പത്തനംതിട്ട: തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരുടെ സൗന്ദര്യം വോട്ടര്‍മാരെ സ്വാധീനിക്കാനിടയില്ലെന്ന് നവാഗതരായ വനിതാ സ്ഥാനാര്‍ഥികള്‍, എന്നാല്‍ അത് അത്രകണ്ടു പറയാനാകില്ലെന്നു പുരുഷന്മാര്.
പത്തനംതിട്ട പ്രസ്ക്ലബ് നവാഗത സ്ഥാനാര്‍ഥികളെ പങ്കെടുപ്പിച്ചു കഴിഞ്ഞദിവസം നടത്തിയ ചര്‍ച്ചയിലാണ് സ്ഥാനാര്‍ഥികളുടെ സൗന്ദര്യത്തെ സംബന്ധിച്ച ചര്‍ച്ച നടന്നത്.
പോസ്റ്ററുകളിലെ സുന്ദരന്മാരും സുന്ദരികളും
എത്രമാത്രം സുന്ദരിയോ സുന്ദരനോ ആകാന്‍ ശ്രമിച്ചിട്ടുള്ള ചിത്രങ്ങളല്ലേ നമ്മള് പോസ്റ്ററുകള്‍ക്കും ബോര്ഡുകള്ക്കുംവേണ്ടി എടുത്തിട്ടുള്ളതെന്ന് സ്ഥാനാര്ഥികളോടായി ചോദിച്ചത് റാന്നി നാറാണംമൂഴി ഗ്രാമപഞ്ചായത്ത് വാര്‍ഡിലെ സ്ഥാനാര്‍ഥിയും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ സാംജി ഇടമുറിയാണ്
. സൗന്ദര്യബോധം ഇല്ലെങ്കില്‍ പിന്നെ എന്തിനാണ് ഇത്തരത്തില്‍ ഫോട്ടോ എടുക്കാന്‍ പോയതെന്നായി സാംജി. അപ്പോള്‍ സൗന്ദര്യം വോട്ടര്‍മാര്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കുന്നതും വ്യക്തിത്വത്തിന്റെ ഒരു ഘടകവുമാണെന്നു സാംജി അഭിപ്രായപ്പെട്ടു.
എന്നാല്‍ സൗന്ദര്യ ആരാധന കൊണ്ടല്ല വോട്ടു വരുന്നതെന്ന അഭിപ്രായം എല്ലാവര്‍ക്കുമുണ്ടായി. സൗന്ദര്യം വോട്ടായി മാറില്ലെന്ന അഭിപ്രായത്തിലാണ് വനിതാ സ്ഥാനാര്‍ഥികള്‍ക്ക് രാഷ്ട്രീയത്തിനതീതമായ ഐക്യത ഉണ്ടായി.സൗന്ദര്യം മുഖത്തല്ല,
ഉള്ളിലാണ് ഉണ്ടാകേണ്ടതെന്ന് ഒരു വനിത അംഗം നിലപാടെടുത്തു. എതിര് സ്ഥാനാര്‍ഥിയുടെ സൗന്ദര്യം ജയപരാജയങ്ങളെ ഒരു തരത്തിലും ബാധിക്കില്ലെന്ന നിലപാട് എല്ലാവര്ക്കും സ്വീകാര്യമായി.
പ്രചാരണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
സമൂഹമാധ്യമങ്ങളെ മാത്രം ആശ്രയിച്ചാണ് തെരഞ്ഞെടുപ്പു വിജയം നിശ്ചയിക്കുന്നതെങ്കില്‍ താന്‍ ചരിത്രവിജയം നേടുമെന്ന് മല്ലപ്പള്ളിയിലെ ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥി വിബിത ബാബു പറഞ്ഞു.
വോട്ടര്‍മാരുടെയിടയില്‍ സ്ഥാനാര്‍ഥികളെ വേഗത്തില്‍ പരിചയപ്പെടുത്താന്‍ സമൂഹമാധ്യമങ്ങള്‍ക്കു കഴിയുമെന്ന് പള്ളിക്കലിലെ ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥി ശ്രീനാദേവി കുഞ്ഞമ്മ.
സമൂഹമാധ്യമങ്ങളുടെ സ്വാധീനത്തെ തള്ളിക്കളയാനാകില്ലെന്ന അഭിപ്രായം കൊടുമണ്ണിലെ ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥി അശ്വതി സുധാകറിനുമുണ്ടായി.
സാമൂഹ്യ മാറ്റങ്ങള്‍ക്ക് യുവതയുടെ കരുത്ത് പ്രയോജനം ചെയ്യുമെന്നായിരുന്നു ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് സ്ഥാനാര്‍ഥി വിമല്‍ എം. വിജയന്റെ അഭിപ്രായംപതിഫലം നോക്കാതെ നന്മ ചെയ്യുവാന്‍ കഴിയണമെന്ന് പത്തനംതിട്ട നഗരസഭയിലെ സ്ഥാനാര്‍ഥി രാജിത് കുമാര്‍ പറഞ്ഞു.
സമൂഹമാധ്യമങ്ങളുടെ പ്രയോജനം പ്രളയകാലത്തും കോവിഡ് പ്രതിരോധത്തിലുമൊക്കെ ഏറെ അനുഭവിച്ചവരാണ് നാമെന്നും ഇവര്‍ പറഞ്ഞു. സമൂഹമാധ്യമങ്ങള്‍ പ്രചാരണം ഏറ്റെടുത്തതോടെ പരിസ്ഥിതി സംരക്ഷണ തെരഞ്ഞെടുപ്പ് മാറിയെന്നു സ്്ഥാനാര്‍ഥികള്‍ പറഞ്ഞു.
വൈറലായാൽ വിജയിക്കുമോ?
സമൂഹമാധ്യമങ്ങളെ ഭയക്കേണ്ട ആവശ്യമില്ലെന്നു വനിതാ സ്ഥാനാര്‍ഥികള്‍ അഭിപ്രായപ്പെട്ടു. അനാവശ്യ കമന്റുകളെ അവഗണിക്കുകയായിരിക്കും ആദ്യം ചെയ്യുകയെന്ന് അഭിഭാഷക കൂടിയായ വിബിത ബാബു പറഞ്ഞു.
അപവാദം ഏറിയാല്‍ അതിനെ നേരിടാന്‍ രാജ്യത്തു നിയമങ്ങളുണ്ടല്ലോ. സമൂഹമാധ്യമങ്ങളിലൂടെ വൈറലായി താന്‍ പ്രചാരണരംഗത്തേക്ക് എത്തിയപ്പോള്‍ പിന്നീടു പലയിടങ്ങളിലും കൂടുതല്‍ പരിചയപ്പെടല്‍ വേണ്ടിവന്നില്ലെന്നും വിബിത.
തന്നെയും കൂടുതല്‍ പരിചയപ്പെടുത്തിയത് സമൂഹമാധ്യമങ്ങളാണെന്ന് ശ്രീനാദേവി കുഞ്ഞമ്മ. എന്തും എപ്പോഴും പോസ്റ്റു ചെയ്യുന്ന സ്വഭാവമില്ലെങ്കിലും കോവിഡ്കാലത്തെ രചനകളും മറ്റും പോസ്റ്റു ചെയ്തതിലൂടെ കൂടുതല്‍ ആളുകളുടെയിടയിലേക്ക് ശ്രദ്ധിക്കപ്പെടാനായിട്ടുണ്ട്. അലീന മരിയ അഗസ്റ്റിന് മോഡറേറ്ററായിരുന്നു.