സ്വന്തം ലേഖകന്‍
കോഴിക്കോട്: തെരഞ്ഞെടുപ്പ് ആവേശം കൊടുമ്പിരിക്കൊണ്ടിരിക്കേ കേന്ദ്ര-സംസ്ഥാന ഏറ്റുമുട്ടല്‍ പാരമ്യത്തില്‍. കിഫ്ബി, സ്വര്‍ണക്കടത്ത് വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെതിരേ വിമര്‍ശനം ഇനിയും കടുപ്പിക്കാനാണ് സിപിഎം തീരുമാനം.
അതുവഴി ബിജെപിയെ ശക്തമായി എതിര്‍ക്കുന്നവരെന്ന പ്രതീതി സൃഷ്ടിക്കാനും ന്യൂനപക്ഷങ്ങളില്‍ കൂടുതല്‍ സ്വാധീനം ചെലുത്തുവാനും കഴിയുമെന്നും സിപിഎം കരുതുന്നു.
അതേസമയം കേന്ദ്ര ഏജന്‍സികള്‍ക്കെതിരേ അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ നടപടിയെ പരിഹസിച്ചുകൊണ്ട് ബിജെപിയും രംഗത്തെത്തി. പ്രചാരണവിഷയങ്ങള്‍ പൂര്‍ണമായും സ്വര്‍ണക്കടത്തിലേക്കും കിഫ്ബിയിലെ പരിശോധനയിലേക്കും മാറിയിരിക്കുകയാണ്.
ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രഎജന്‍സികള്‍ തടസം നില്‍ക്കുന്നുവെന്ന വാദമാണ് സിപിഎം ഉയര്‍ത്തുന്നത്. എന്നാല്‍ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും ദിനംപ്രതി വിമര്‍ശിച്ചുകൊണ്ട് മുഖ്യ പ്രതിപക്ഷ റോള്‍ ബിജെപി ഏറ്റെടുത്തിരിക്കുകയാണ്. കൂടുതല്‍ ദേശീയ നേതാക്കള്‍ കേരളത്തില്‍ എത്തുന്നതോടെ വാക്പോര് ഇനിയും കടുക്കും.
പ്രചാരണം തീര്‍ത്തും പിണറായിക്കെതിരേ കേന്ദ്രീകരിക്കാനാണ് ബിജെപി തീരുമാനം. മുഖ്യമന്ത്രിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തിക്കൊണ്ടുള്ള പ്രചാരണതന്ത്രങ്ങളാണ് ബിജെപി തുടക്കം മുതല്‍ സ്വീകരിക്കുന്നത്.
മുഖ്യമന്ത്രിയുടെ തൊലിക്കട്ടി അപാരമെന്നും കേന്ദ്രം നല്കുന്ന കിറ്റില്‍ പിണറായി സ്വന്തം ഫോട്ടോ അടിച്ച് വിതരണം ചെയ്യുന്നത് അല്‍പ്പത്തരമാണെന്നും ഇന്നലെ കേന്ദ്രമന്ത്രി വി.മുരളീധരന് തുറന്നടിച്ചു.
ഒപ്പം കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ അന്വേഷണത്തെ പരിഹസിക്കാനും അദ്ദേഹം മറന്നില്ല. തൊട്ടുപിന്നാലെ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും മുഖ്യമന്ത്രിക്കെതിരേ രംഗത്തുവന്നു. അധികാരം ദുര്‍വിനിയോഗം ചെയ്യുകയാണ് മുഖ്യമന്ത്രിയെന്നാണ് സുരേന്ദ്രന് ആരോപിക്കുന്നത്.
ഇന്നലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ പ്രചാരണം ഇനി എങ്ങിനെ വേണമെന്ന കാര്യത്തില്‍ സിപിഎം ധാരണയായി കഴിഞ്ഞു. സര്‍ക്കാരിനെതിരേ ഉയര്‍ത്തുന്ന വിമര്‍ശനങ്ങള്‍ക്ക് മുഖ്യമന്ത്രി തന്നെ പരസ്യമായി മറുപടി പറയും.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ മുഖ്യമന്ത്രി പൊതുസമ്മേളനങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. ശക്തമായ മറുപടിയായിരിക്കും പ്രസംഗങ്ങളില്‍ ഉണ്ടാകുക. ബിജെപിക്കും കേന്ദ്രസര്‍ക്കാരിനും എതിരായ വിമര്‍ശനം കടുപ്പിക്കാന്‍ തന്നെയാണ് തീരുമാനം.