണ്‍ഗ്രസും ബിജെപിയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ മണ്ഡലങ്ങളിലെ മത്സരച്ചിത്രം തെളിഞ്ഞു.
എല്ലാ മണ്ഡലങ്ങളിലും ത്രികോണ പോരാട്ടത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. മുന്നണി സ്ഥാനാര്‍ഥികള്‍ ഇന്നു നാമനിര്‍ദേശ പത്രിക നല്കിത്തുടങ്ങും. ആറന്മുളയില് വീണാ ജോര്‍ജും കോന്നിയില്‍ ജനീഷ് കുമാറും ഇന്നാണ് പത്രിക നല്‍കുന്നത്.
മത്സരരംഗത്തു സംസ്ഥാന നേതാക്കളും
ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ വരവോടെ കോന്നി മണ്ഡലം ഒരിക്കല്‍കൂടി ശ്രദ്ധേയമാകുന്നു. കൈവശമുള്ള അഞ്ച് മണ്ഡലങ്ങളും നിലനിര്‍ത്താന്‍ നാല് സിറ്റിംഗ് എംഎല്‍എമാരെ കളത്തിലിറക്കി പോരാട്ടം നടത്തുന്ന എല്‍ഡിഎഫിന് ബദലായി പട നയിക്കുന്ന യുഡിഎഫ് രണ്ടുതവണ എംഎല്‍എ ആയ കെ. ശിവദാസന്‍ നായരെയും മറ്റ് നാല് കന്നി അങ്കക്കാരെയുമാണ് രംഗത്തിറക്കിയിരിക്കുന്നത്.
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും ജില്ലാ പ്രസിഡന്റ് അശോകന് കുളനയും ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ. പത്മകുമാറും ജില്ലയിലെ മണ്ഡലങ്ങളില്‍ അണിനിരക്കുമ്പോള്‍ മറ്റൊരു മണ്ഡലത്തില്‍ കോണ്‍ഗ്രസ് വിട്ടെത്തിയ നവാഗതനും സീറ്റ് നല്കി.
കെപിസിസി ജനറല്‍ സെക്രട്ടറി കെ. ശിവദാസന്‍ നായരും സെക്രട്ടറി റിങ്കു ചെറിയാനും ജനതാദള്‍ -എസ് സംസ്ഥാന പ്രസിഡന്റ് മാത്യു ടി.തോമസും ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.യു. ജനീഷ് കുമാറും കേരള കോണ്‍ഗ്രസ് ജോസഫ് സംസ്ഥാന ഉന്നതാധികാരസമിതിയംഗം കുഞ്ഞുകോശി പോളും കേരള കോണ്‍ഗ്രസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രമോദ് നാരായണനും ജില്ലയിലെ സ്ഥാനാര്‍ഥികളുടെ കൂട്ടത്തിലുണ്ട്.
അടൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി എം.ജി. കണ്ണന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റും കോന്നിയിലെ റോബിന് പീറ്റര്‍ ഡിസിസി വൈസ് പ്രസിഡന്റുമാണ്. അടൂരിലെ ബിജെപി സ്ഥാനാര്‍ഥി പന്തളം പ്രതാപന് കോണ്‍ഗ്രസ് വിട്ടെത്തിയ ആളാണ്. കെപിസിസി മുന്‍ സെക്രട്ടറിയാണ് അദ്ദേഹം.
പത്രിക ഇന്നുമുതൽ
മുന്നണി സ്ഥാനാര്‍ഥികള്‍ ഇന്നു മുതല്‍ നാമനിര്‍ദേശ പത്രികകള്‍ നല്കിത്തുടങ്ങും. ഇന്നലെ ആറന്മുള മണ്ഡലം കണ്വന്ഷന് കൂടി പൂര്‍ത്തീകരിച്ചതോടെ എല്‍ഡിഎഫ് പ്രചാരണത്തിന്റെ അടുത്തഘട്ടത്തിലേക്ക് കടക്കുകയാണ്. മണ്ഡലത്തില്‍ പരമാവധി വോട്ടര്‍മാരെ നേരില്‍കാണാനുള്ള തിരക്കിലാണ് സ്ഥാനാര്‍ഥികള്‍. മൂന്നാഴ്ചയാണ് ഇനി സ്ഥാനാര്‍ഥികള്‍ക്കു മുമ്പിലുള്ളത്. പകല്‍ച്ചൂടിന്റെ കാഠിന്യവും കോവിഡ് ഭീതിയും കാരണം പ്രചാരണരംഗം ഏറെ ശ്രദ്ധയോടെ മുന്നോട്ടു കൊണ്ടുപോകേണ്ടിവരും.
മണ്ഡലങ്ങളില്‍ ത്രികോണ പോരാട്ടം: മണ്ഡലങ്ങള്‍, യുഡിഎഫ്,
എല്‍ഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ഥികള്‍.
ആറന്മുള – കെ. ശിവദാസന്‍ നായര്‍, വീണാ ജോര്‍ജ്, ബിജു മാത്യു
റാന്നി – റിങ്കു ചെറിയാന്, പ്രമോദ് നാരായണന്, കെ. പത്മകുമാര്‍
അടൂര്‍ – എം.ജി. കണ്ണന്, ചിറ്റയം ഗോപകുമാര്‍, പന്തളം പ്രതാപന്-
തിരുവല്ല – കുഞ്ഞുകോശി പോള്‍, മാത്യു ടി. തോമസ്, അശോകന്
കുളനട
കോന്നി – റോബിന് പീറ്റര്‍, കെ.യു. ജനീഷ് കുമാര്‍, കെ. സുരേന്ദ്രന്