തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം നാളെപുറപ്പെടുവിക്കും. നാളെ മുതല്‍ നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിക്കാം. 19 വരെയാണു പത്രികകള്‍ സ്വീകരിക്കുക.
പത്രികാ സമര്‍പ്പണത്തിനായി ത്രിതല പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളും കോര്‍പറേഷനുകളിലും വരണാധികാരികളെ നിശ്ചയിച്ച് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പിനു സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന് വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനൊപ്പം അതത് വരണാധികാരികള്‍ തെരഞ്ഞെടുപ്പു നോട്ടീസ് പരസ്യപ്പെടുത്തുന്നതോടെയാണു നാമനിര്‍ദേശ പത്രികകള്‍ സ്വീകരിച്ചു തുടങ്ങുക.
12 മുതല്‍ 19 വരെയുള്ള പ്രവൃത്തിദിനങ്ങളില്‍ രാവിലെ 11നും ഉച്ചകഴിഞ്ഞു മൂന്നിനും ഇടയ്ക്ക് പത്രികകള്‍ സമര്‍പ്പിക്കാം.
മത്സരിക്കാന്‍ ഉദ്ദേശിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ വോട്ടര്‍പട്ടികയില്‍ പേരുള്ളവര്‍ക്കു മാത്രമേ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകൂ. 21 വയസാണു കുറഞ്ഞ പ്രായപരിധി.
നാമനിര്‍ദേശ പത്രികയ്ക്കൊപ്പം ഗ്രാമ പഞ്ചായത്തില്‍ മത്സരിക്കുന്നതിന് 1,000 രൂപയും ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളില്‍ യഥാക്രമം 2,000, 3,000 രൂപയും കെട്ടിവയ്ക്കണം.
മുനിസിപ്പാലിറ്റികളില്‍ 2000 രൂപയും കോര്‍പറേഷനില്‍ 3,000 രൂപയുമാണ് കെട്ടിവയ്ക്കേണ്ട ത്. പട്ടികജാതി / വര്‍ഗ വിഭാഗങ്ങളില്‍നിന്നുള്ളവര്‍ക്ക് 50 ശതമാനം തുക നല്കിയാല് മതി. 20നാണ് നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന. 23 വരെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാം.