റെനീഷ് മാത്യു
കണ്ണൂർ: സംസ്ഥാനത്തെ പോളിംഗ് ശതമാനത്തിലുള്ള കുറവിൽ പകച്ച് മുന്നണികൾ. പോളിംഗ് ശതമാനത്തിലെ കുറവ് മുന്നണികളുടെ കണക്ക്കൂട്ടലുകളെയും തെറ്റിച്ചു. പ്രതീക്ഷയർപ്പിച്ച സീറ്റുകളിൽ ചിലയിടങ്ങളിൽ പ്രവചനാതീതമാണെന്നാണ് നിലവിലെ വിലയിരുത്തൽ.
തെരഞ്ഞെടുപ്പിന് മുൻപെ നൂറിന് മേൽ സീറ്റുകൾ നേടുമെന്ന് പറഞ്ഞ എൽഡിഎഫിന്റെ കണക്കുകൂട്ടലുകൾ 95 ലേക്ക് മാറി. ന്യൂനപക്ഷ മേഖലകളിലും തീരമേഖലകളിലുമുണ്ടായ കനത്ത പോളിംഗും എൽഡിഎഫിനെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്.
യുഡിഎഫിന് 85 സീറ്റുകൾ കിട്ടുമെന്നാണ് പ്രതീക്ഷ.നേമത്ത് അടക്കം പത്തോളം സീറ്റുകളിലാണ് ബിജെപിയുടെ വിജയപ്രതീക്ഷ. നിലവിലുള്ള ഏക സീറ്റിൽ നിന്ന് നിയമസഭയിൽ ബിജെപിയുടെ അംഗസംഖ്യ മൂന്നു മുതൽ ആറു വരെ എത്താമെന്ന് പോളിംഗിന് ശേഷം നേതാക്കളുടെ നിരീക്ഷണം.
സിറ്റിംഗ് സീറ്റായ നേമത്തും സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ മത്സരിക്കുന്ന മഞ്ചേശ്വരത്തും മെട്രോമാൻ ഇ. ശ്രീധരൻ മത്സരിക്കുന്ന പാലക്കാടും ബിജെപിക്ക് വിജയപ്രതീക്ഷയുണ്ട്.സംസ്ഥാനത്ത് 74.03 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായാണ് ഔദ്യോഗിക കണക്ക്.
തപാൽ,സർവീസ് വോട്ടുകൾ കൂടി ചേർക്കുമ്പോൾ ആകെ പോളിംഗ് ശതമാനം 77 കടന്നേക്കും. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 77.84 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയിരുന്നു.എന്നാൽ, കനത്ത പോരാട്ടം നടന്ന മഞ്ചേശ്വരം ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ പോളിംഗ് വർധനവ് ഉണ്ടായിട്ടുള്ളതും മുന്നണികളെ കുഴയ്ക്കുന്നു.
ബൂത്ത് തലത്തിലുള്ള കണക്കുകൾ ഇന്ന് വൈകുന്നേരത്തോടെ എല്ലാ പാർട്ടികളുടേയും ആസ്ഥാനത്തേക്ക് എത്തിയേക്കും. ഇതോടെ തെരഞ്ഞെടുപ്പിലെ പ്രകടനം സംബന്ധിച്ച ഏകദേശ ധാരണയിലേക്ക് പാർട്ടികൾ എത്തും.
എറണാകുളം ജില്ലയിൽ ട്വന്റി 20 നേടുന്ന വോട്ടുകൾ നിർണായകമാകും. അതേസമയം കോട്ടയത്ത് കേരള കോൺഗ്രസ് ശക്തികേന്ദ്രങ്ങളിൽ പോളിംഗ് കുറഞ്ഞതും ഇടതുമുന്നണിയെ ആശങ്കയിലാക്കിയിട്ടുണ്ട്.