ബിജു കുര്യന്
പത്തനംതിട്ടയില്‍ പഴയ പ്രതാപത്തിലേക്കു തിരികെ വരാന്‍ യുഡിഎഫും സമ്പൂര്‍ണ വിജയം ആഘോഷിക്കാന്‍ എല്‍ഡിഎഫും തയാറെടുക്കുമ്പോള്‍ ജില്ലയില്‍ അക്കൗണ്ട് തുറക്കാനുള്ള ശ്രമത്തില്‍ എന്‍ഡിഎ.അഞ്ച് നിയോജകമണ്ഡലങ്ങള്‍ മാത്രമാണ് പത്തനംതിട്ടയിലുള്ളതെങ്കിലും ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന ജില്ലകളിലൊന്നായി പത്തനംതിട്ട മാറി.
പ്രധാനമന്ത്രി നരേന്ദ്മോദി കൂടി നാളെ എത്തുന്നതോടെ കേരളത്തില്‍ പ്രചാരണം നടത്തിയ ദേശീയ നേതാക്കളില്‍ മിക്കവരും വന്നുപോയ ജില്ലയായി പത്തനംതിട്ട മാറി. രാഹുല്‍ഗാന്ധി, സീതാറാം യെച്ചൂരി, ജെ.പി. നഡ്ഡ, യോഗി ആദിത്യനാഥ്, സുഭാഷിണി അലി, വൃന്ദാ കാരാട്ട് തുടങ്ങിയവര്‍ പത്തനംതിട്ടയിലെത്തി.
എല്‍ഡിഎഫിലെ നാല് സിറ്റിംഗ് എംഎല്‍എമാരും യുഡിഎഫിലെ ഒരു മുന്‍ എംഎല്‍എയും ജില്ലയില്‍ മത്സരരംഗത്തുണ്ട്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് ജനവിധി തേടുന്ന കോന്നി അടക്കം സ്ഥാനാര്ഥിപ്പെരുമയില് ശ്രദ്ധേയം. ഉപതെരഞ്ഞെടുപ്പിലൂടെ നേടിയ കോന്നി അടക്കം അഞ്ച് മണ്ഡലങ്ങളും നിലനിര്‍ത്തുമെന്ന് എല്‍ഡിഎഫ് പറയുമ്പോഴും മൂന്ന് മണ്ഡലങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണമെന്ന നിര്‍ദേശം വന്നുകഴിഞ്ഞു.
യുഡിഎഫിന് അഞ്ച് മണ്ഡലങ്ങളും ബാലികേറാമലയെന്നു വ്യക്തമായിട്ടുണ്ട്. മൂന്ന് മണ്ഡലങ്ങളിലെ ഉറച്ച ജയസാധ്യതയാണ് പ്രവര്‍ത്തകരില്‍ ആവേശം കൂട്ടിയിട്ടുണ്ട്. കോന്നി ഇത്തവണ ജയിച്ചേ മതിയാകൂവെന്ന വാശിയിലുള്ള എന്‍ഡിഎ മറ്റു ചില മണ്ഡലങ്ങളില്‍ അട്ടിമറിയാണ് പ്രതീക്ഷിക്കുന്നത്.
ആറന്മുളയിൽ ആര് നേടും?
സംസ്ഥാനത്തുതന്നെ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള മണ്ഡലമാണ് ആറന്മുള. 2,37,351 വോട്ടര്‍മാര്‍ ഇത്തവണ ആറന്മുളയിലുണ്ട്. സിറ്റിംഗ് എംഎല്‍എ സിപിഎമ്മിലെ വീണാ ജോര്‍ജും മുന്‍ എംഎല്‍എ കോണ്‍ഗ്രസിലെ കെ. ശിവദാസന്‍ നായരും ബിജെപിയിലെ ബിജു മാത്യുവുമാണ് മത്സരരംഗത്തുള്ളത്.
ബിജെപി വോട്ടുകള്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന മണ്ഡലത്തിലെ പുതിയ പരീക്ഷണത്തിലാണ് പ്രധാന ശ്രദ്ധ. ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അരലക്ഷത്തിലധികം വോട്ടുകള്‍ ലഭിച്ച മണ്ഡലമാണ്. സാമുദായിക ധ്രുവീകരണം ശക്തമായി നടക്കാനിടയുള്ളതിനാല്‍ മൂന്ന് മുന്നണികളും ശ്രദ്ധാപൂര്‍വം കരുക്കള്‍ നീക്കുന്നു.
വോട്ടുകണക്കില്‍ യുഡിഎഫിന് ലോക്സഭയിലും തദ്ദേശ തെരഞ്ഞെടുപ്പിലും മേല്‍ക്കോയ്മ ഉണ്ടായപ്പോഴും നിയമസഭയിലേക്ക് സ്ഥാനാര്‍ഥിയുടെ വ്യക്തി ബന്ധങ്ങളും സ്വീകാര്യതയും ഉപയോഗപ്പെടുത്തി വിജയം ഉറപ്പിക്കാമെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷ. എന്നാല്‍ കഴിഞ്ഞതവണ ഉണ്ടായ പാളിച്ചയില്‍ നിന്നു പാഠം ഉള്‍ക്കൊണ്ട് യുഡിഎഫ് നീങ്ങുന്നത് ഏറെ കരുതലോടെയുമാണ്.
ഇടതിനും എന്‍ഡിഎയ്ക്കും ഒരേ സ്ഥാനാര്‍ഥികൾ
17 മാസങ്ങള്‍ക്കുള്ളില്‍ കോന്നി വീണ്ടും ബൂത്തിലേക്കു നീങ്ങുമ്പോള്‍ ഇടതിനും എന്‍ഡിഎയ്ക്കും ഒരേ സ്ഥാനാര്‍ഥികള്‍. 2019 ഒക്ടോബറില്‍ ഉപതെരഞ്ഞെടുപ്പിലൂടെ നിയമസഭാംഗമായ കെ.യു. ജനീഷ് കുമാറിനെ തന്നെ സിപിഎം വീണ്ടും മത്സരിപ്പിക്കുന്നു.
ജില്ലാ പഞ്ചായത്തംഗം റോബിന് പീറ്ററും (കോണ്‍ഗ്രസ്), ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനുമാണ് മറ്റു പ്രധാന സ്ഥാനാര്‍ഥികള്‍. ഓരോ മുന്നണിക്കും സ്വന്തമായ വോട്ടുകള്‍ക്ക് അക്കൗണ്ട് ഏറെക്കുറെ കൃത്യമാണെന്നതാണ് കോന്നിയുടെ പ്രത്യേകത. 2016 ല്‍ അടൂര്‍ പ്രകാശ് 20748 വോട്ടുകള്‍ക്കാണ് സിപിഎമ്മിലെ ആര്. സനല്‍ കുമാറിനെ പരാജയപ്പെടുത്തിയത്.
പ്രകാശിന്റെ തുടര്‍ച്ചയായ നാലാമത്തെ വിജയമായിരുന്നു അത്. ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പരാജയപ്പെട്ടത് 9953 വോട്ടുകള്‍ക്ക്. ബിജെപി വോട്ടുകള്‍ വിധി നിര്‍ണയാകമായ മണ്ഡലത്തില്‍ ഇത്തവണ സുരേന്ദ്രന്റെ ലക്ഷ്യം അട്ടിമറി വിജയം തന്നെയാണ്.
റാന്നി ഇക്കുറി ആർക്കൊപ്പം?
25 വര്‍ഷം സിപിഎമ്മിന്റെ കൈപ്പിടിയിലൊതുങ്ങി നിന്ന മണ്ഡലം രാജു ഏബ്രഹാം മാറിയതോടെ എല്‍ഡിഎഫിനു നിലനിര്‍ത്താനാകുമോയെന്നതാണ് റാന്നിയിലെ പ്രധാന ചോദ്യം. ശബരിമല ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ വിശ്വാസ ആചാര സംരക്ഷണ വിഷയങ്ങള്‍ കൂടി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.
രാഷ്ട്രീയ വോട്ടുകളേക്കാള്‍ മണ്ഡലത്തില്‍ വ്യക്തിഗത സ്വാധീനം നേരത്തെതന്നെ തെരഞ്ഞെടുപ്പുകളില്‍ പ്രതിഫലിക്കാറുണ്ട്. സിപിഎം മാറി കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥിയാണ് എല്‍ഡിഎഫിനുവേണ്ടി മത്സരിക്കുന്നത്.പ്രമോദ് നാരായണ്‍ (എല്‍ഡിഎഫ്), റിങ്കു ചെറിയാനും (യുഡിഎഫ്), കെ. പത്മകുമാറു (എന്‍ഡിഎ)മാണ് സ്ഥാനാര്‍ഥികള്‍.
രാജു ഏബ്രഹാം ഓരോ തെരഞ്ഞെടുപ്പിലും വര്‍ധിത ഭൂരിപക്ഷത്തോടെ നിലനിര്‍ത്തിവന്ന മണ്ഡലമാണ് റാന്നി. നിയമസഭയില്‍ പരാജയപ്പെടുമ്പോഴും ലോക്സഭയില്‍ യുഡിഎഫ് റാന്നിയില്‍ ലീഡ് നിലനിര്‍ത്തിവന്നു.കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ ആന്റോ ആന്റണി റാന്നിയില്‍ 6824 വോട്ട് എല്‍ഡിഎഫിനേക്കാള്‍ അധികം നേടി.
2016 നിയമസഭയിലേക്ക് എല്‍ഡിഎഫിലെ രാജു ഏബ്രഹാമിന് 14596 വോട്ടിന്റെ ഭൂരിപക്ഷമാണുണ്ടായിരുന്നത്. എന്‍ഡിഎ വോട്ടുകളില്‍ ക്രമാനുഗതമായ വര്‍ധന ഉള്ള മണ്ഡലമാണ്. 2016ല്‍ കെ. പത്മകുമാര്‍ തന്നെ സ്ഥാനാര്‍ഥിയായപ്പോള്‍ 28201 വോട്ടുകളാണ് ലഭിച്ചതെങ്കില്‍ 2019 ലോക്സഭയിലേക്ക് കെ. സുരേന്ദ്രന് 39560 വോട്ടുകള്‍ റാന്നിയില്‍ ലഭിച്ചു.
തിരുവല്ലയിൽ യുഡിഎഫിൽ ഐക്യം; എൽഡിഎഫിൽ ജാഗ്രത
തിരുവല്ല ഇത്തവണ നിലനിര്‍ത്താനൊരുങ്ങുന്ന എല്‍ഡിഎഫിന് ശക്തമായ വെല്ലുവിളിയാണ് യുഡിഎഫ് ഉയര്‍ത്തിയിട്ടുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ നിന്നു വ്യത്യസ്തമായി യുഡിഎഫില്‍ ഐക്യം പ്രതിഫലിച്ചപ്പോള്‍ എല്‍ഡിഎഫും ജാഗ്രത കൂട്ടിയിരിക്കുകയാണ്. എന്‍ഡിഎ വോട്ടുകള്‍ കൃത്യമായി പെട്ടിയില്‍ വീഴ്ത്താന്‍ തന്നെയാണ് ബിജെപി ശ്രമം.
ജനതാദള്‍ – എസിലെ മാത്യു ടി.തോമസ് ആറാം തവണ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ജനവിധി തേടുകയാണ്. കേരള കോണ്‍ഗ്രസ് -എമ്മിലെ കുഞ്ഞുകോശി പോളാണ് ഇത്തവണ യുഡിഎഫ് സ്ഥാനാര്‍ഥി. എന്‍ഡിഎയ്ക്കു വേണ്ടി ബിജെപി ജില്ലാ പ്രസിഡന്റ് അശോകന് കുളനട മത്സരിക്കുന്നു.
ഇത്തവണ കേരള കോണ്‍ഗ്രസിലെ പിളര്‍പ്പും മുന്നണി മാറ്റവും തിരുവല്ലയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. കേരള കോണ്‍ഗ്രസിലെ പഴയ മുഖമായ കുഞ്ഞുകോശി പോളിന് ഇത്തരം വെല്ലുവിളികള്‍ അതിജീവിക്കാനാകുമെന്ന് യുഡിഎഫ് കരുതുന്നു.2016ല്‍ മാത്യു ടി.തോമസ് വിജയിച്ചത് 8262 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്. ലോക്സഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ലീഡ് 3936 വോട്ടുകളുമായിരുന്നു.
2016ല്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായിരുന്ന അക്കീരമണ്‍ കാളിദാസ ഭട്ടതിരി 31439 വോട്ടുകള്‍ നേടി. ലോക്സഭയിലേക്ക് സുരേന്ദ്രനു തിരുവല്ലയില്‍ ലഭിച്ചത് 40186 വോട്ടുകളാണ്. യുഡിഎഫിനു വോട്ടുകണക്കില്‍ മുന്‍തൂക്കമുണ്ടായിരുന്ന പ്രദേശങ്ങളാണ് തിരുവല്ലയുടേത്.
കണക്കുകൾ കൂട്ടിയും കിഴിച്ചും അടൂർ
വോട്ടുകണക്കുകള്‍ തന്നെയാണ് അടൂര്‍ മണ്ഡലത്തിലെയും പ്രധാന ചര്‍ച്ച. മൂന്ന് മുന്നണികള്‍ക്കും മണ്ഡലത്തിലുള്ള സ്ഥിരം വോട്ടുകളും അധികമായി ലഭിക്കാനിടയുള്ള വോട്ടുകളും കൂട്ടിയും കിഴിച്ചും കണക്കെടുത്തുവരുന്നു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് നിലയാണ് ഇത്തരത്തില്‍ അടൂരിനെ ചിന്തിക്കാന്‍ പ്രേരിപിപ്പിച്ചത്.
എന്നാല്‍ 2016ല്‍ സിറ്റിംഗ് എംഎല്‍എ ചിറ്റയം ഗോപകുമാര്‍ നേടിയ 25460 വോട്ടിന്റെ ഭൂരിപക്ഷം ഇത്തവണയും നിലനിര്‍ത്തുമെന്നുതന്നെയാണ് എല്‍ഡിഎഫ് പറയുന്നത്.ഹാട്രിക് വിജയം തേടി കളത്തിലിറങ്ങിയ സിപിഐയിലെ ചിറ്റയം ഗോപകുമാറിനെ നേരിടാന്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി. കണ്ണനെയാണ് യുഡിഎഫ് നിയോഗിച്ചത്.
ബിജെപിയാകട്ടെ മുന്‍ കോണ്‍ഗ്രസ് നേതാവ് കെ. പ്രതാപനെയാണ് സ്ഥാനാര്‍ഥിയാക്കിയത്.കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ടുനിലയില്‍ ബിജെപി രണ്ടാമെതെത്തിയ മണ്ഡലമാണ് അടൂര്‍. പത്തനംതിട്ട ലോക്സഭ മണ്ഡലത്തിലുള്‍പ്പെട്ട അടൂരില്‍ യുഡിഎഫിന് ലീഡുണ്ടായിരുന്നതുമില്ല.
എല്‍ഡിഎഫായിരുന്നു മുമ്പില്‍. എല്‍ഡിഎഫും ബിജെപിയും തമ്മിലുള്ള വോട്ട് വ്യത്യാസം 1956 വോട്ടായിരുന്നു. ബിജെപിയേക്കാള്‍ 1980 വോട്ടിന്റെ കുറവ് യുഡിഎഫിനുണ്ടായി. കഴിഞ്ഞ നിയമസഭയില്‍ 25940 വോട്ട് മണ്ഡലത്തില്‍ ബിജെപിക്കു ലഭിച്ചെങ്കില്‍ ലോക്സഭയിലേക്ക് ഇത് 51260 ആയി ഉയര്‍ത്തി.