താനൂർ: കേരളത്തിലെ മാധ്യമങ്ങൾ പടച്ചുണ്ടാക്കുന്ന കണക്കുകൾക്കനുസരിച്ചല്ല കേരളത്തിലെ ജനവിധിയുണ്ടാകുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാക്കുകൾ വളച്ചൊടിക്കുന്ന മാധ്യമ പ്രവർത്തനം അവസാനിപ്പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പൊന്നാനി ലോക്സഭാ മണ്ഡലം ഇടതുസ്ഥാനാർഥി പി.വി അൻവറിന്റെ പ്രചാരണത്തിന്റെ ഭാഗമായി താനൂരിൽ നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രളയത്തെക്കുറിച്ചു ആധികാരികമായി പറയാനാകുന്നത് കേന്ദ്ര ജലവിഭവ വകുപ്പിനാണ്. അവരുടെ വിദഗ്ധ സംഘം പ്രളയം മഹാമാരിയായി പ്രഖ്യാപിച്ചിരുന്നതുമാണ്. എന്നാൽ കേരളത്തിലെ മാധ്യമങ്ങൾ മറിച്ചാണ് പ്രചരിപ്പിക്കുന്നത്. കടലിലെ വേലിയേറ്റം സർക്കാർ വരുത്തി വച്ചതാണ് എന്നു പറയാത്തത് ഭാഗ്യമാണെന്നും പിണറായി വിജയൻ പറഞ്ഞു. കിഫ്ബി മസാല ബോണ്ട് വിവാദമാക്കി സംസ്ഥാനത്തിന്റെ വികസനം തടയാമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും ബിജെപിയുടെയും ദിവാസ്വപ്നം നടക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷ നേതാവും ബിജെപിയും ചില കാര്യങ്ങൾ ഒന്നിച്ചാണ് പറയുക. കിഫ്ബി നേരിട്ട് ധനകാര്യ സ്ഥാപനവുമായി വില പേശിയല്ല മസാല ബോണ്ടിന്റെ വിലയും പലിശയും തീരുമാനിക്കുന്നത്. മാനദണ്ഡങ്ങളനുസരിച്ച് സ്റ്റോക്ക് എക്സ്ചേഞ്ച് വഴിയാണ് ഫണ്ട് ശേഖരിക്കുന്നത്. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ മസാല ബോണ്ട് ലിസ്റ്റ് ചെയ്യുന്നെന്നത് വലിയ നേട്ടമാണ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിക്ഷേപവും 21 ലക്ഷം കോടി രൂപ ആസ്തിയുമുള്ള കന്പനിയാണ് സിഡിപിക്യു സംസ്ഥാന സർക്കാർ ബന്ധപ്പെടുന്നത് സ്റ്റോക്ക് എക്സ്ചേഞ്ചുമായാണ്. സിഡിപിക്യു ലാവ്ലിന് ഫണ്ട് കൊടുത്തെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. എസ്ബിഐയുമായി സംസ്ഥാന സർക്കാരിനും നീരവ് മോദിക്കും ഇടപാടുകളുണ്ട്.
അതിനർഥം സംസ്ഥാന സർക്കാരും നീരവ് മോദിയും തമ്മിൽ ഇടപാടുണ്ടെന്നാണോയെന്നും പിണറായി ചോദിച്ചു. ചടങ്ങിൽ വി.അബ്ദുറഹിമാൻ എംഎൽഎ അധ്യക്ഷനായിരുന്നു. എൽഡിഎഫ് കണ്വീനർ എ.വിജയരാഘവൻ, സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി. നന്ദകുമാർ, ഐഎൻഎൽ സംസ്ഥാന പ്രസിഡന്റ് പ്രഫ.എ.പി അബ്ദുൽ വഹാബ്, സിപിഎം ജില്ലാസെക്രട്ടറി ഇ.എൻ മോഹൻദാസ്, ജനതാദൾ- എസ് സംസ്ഥാന ട്രഷറർ ആർ. മുഹമ്മദ്ഷാ, എൻസിപി ജില്ലാ പ്രസിഡന്റ് ടി.എൻ ശിവശങ്കരൻ തുടങ്ങിയവർ പങ്കെടുത്തു.