തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സ്ഥലം മാറ്റത്തിൽ നിന്നും പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ഭാരവാഹിയെ ഒഴിവാക്കിയതിൽ സേനയിൽ അമർഷം പുകയുന്നു. കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ ഭാരവാഹിയും സർക്കിൾ ഇൻസ്പെക്ടറുമായ ഉദ്യോഗസ്ഥനെ ജില്ലയ്ക്ക് പുറത്തേക്ക് സ്ഥലം മാറ്റാതെ തിരുവനന്തപുരം ജില്ലയിൽ തന്നെ നിലനിർത്തിയതിനെതിരെയാണ് സേനയിൽ അമർഷം പുകയുന്നത്.
പോത്തൻകോട് സർക്കിൾ ഇൻസ്പെക്ടർ ഷാജിയുടെ പുതിയ നിയമനമാണ് പോലീസ് സേനയിൽ ഇപ്പോൾ ഏറെ ചർച്ചയായിരിക്കുന്നത്. പോത്തൻകോട് നിന്നും ആറ്റിങ്ങലിലേക്കാണ് ഷാജിക്ക് നിയമനം നൽകി ഉത്തരവായത്. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് ഷാജി താമസിക്കുന്നത്.
വിവിധ ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്ന പല എസ്ഐമാരെയും സിഐ മാരെയും വിദൂര ജില്ലകളിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. പോലീസ് ഓഫീസേഴ്സ് അസോസിയേഷനിലെ പല അംഗങ്ങളും ഇത്തരത്തിൽ വിദൂര ജില്ലകളിൽ സ്ഥലം മാറ്റം ലഭിച്ച് പോകാനുള്ള തയാറെടുപ്പിലുമാണ്.
എന്നാൽ ഭരണകക്ഷിയുമായി ഏറെ അടുപ്പം പുലർത്തുന്ന ഉദ്യോഗസ്ഥൻ എന്ന നിലയിൽ പോത്തൻകോട് സിഐ ആയ ഷാജിക്ക് ആറ്റിങ്ങലിൽ നിയമനം നൽകിയത് ഉചിതമായ നടപടിയല്ലെന്നാണ് അസോസിയേഷനിലെ ഒരു വിഭാഗം ആരോപിക്കുന്നത്. ആറ്റിങ്ങലിൽ ഏറെ വർഷക്കാലം എസ്ഐ ആയും സിഐ ആയും സേവനമനുഷ്ഠിച്ചിട്ടുള്ള ഉദ്യോഗസ്ഥനാണ് ഷാജിയെന്നും പോലീസ് ഉദ്യോഗസ്ഥർ ആരോപിക്കുന്നു. തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണ് ഷാജിയുടെ നിയമനമെന്നാണ് പോലീസ് സേനയിൽ ഇപ്പോൾ ചർച്ചയായിരിക്കുന്നത്.