സ്വന്തം ലേഖകന്‍
കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ക്ഷേമപെന്‍ഷനും “കത്തുന്നു’. തീപാറുന്ന പോരാട്ടം നടക്കുന്ന കോഴിക്കോട് ജില്ലയിലാണ് ക്ഷേമപെന്ഷന് വിതരണം തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിക്കുന്നതായി ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. ഇടതുമുന്നണി അധികാരത്തിലെത്തിയതോടെ വിവിധ ക്ഷേമപെന്‍ഷനുകള്‍ വീടുകളില്‍ നേരിട്ട് എത്തിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇപ്പോള്‍ ക്ഷേമപെന്ഷന് വീടുകളില്‍ എത്തിക്കുന്നതിനൊപ്പം സ്ഥലത്തെ പ്രധാനപ്പെട്ട നേതാക്കള്‍ വോട്ട് അഭ്യര്‍ഥനയുമായി ഇവര്‍ക്കൊപ്പം എത്തുന്നുവെന്നാണ് പരാതി.
ഇതോടെ പ്രതിഷേധവുമായി യുഡിഎഫ് രംഗത്തെത്തി. അഞ്ചുമാസത്തെ കുടിശ്ശികയാണ് തെരഞ്ഞെടുപ്പ് ചൂടിനിടെ വിതരണം ചെയ്യുന്നത്. ക്ഷേമ പെന്ഷന് വിതരണം കോഴിക്കോട് മണ്ഡലത്തില്‍ ഇടത് മുന്നണി പ്രചാരണായുധമാക്കുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷന് യുഡിഎഫ് ഇതിനകം പരാതി നല്കികഴിഞ്ഞു.
സഹകരണ ബാങ്ക് വഴിയുള്ള പെന്ഷന് മണ്ഡലത്തിലെ സ്ഥാനാര്‍ഥിയുടെ വോട്ടഭ്യര്ത്ഥനയ്ക്കൊപ്പം സിപിഎം നേതാക്കളും പ്രവര്‍ത്തകരും വീടുകളിലെത്തിക്കുന്നുവെന്നാണ് വ്യാപകമായപരാതി. സാമൂഹിക മാധ്യമങ്ങളില്‍ പെന്ഷന് ഗുണഭോക്താക്കളെ ഇടത് അനുഭാവികളായി ചിത്രീകരിക്കുന്നുമുണ്ട്. ക്ഷേമപെന്‍ഷനുകള്‍ വിഷുവിന് മുന്‍പുതന്നെ കൊടുത്തുതീര്‍ക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിന്റെ മറപിടിച്ചാണ് വീടുകള്‍ കയറി “ഒരു വെടിക്ക് രണ്ട് പക്ഷി’ എന്ന നിലയിലുള്ള പ്രചാരണം നടക്കുന്നത്.
കോഴിക്കോട് , വകടര മണ്ഡലങ്ങളില്‍ തീപാറുന്ന പേരാട്ടമാണ് നടക്കുന്നതെന്നിരിക്കെ ഇത്തരം പ്രചാരണങ്ങള്‍ ഉയര്‍ത്തിക്കാട്ടുകയാണ് യുഡിഎഫ് നേതാക്കള്‍. സഹകരണബാങ്കുകള്‍ വഴിയാണ് ക്ഷേമപെന്‍ഷനുകള്‍ വീടുകളില്‍ എത്തിക്കുന്നത്. കളക്ഷന്‍ ഏജന്റ് മുഖാന്തരമാണിത്. സഹകരണബാങ്കുകളില്‍ അധികവും സിപിഎം നിയന്ത്രണത്തിലുള്ളതാണ്.
ഈ ഒരു സാഹചര്യവും ആക്ഷേപമുന്നയിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഇടപെടണമെന്ന ആവശ്യമാണ് ഇവര്‍ ഉന്നയിക്കുന്നത്. നിലവില്‍ സിപിഎം നിയന്ത്രണത്തിലുള്ള കായണ്ണ സര്‍വ്വീസ് സഹകരണബാങ്ക് വഴി പെന്ഷന് വാങ്ങുന്നവരെയാണ് സ്വാധീനിക്കാന്‍ ശ്രമിക്കുന്നതായി പരാതി ഉയര്‍ന്നിരിക്കുന്നത്.
സര്‍ക്കാര്‍ നേട്ടങ്ങളടങ്ങിയ പിആര്‍ഡി പ്രസിദ്ധീകരണം വടകര മണ്ഡലത്തിലെ സ്ഥാനാര്‍ഥിയുടെ പ്രചാരണത്തിനും ഉപയോഗിക്കുന്നുവെന്ന് നേരത്തെ പരാതി ഉയര്‍ന്നിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് ഇതേ കുറിച്ച് അന്വേഷിക്കുകയാണ്. ഇതിനിടിയിലാണ് പുതിയ പരാതി കൂടി ഉയര്‍ന്നിരിക്കുന്നത്.
ശബരിമലവിഷയം വീടുകളില്‍ കയറി ഉയര്‍ത്തുമെന്ന് കോഴിക്കോട് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി കെ.പി. പ്രകാശ്ബാബു അറിയിച്ചുകഴിഞ്ഞു. ഇത് തെരഞ്ഞെടുപ്പ് കമ്മീഷന് നിര്മദശത്തിന് എതിരാണെന്ന് എതിരാളികള്‍ ചൂണ്ടിക്കാട്ടികഴിഞ്ഞു. ഇതിനിടയിലാണ് ക്ഷേമപെന്ഷന് വിവാദവും തലപൊക്കിയിരിക്കുന്നത്.