കോട്ടയം: തെരഞ്ഞെടുപ്പിനു നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം ഒരു ദിവസം മാത്രം ബാക്കി നിൽക്കുന്പോഴും മുന്നണികളിൽ തർക്കങ്ങൾക്കു പരിഹാരമില്ല. മാരത്തണ്‍ ചർച്ചകൾക്കൊടുവിൽ വിട്ടുവീഴ്ചകളും പുതിയ വാഗ്ദാനങ്ങളുമൊക്കെയായി ഇന്നുകൊണ്ടു സ്ഥാനാർഥി നിർണയം പൂർണമാകുമെന്നു പ്രതീക്ഷിക്കുന്നു.
നാളെ ഉച്ചകഴിഞ്ഞു മൂന്നുവരെയാണ് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം. പ്രധാന രാഷ്ട്രീയ പാർട്ടികളെല്ലാം മുന്നണി സമവാക്യങ്ങളും സീറ്റുകളുടെ എണ്ണത്തിലും ധാരണയായെങ്കിലും സ്ഥാനാർഥിത്വത്തിലാണ് പ്രശ്ന പരിഹാരമില്ലാതെയുള്ളത്.
ഘടക കക്ഷികൽ തമ്മിലുള്ള പോരും മുറുകുകയാണ്. കേരള കോണ്‍ഗ്രസ് ജോസ്, ജോസഫ് വിഭാഗങ്ങൾ യുഡിഎഫിലും എൽഡിഎഫിലും തർക്കങ്ങൾ സൃഷ്ടിക്കുകയാണ്.
ജില്ലാ പഞ്ചായത്തിൽ എണ്ണത്തിൽ തീരുമാനമായെങ്കിലും സീറ്റുകളെക്കുറിച്ചാണ് ഇപ്പോഴും മുന്നണികളിൽ തർക്കം. എൽഡിഎഫിൽ പൂഞ്ഞാർ, പുതുപ്പള്ളി, വാകത്താനം സീറ്റുകളെ സംബന്ധിച്ചാണ് തർക്കം.
പൂഞ്ഞാർ സീറ്റിനായി ജോസ് വിഭാഗം വാദിക്കുന്പോൾ പുതുപ്പള്ളി സീറ്റ് സിപിഐയ്ക്കും സിപിഎമ്മിനും വേണ്ടെന്ന നിലപാടിലാണ്. വാകത്താനം സിപിഐയ്ക്കു നൽകിയതിലും വിഭിന്ന അഭിപ്രായം ഉയർന്നു കഴിഞ്ഞു.
കോട്ടയം നഗരസഭയിൽ സിപിഎമ്മും കേരള കോണ്‍ഗ്രസ് ജോസ് വിഭാഗവും സൗഹൃദമത്സരത്തിലേക്ക് നീങ്ങുന്നതിനുള്ള സാധ്യതയുമുണ്ട്. ചങ്ങനാശേരിക്കു പുറമേ പാലാ നഗരസഭയിലും എൽഡിഎഫിൽ തർക്കം തുടരുകയാണ്.
പാലായിൽ ജോസ് കെ. മാണി വിഭാഗം 17 സീറ്റിൽ മത്സരിക്കുന്നത്. കരൂർ, കടനാട് പഞ്ചായത്തുകളടക്കം സിപിഎമ്മും സിപിഐയും തമ്മിൽ തർക്കം തുടരുകയാണ്.
എൽഡിഎഫിൽ സീറ്റ് സംബന്ധിച്ചു പൂർണമായ ധാരണയിലെത്തിയില്ല. സിപിഎം, സിപിഐ, കേരള കോണ്‍ഗ്രസ് എം ജോസ് വിഭാഗങ്ങൾ തമ്മിൽ ഇന്നു രാവിലെയും ചർച്ചകൾ തുടരുകയാണ്.
