തൃശൂർ: സഹകരണ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന രാഷ്ട്രീയ പ്രവർത്തകർ പെൻഷൻ വിതരണം ഇലക്ഷൻ കാന്പയിനായി ഉപയോഗിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി കെപിസിസി സെക്രട്ടറി സി.സി. ശ്രീകുമാർ ഇലക്ഷൻ കമ്മീഷനു പരാതി നൽകി.
വിവിധ സാമൂഹ്യ സുരക്ഷാ പെൻഷനുകൾ ഇന്നലെ മുതൽ വിതരണം ആരംഭിച്ചിട്ടുണ്ട്. സഹകരണ സ്ഥാപനങ്ങളിലൂടെയാണ് പെൻഷൻ വീട്ടിലെത്തിച്ചുനൽകുന്നത്.
സംസ്ഥാനത്തു സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർ വീടുകളിൽ നേരിട്ടെത്തി പെൻഷൻ വിതരണം ചെയ്യുകയാണ് പതിവ്. ഇതാണ് ഇലക്ഷൻ കാന്പയിനായി ഉപയോഗിക്കുന്നതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഇതു പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ്.
അതിനാൽ ഈ സന്ദർഭം കാന്പയിനായി ഉപയോഗിക്കാതിരിക്കാൻ ഉചിതമായ നടപടി സ്വീകരിക്കാൻ ശ്രീകുമാർ ഇലക്ഷൻ കമ്മീഷനോട് അഭ്യർഥിച്ചു.
സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർ നൂറു ശതമാനവും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടേയോ മുന്നണികളുടേയോ പ്രവർത്തകരോ വക്താക്കളോ ആണ്.
ഇവർ തെരഞ്ഞെടുപ്പ് കമ്മിറ്റികളുടെ ഭാരവാഹികൾകൂടിയാണ്. പലരും സ്ഥാനാർഥികളുടെ ചീഫ് ഏജന്റുമാരായും പ്രവർത്തിച്ചുവരുന്നതായി ശ്രീകുമാർ ചൂണ്ടിക്കാട്ടി.