തൊടുപുഴ: പന്ത് കോണ്‍ഗ്രസിനു തൽക്കാലം കൈമാറിയിട്ട് കേരള കോണ്‍ഗ്രസ് -എം വർക്കിംഗ് ചെയർമാൻ പി.ജെ.ജോസഫ് പുറപ്പുഴയിലെ വീട്ടിലെത്തി. സ്ഥാനാർഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് കോണ്‍ഗ്രസ് നേതാക്കളുമായുള്ള ചർച്ചയ്ക്കു ശേഷം ഇന്നലെയെത്തിയ അദ്ദേഹം ഇന്ന് രാവിലെ നിയോജക മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുക്കുന്ന തിരക്കിലായിരുന്നു.
നിലവിലുള്ള പ്രശ്നങ്ങൾ കോണ്‍ഗ്രസ് നേതാക്കളെ ധരിപ്പിച്ചതിനാൽ അവരിൽ നിന്നും ലഭിക്കുന്ന മറുപടി അനുസരിച്ചായിരിക്കും അടുത്ത നീക്കങ്ങളെന്ന് പി.ജെ.ജോസഫിന്റെ അടുത്ത കേന്ദ്രങ്ങൾ സൂചിപ്പിച്ചു. മറ്റു പരിപാടികളുണ്ടെങ്കിലും പുറപ്പുഴയിലെ വസതിയിൽ രാവിലെ മുതൽ ജോസഫ് ഗ്രൂപ്പ് നേതാക്കൾ എത്തുന്നുണ്ട്.
നിലവിലുള്ള സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ ഭാവിയിൽ കൈക്കൊള്ളേണ്ട തീരുമാനങ്ങളുടെ കാര്യത്തിൽ രണ്ടു ദിവസത്തിനുള്ളിൽ നിലപാടെടുക്കാനാണ് സാധ്യത. കഴിഞ്ഞ ദിവസം തൊടുപുഴയിലെ പ്രധാന യുഡിഎഫ് നേതാക്കളും പി.ജെ.ജോസഫുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ചില നീക്കുപോക്കുകളുമായാണ് ഇവർ അദ്ദേഹത്തെ സന്ദർശിച്ചതെന്നാണ് സൂചന. ഇതിനിടെ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ പ്രതികൂലമായി ബാധിക്കുന്ന തരത്തിൽ യാതൊരു നിലപാടുകളും തന്റെ പക്കൽ നിന്നും ഉണ്ടാവില്ലെന്നാണ് അദ്ദേഹം യുഡിഎഫ് നേതാക്കളെ ധരിപ്പിച്ചത്.