എം.ജെ.ശ്രീജിത്ത്
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള മൂന്നാംഘട്ട തെരഞ്ഞെടുപ്പ് ആരംഭിച്ചു. ആദ്യ രണ്ടു ഘട്ടങ്ങളെ അപേക്ഷിച്ച് മൂന്നാം ഘട്ടത്തിൽ ആദ്യ മണിക്കൂറുകളിൽ വോട്ടെടുപ്പ് നടക്കുന്ന അഞ്ചു ജില്ലകളിലും അതി ശക്തമായ പോളിംഗാണ് നടക്കുന്നത്.
രാവിലെ 11 മണിയായപ്പോൾ 26.55 ശതമാനം പോളിംഗ് നടന്നു. ചില കേന്ദ്രങ്ങളിൽ ആദ്യ മണിക്കൂറൂകളിൽ 25 ശതമാനത്തിലധികം വോട്ടിംഗ് നടന്നിട്ടുണ്ട്. ആന്തൂർ നഗരസഭയിൽ പോളിംഗ് തുടങ്ങി രണ്ടര മണിക്കൂറിനകം പോളിംഗ് 22 ശതമാനം പിന്നിട്ടു.
എൽ ഡി എഫും യുഡിഎഫും വലിയ ആത്മവിശ്വാസത്തിലാണ്. ബി ജെ പിയാകട്ടെ ഇത്തവണ മികച്ച വിജയം നേടുമെന്ന പ്രതീക്ഷയിലാണ്. മലബാർ മേഖലകളിൽ വലിയ രീതിയിൽ സ്ത്രീ വോട്ടർമാർ ഉൾപ്പടെ രാവിലെ തന്നെ വോട്ട് ചെയ്യാൻ പോളിംഗ് കേന്ദ്രങ്ങളിലേയ്ക്ക് എത്തിയിട്ടുണ്ട്.
മലപ്പുറം സെന്റ് ജമ്മാസ് സ്കൂളിൽ പോളിംഗ് രാവിലെ തുടങ്ങാൻ സാധിച്ചില്ല. മെഷീൻ തകരാർ ആണ് കാരണം. ചെറുകാവ് പഞ്ചായത്ത് കുഴിയേടം വാർഡിൽ ഹസ്നിയ മദ്രസയിൽ വോട്ടിംഗ് യന്ത്രം തകരാർ ആയതിനെത്തുടർന്ന് പോളിംഗ് തുടങ്ങാൻ വൈകി.
കരുവാരകുണ്ട് കിഴക്കേത്തല വാർഡിൽ രണ്ടാം ബൂത്തിലും വോട്ടിംഗ് മെഷീൻ തകരാറിലായി. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലയിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. 68 67 വാർഡുകളിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഈ മാസം 16 നാണ് വോട്ടെണ്ണൽ . വോട്ടെടുപ്പ് നടക്കുന്ന കണ്ണൂർ ഉൾപ്പെടെയുള്ള എല്ലാ ജില്ലകളിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇതുവരെ കാര്യമായ അക്രമ സംഭവങ്ങളെന്നും രേഖപ്പെടുത്തിയിട്ടില്ല.
മുഖ്യമന്ത്രി പിണറായി വിജയൻ ചേരിക്കൽ ജൂനിയർ ബേസിക് സ്കൂളിൽ വോട്ട് രേഖപ്പെടുത്തി. റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ, സി പി എം പോളിറ്റ്ബ്യൂറോ അംഗം കോടിയേരിബലകൃഷണൻ, സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ എന്നിവർ കുടുംബ സമേതം എത്തി വോട്ട് രേഖപ്പെടുത്തി.
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വലിയ വിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ഇടതു മുന്നണിയെ ക്ഷീണിപ്പിക്കാനും ഉലയ്ക്കാനും കഴിയില്ല.
വോട്ടെണ്ണുന്പോൾ ആർക്കാണ് ക്ഷീണമെന്ന് കാണാമെന്നും പിണറായി വിജയൻ പറഞ്ഞു. ഇടതു തരംഗം ഉണ്ടാകുമെന്നാണ് കോടിയേരി ബാലകൃഷ്ണൻ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പറഞ്ഞത്.
മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ് നിലമ്പൂർ വീട്ടിക്കുത്ത് സ്കൂളിൽ വോട്ട് ചെയ്തു. മുസ്ലീംലീഗ് ദേശീയ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും രാവിലെ വോട്ട് രേഖപ്പെടുത്തി. 10,842 പോളിങ് ബൂത്തുകളിൽ 1,105 എണ്ണം പ്രശ്നബാധിതമായതിനാൽ വെബ്കാസ്റ്റിങ് ഏർപ്പെടുത്തിയിട്ടുണ്ട്.