കോട്ടയം: പൊതു തെരഞ്ഞെടുപ്പിന് കേരളം വിധി എഴുതുന്പോൾ ആദ്യ മൂന്നര മണിക്കൂറിൽ കനത്ത പോളിംഗാണ് രേഖപ്പെടുത്തുന്നത്. വയനാട്ടിലും പത്തനംതിട്ടയിലും പോളിംഗ് ഇരുപത് ശതമാനം കടന്നു. കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വം കൊണ്ട് ശ്രദ്ധേയമായ വയനാട്ടിൽ രാവിലെ ഏഴു മുതൽതന്നെ നൂറു കണക്കിന് പേരാണ് പോളിംഗ് ബൂത്തുകൾക്ക് മുന്നിൽ എത്തിയത്. കണ്ണൂർ, തൃശൂർ, കോട്ടയം മണ്ഡലങ്ങളിലും മികച്ച പോളിംഗാണ് രേഖപ്പെടുത്തുന്നത്.
അതേസമയം, വോട്ടിംഗ് യന്ത്രങ്ങൾക്ക് വ്യാപക തകരാറും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കോവളത്തും ചേർത്തലയിലുമാണ് ഗുരുതര പിഴവുണ്ടായതെന്നാണ് പരാതി. ചൊവ്വരയിലെ 151-ാം ബൂത്തിൽ കൈപ്പത്തിക്ക് വോട്ട് ചെയ്യുന്പോൾ തെളിഞ്ഞത് താമരചിഹ്നമാണ്. 76 പേർ വോട്ട് ചെയ്തതിനു ശേഷമാണ് പിഴവ് കണ്ടെത്തിയത്. വിവിപാറ്റ് പരിശോധിച്ചപ്പോഴാണ് ഇക്കാര്യം മനസിലായതെന്ന് കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു.
സംഭവത്തെ തുടർന്ന് തെര. കമ്മീഷൻ ഉദ്യോഗസ്ഥർ വോട്ടിംഗ് യന്ത്രം വിശദപരിശോധനയ്ക്കായി മാറ്റി. പിന്നീട് പുതിയ യന്ത്രം എത്തിച്ച് വോട്ടിംഗ് പുനരാരംഭിക്കുകയും ചെയ്തു. ആലപ്പുഴയിൽ കിഴക്കേചേർത്തല എൻഎസ്എസ് കരയോഗം 88-ാം നന്പർ ബൂത്തിലാണ് ഏത് ചിഹ്നത്തിൽ കുത്തിയാലും താമരയ്ക്ക് തെളിയുന്നതായി പരാതിയുർന്നത്. മോക്ക് വോട്ടിന്റെ സമയത്താണ് ഇവിടെ യന്ത്രത്തിൽ പിഴവ് കണ്ടെത്തിയത്. ഇതിനെ തുടർന്ന് വോട്ടിംഗ് യന്ത്രം പുനസ്ഥാപിച്ചു.