ജില്ലാ പഞ്ചായത്തിൽ യുഡിഎഫിൽ ഒന്‍പത് സീറ്റിൽ കേരള കോണ്‍ഗ്രസ് എം ജോസഫ് വിഭാഗവും 13 സീറ്റിൽ കോണ്‍ഗ്രസുമാണ് മത്സരിക്കുന്നത്. കോണ്‍ഗ്രസ് എംഎൽഎമാർ തമ്മിലുള്ള തർക്കം സ്ഥാനാർഥികളെ നിശ്ചയിക്കാൻ വൈകുന്നതിനു കാരണമായിട്ടുണ്ട്.
കുറിച്ചി, അയർക്കുന്നം ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ തർക്കം പരിഹാരമായില്ല. ലീഗുമായി കോണ്‍ഗ്രസ് തർക്കത്തിൽ നിന്ന വൈക്കത്ത് ഇന്നലെകൊണ്ട് അവസാനഘട്ട ചർച്ചയിലെത്തുകയും ഇന്നു സ്ഥാനാർഥികളെ പ്രഖ്യാപിക്കുകയും ചെയ്യും.
ചങ്ങനാശേരി നഗരസഭയിൽ യുഡിഎഫിൽ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് എം ജോസഭ് വിഭാഗം തമ്മിൽ ധാരണയായി. ആകെയുള്ള 37 സീറ്റുകളിൽ ജോസഫ് വിഭാഗത്തിനു എട്ടു സീറ്റുകൾ നൽകും.
ബാക്കിയുള്ള 29 സീറ്റുകളിൽ ലീഗ്- 2, ആർഎസ്പി-1 എന്നീ നിലകളിൽ സീറ്റുകൾ നൽകി. ഇവരുമായും ഇന്നു ധാരണയിലെത്തിയേക്കും. മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ ആകെയുള്ള 13 സീറ്റുകളിൽ എട്ടിൽ കോണ്‍ഗ്രസും അഞ്ചിൽ ജോസഫ് വിഭാവും മത്സരിക്കും.
മാടപ്പള്ളി, തൃക്കൊടിത്താനം, വാഴപ്പള്ളി ഗ്രാമപഞ്ചായത്തുകളിലെ സീറ്റ് സംബന്ധിച്ചു യുഡിഎഫിൽ ഇന്നു രാവിലെയും ചർച്ചകൾ തുടരുകയാണ്. അതേ സമയം ചങ്ങനാശേരിയിൽ കോണ്‍ഗ്രസിലെ വിവിധ ഗ്രൂപ്പുകൾ തമ്മിലും സ്ഥാനാർഥി നിർണയം സംബന്ധിച്ചു അഭിപ്രായ സമന്വയത്തിലെത്തിയിട്ടില്ല.
സ്ഥാനാർഥി നിർണായത്തിൽ തങ്ങളെ പരിഗണിക്കാത്തതിൽ പ്രതിഷേധിച്ചു നഗരസഭയിലെ 30, 31, 33, 34 വാർഡുകളിൽ മാർക്കറ്റ് വികസന സമിതി എന്ന പേരിൽ സ്ഥാനാർഥികളെ മത്സരിപ്പിക്കാൻ ഐഎൻടിയുസിയും തീരുമാനമെടുത്തിട്ടുണ്ട്.
മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലും തൃക്കൊടിത്താനം, മാടപ്പള്ളി, വാഴപ്പള്ളി പഞ്ചായത്തിലും സീറ്റ് തർക്കത്തിന് പൂർണപരിഹാരമായില്ല.
പായിപ്പാട്, കുറിച്ചി പഞ്ചായത്തുകളിൽ യുഡിഎഫിൽ സീറ്റ് ധാരണയായിട്ടുണ്ട്. പാലാ നഗരസഭയിലും യുഡിഎഫ് സീറ്റ് ധാരണയായിക്കഴിഞ്ഞു.
ജില്ലാ പഞ്ചായത്തിലേക്ക് ആദ്യം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു പ്രചാരണം ആരംഭിച്ചത് എൻഡിഎയാണ്. 22 സീറ്റിൽ മൂന്ന് സീറ്റ് ബിഡിജെഎസും 19 സീറ്റിൽ ബിജെപിയും മത്സരിക്കും.