സി.സി.സോമൻ
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്ഥലംമാറ്റപ്പെട്ട പോലീസ് ഉദ്യോഗസ്ഥരെ തിരികെ പഴയ സ്ഥലത്തേക്ക് നിയമിക്കുന്നതിനുള്ള നടപടികൾ പോലീസ് ആസ്ഥാനത്ത് ആരംഭിച്ചു. ഈമാസം ഒടുവിൽ പോലീസ് ഉദ്യോസ്ഥരെ പഴയ സ്ഥാനത്തേക്ക് നിയമിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങുമെന്നാണ് സൂചന.
സ്വന്തം ജില്ലയിൽ ജോലി ചെയ്തിരുന്നവരെയും മൂന്നു വർഷത്തിലധികം ഒരേ സ്ഥലത്ത് ഡ്യൂട്ടി ചെയ്തിരുന്ന പോലീസ് ഉദ്യോഗസ്ഥരെയുമാണ ജില്ലയ്ക്കു പുറത്തേക്ക് സ്ഥലം മാറ്റിയത്. കോട്ടയം ജില്ലയിലെ 24 എസ്ഐമാരെയും 14 സിഐമാരെയും മൂന്ന് ഡിവൈഎസ്പിമാരെയും ലോക്സഭാ തെരഞ്ഞെടുപ്പിനു മുൻപ് വിവിധ ജില്ലകളിലേക്ക് സ്ഥലം മാറ്റിയിരുന്നു. എറണാകുളം, എറണാകുളം റൂറൽ എന്നിവിടങ്ങളിലേക്കാണ് ഭൂരിഭാഗവും എസ്ഐമാരെയും സ്ഥലം മാറ്റിയത്.
14 സിഐമാരെ മാറ്റിയത് തിരുവനന്തപുരം , കൊല്ലം ജില്ലകളിലേക്കാണ്. അതുപോലെ ചങ്ങനാശേരി, പാലാ നാർക്കോട്ടിക് ഡിവൈഎസ്പിമാരെയും സ്ഥലം മാറ്റിയിരുന്നു. ഇവരെല്ലാം ഈ മാസം ഒടുവിൽ പഴയ സ്ഥലത്ത് എത്തിച്ചേരുമെന്നാണ് സൂചന.
അതേ സമയം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥലം മാറ്റിയ ചില പോലീസ് ഉദ്യോഗസ്ഥർക്ക് തിരികെ പഴയ സ്ഥലത്ത് നിയമനം നല്കിയില്ല. ചില ഉന്നത ഇടപെടലുണ്ടായിട്ടു പോലും ചില പോലീസ് ഉദ്യോഗസ്ഥരെ തിരികെ നിയമിച്ചില്ല. അതുപോലെ കോട്ടയത്തു നിന്നു സ്ഥലം മാറ്റിയ ഏതാനും ചിലർക്ക് പഴയ സ്ഥലത്തേക്ക് തിരികെ നല്കാതിരിക്കാനും സാധ്യതയുണ്ട്. പഴയ കസേരയിൽ തന്നെയിരിക്കാൻ ഭരണകക്ഷി നേതാക്കളുടെ ശുപാർശ തേടിയിട്ടുണ്ട് പലരും.