തിരുവനന്തപുരം: ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികൾക്കു ലാവിഷായി ചെലവഴിക്കാം. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 2024ലെ തെരഞ്ഞെടുപ്പിൽ 20 ലക്ഷം രൂപയാണ് അധികമായി ചെലവഴിക്കാൻ തെരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതിയുള്ളത്.
മുൻപ് 70 ലക്ഷം രൂപയാണ് ഔദ്യോഗികമായി ചെലവഴിക്കാൻ അനുമതിയുള്ളതെങ്കിൽ ഇത്തവണ അത് 90 ലക്ഷമാണ്. നിരീക്ഷിക്കാൻ പല തല സംവിധാനങ്ങളാണു തെരഞ്ഞെടുപ്പു കമ്മീഷൻ ഒരുക്കിയിട്ടുള്ളത്.
എന്നാൽ, അനൗദ്യോഗികമായി ഇതിന്റെ പത്ത് ഇരട്ടിയിലേറെ ചെലവു വരുമെന്നാണു രാഷ്ട്രീയ നേതാക്കൾ പറയുന്നത്. പ്രമുഖ മുന്നണി സ്ഥാനാർഥികൾക്കെല്ലാം ചുരുങ്ങിയത് 10 കോടിയെങ്കിലും വേണ്ടിവരും തെരഞ്ഞെടുപ്പു പ്രചാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ. ഇതിലേറെ തുക ചെലവഴിക്കുന്ന സ്ഥാനാർഥികളുമുണ്ട്.
തെരഞ്ഞെടുപ്പു പ്രഖ്യാപനം വന്ന ശേഷം കേരളത്തിൽ 40 ദിവസത്തെ പൊതു പ്രചാരണ പരിപാടികളുണ്ട്. സ്ഥാനാർഥി പ്രഖ്യാപനം നേരത്തേ വന്നതിനാൽ പ്രചാരണം തുടങ്ങിയവരാണ് ഏറെയും.
വിജയിച്ച ശേഷമുള്ള സ്ഥാനാർഥിയുടെ ആഹ്ലാദ പ്രകടനത്തിനു വേണ്ടിവരുന്ന തുക അടക്കമുള്ള കണക്കാണ് തെരഞ്ഞെടുപ്പു ചെലവായി കമ്മീഷൻ നിഷ്കർഷിച്ചിട്ടുള്ളത്. പോസ്റ്റർ, ബാനർ, നോട്ടീസ്, പ്രചാരണ വാഹനങ്ങൾ എന്നിവയെല്ലാം തെരഞ്ഞെടുപ്പു കണക്കിൽ പെടുത്തും. പ്രചാരണത്തിനായി ഉപയോഗിക്കുന്ന ഓരോ സാധനത്തിനും വാഹനത്തിനും നിശ്ചിത വാടക ഇനത്തിലുള്ള തുക കമ്മീ ഷൻ കണക്കാക്കിയിട്ടുണ്ട്.
നിരീക്ഷണത്തിനായി ഓരോ മണ്ഡലത്തിലും എക്സ്പെൻഡിച്ചർ മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ചെലവു നിരീക്ഷണത്തിനായി ഫ്ളൈയിംഗ് സ്ക്വാഡ്, സ്റ്റാറ്റിക് സർവൈലൻസ് ടീം, വീഡിയോ സർവൈലൻസ് ടീം തുടങ്ങിയവയുമുണ്ട്. മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള തെരഞ്ഞെടുപ്പു നിരീക്ഷകരായ ഉദ്യോഗസ്ഥർ അടുത്ത ദിവസങ്ങളിൽ കേരളത്തിലെത്തും. ഐഎഎസ്, ഐആർഎസ് അടക്കമുള്ള സിവിൽ സർവീസ് ഉദ്യോഗസ്ഥരാണു സംഘത്തിലുള്ളത്.
ലോക്സഭാ തെരഞ്ഞെടുപ്പു പൂർത്തിയായി 90 ദിവസത്തിനകം സ്ഥാനാർഥികൾ തെരഞ്ഞെടുപ്പ് ചെലവുമായി ബന്ധപ്പെട്ട കണക്കുകൾ സമർപ്പിക്കണമെന്നാണു കമ്മീഷൻ ചട്ടം.
കെ. ഇന്ദ്രജിത്ത്