കോട്ടയം: തെരഞ്ഞെടുപ്പിനു സജ്ജമായി കോട്ടയം. തെരഞ്ഞെടുപ്പിനു മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശപ്രകാരമുള്ള തയാറെടുപ്പുകൾ പൂർത്തിയാക്കി. പോളിംഗ് സാമഗ്രികളുടെ വിതരണം വിവിധ ബ്ലോക്ക്, മുനിസിപ്പൽ തലങ്ങളിലെ 17 കേന്ദ്രങ്ങളിൽ ആരംഭിച്ചു കഴിഞ്ഞു.
5432 സ്ഥാനാർഥികൾ
ജില്ലയിൽ ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലേക്കും മുനിസിപ്പാലിറ്റികളിലുമായി 1512 നിയോജക മണ്ഡലങ്ങളിലായി 5432 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. ജില്ലാ പഞ്ചായത്ത്-22, ബ്ലോക്ക് പഞ്ചായത്തുകൾ-146, ഗ്രാമപഞ്ചായത്തുകൾ-1140, മുനിസിപ്പാലിറ്റികൾ-204 ഡിവിഷനുകളുണ്ട്.
ജില്ലാ പഞ്ചായത്ത്-89, ബ്ലോക്ക് പഞ്ചായത്തുകൾ-491 ഗ്രാമപഞ്ചായത്തുകൾ-4118, മുനിസിപ്പാലിറ്റികൾ-734 സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്. 16,13,594 വോട്ടർമാരാണ് ജില്ലയിലാകെയുള്ളത്.
8,33,032 സ്ത്രീകളും 7,80,551 പുരുഷൻമാരും മറ്റുവിഭാഗത്തിൽപെടുന്ന 11 പേരുമുണ്ട്. ഗ്രാമപഞ്ചായത്തുകളിൽ 2079 ഉം മുനിസിപ്പാലിറ്റി-253 ഉം അടക്കം 2332 പോളിംഗ് ബൂത്തുകളാണുള്ളത്.
സാമൂഹിക അകലം പ്രധാനം
കോവിഡ് പ്രതിരോധത്തിനായി ഓരോ പോളിംഗ് ബൂത്തിലും പ്രത്യേക സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഏഴു ലിറ്റർ സാനിറ്റൈസർ, 18 മാസ്കുകