പത്തനംതിട്ട: ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും വോട്ടെടുപ്പ് കേന്ദ്രങ്ങളിലേക്ക് പോകുന്നതിനു മുമ്പായി സ്ഥാനാര്‍ഥികള്‍ സ്വന്തം പോളിംഗ് ബൂത്തിലെത്തി സമ്മതിദാനാവകാശം വിനിയോഗിച്ചു.
കുടുംബ സമേതം എത്തിയാണ് ഏറെപ്പേരും വോട്ടു ചെയ്തത്. സ്ഥാനാര്‍ഥികളില്‍ അധികംപേര്‍ക്കും മത്സരിക്കുന്ന മണ്ഡലങ്ങളില്‍ തന്നെയാണ് വോട്ട്. പ്രമുഖ മുന്നണി സ്ഥാനാര്‍ഥികളില്‍ കെ. സുരേന്ദ്രന്, എം.ജി. കണ്ണന്, പ്രമോദ് നാരായണ്‍, കെ. പത്മകുമാര്‍, അശോകന് കുളനട എന്നിവര്‍ക്ക് മത്സരിക്കുന്ന മണ്ഡലത്തിനു പുറത്താണ് വോട്ട്.
ആറന്മുളയിലെ മൂന്ന് സ്ഥാനാര്‍ഥികള്‍ക്കും വോട്ടുകള്‍ മത്സരിക്കുന്ന മണ്ഡല പരിധിയില്‍ തന്നെയാണ്. യുഡിഎഫ് സ്ഥാനാര്‍ഥി കെ. ശിവദാസന്‍ നായര്‍ ആറന്മുള എഇ ഓഫീസിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി വീണാ ജോര്‍ജ് പത്തനംതിട്ട ആനപ്പാറ ഗവണ്മെന്റ് എല്‍പിഎസിലും എന്‍ഡിഎ സ്ഥാനാര്‍ഥി ബിജു മാത്യു ഇലവുംതിട്ട പറയങ്കര സാംസ്കാരിക നിലയത്തിലും രാവിലെ തന്നെ വോട്ടു രേഖപ്പെടുത്തി.
തിരുവല്ല മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി കുഞ്ഞുകോശി പോള്‍ മല്ലപ്പള്ളി നെടുങ്ങാടപ്പള്ളി സെന്റ് ഫിലോമിനാസ് യുപി സ്കൂളിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാത്യു ടി. തോമസ് തിരുവല്ല സെവന്ത്ഡേ സ്കൂളിലും എന്‍ഡിഎ സ്ഥാനാര്‍ഥി അശോകന് കുളനട ആറന്മുള മണ്ഡലത്തിലെ കുളനട പഞ്ചായത്ത് ഹൈസ്കൂളിലും വോട്ട് രേഖപ്പെടുത്തി.
കോന്നി മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി കെ. സുരേന്ദ്രന് കോഴിക്കോട് അത്തോളി മൊടക്കല്ലൂര്‍ എയുപി സ്കൂളിലാണ് വോട്ട് ചെയ്യുന്നത്. സുരേന്ദ്രന് മത്സരിക്കുന്ന മഞ്ചേശ്വരത്തും കോന്നിയിലും അദ്ദേഹത്തിനു വോട്ടില്ല.
യുഡിഎഫ്, എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് കോന്നി മണ്ഡലത്തില്‍ തന്നെയാണ് വോട്ട്. യുഡിഎഫ് സ്ഥാനാര്‍ഥി റോബിന് പീറ്റര്‍ പ്രമാടം നേതാജി ഹൈസ്കൂളിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.യു. ജനീഷ് കുമാര്‍ സീതത്തോട് കൊച്ചു കോട്ടമണ്‍പാറ വനിത കമ്യൂണിറ്റി ഹാളിലും രാവിലെ തന്നെ വോട്ടു ചെയ്തു.
അടൂരിലെ എല്‍ഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ അടൂര്‍ മണ്ഡലത്തില്‍ തന്നെ വോട്ട് ചെയ്തു. യുഡിഎഫ് സ്ഥാനാര്‍ഥി എം.ജി. കണ്ണന് ആറന്മുളയിലെ മാത്തൂര്‍ ഗവണ്മെന്റ് യുപിഎസിലാണ് വോട്ട്. ചിറ്റയം ഗോപകുമാര്‍ (എല്‍ഡിഎഫ്) അടൂര്‍ ഗവണ്മെന്റ് എല്‍പി സ്കൂളിലും കെ.പ്രതാപന് (എന്‍ഡിഎ) പന്തളം ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലും രാവിലെ തന്നെ വോട്ട് ചെയ്തു.
റാന്നിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി റിങ്കു ചെറിയാനു മാത്രമാണ് റാന്നി മണ്ഡലത്തില്‍ വോട്ട് ചെയ്യാനായത്. ചെല്ലയ്ക്കാട് സെന്റ് തോമസ് എല്‍പിഎസ് ബൂത്തിലായിരുന്നു റിങ്കുവിന് വോട്ട്.പ്രമോദ് നാരായണ്‍ (എല്‍ഡിഎഫ്) മാവേലിക്കര മണ്ഡലത്തില്‍ നൂറനാട് സിബിഎം എച്ച്എസ്എസിലെ മറ്റപ്പള്ളി ബൂത്തിലും എന്‍ഡിഎ സ്ഥാനാര്‍ഥി കെ. പത്മകുമാര്‍ കോന്നിയിലെ മല്ലശേരി കെഎം യുപി സ്്കൂളിലുമാണ് വോട്ട് ചെയ്തത്. രാവിലെ വോട്ട് രേഖപ്പെടുത്തിയശേഷം ഇരുവരും റാന്നിയിലെ ബൂത്തുകള്‍ സന്ദര്‍ശിച്ചു തുടങ്ങി.