പത്തനംതിട്ട: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് രണ്ട് സ്ഥാനാർഥികൾ തമ്മിലുള്ള മത്സരമെന്നതിനേക്കാൾ നിലപാടുകളും ആശയങ്ങളും തമ്മിലുള്ള പോരാട്ടമാകണമെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം പ്രഫ. പി.ജെ കുര്യൻ. ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ബ്ലോക്ക് കോണ്ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച നിശാ ക്യാന്പ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ജനദ്രോഹ ഭരണം നടത്തുന്ന നരേന്ദ്രമോദി സർക്കാരിനും സംസ്ഥാനത്ത് കൊലപാതക രാഷ്ട്രീയത്തിന്റെ വ്യാപാരം നടത്തുന്ന പിണറായി സർക്കാരിനും എതിരായ ജനങ്ങളുടെ പോരാട്ടമാണ് ഈ ലോക്സഭ തെരഞ്ഞെടുപ്പിൽ നടക്കുന്നതെന്നും കുര്യൻ പറഞ്ഞു.ഡിസിസി പ്രസിഡന്റ് ബാബു ജോർജ് മുഖ്യപ്രഭാഷണം നടത്തി.ബ്ലോക്ക് കോണ്ഗ്രസ് കമ്മറ്റി വൈസ് പ്രസിഡന്റ് അബ്ദുൾ കലാം ആസാദ് അധ്യക്ഷത വഹിച്ചു. സ്ഥാനാർഥി ആന്റോ ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.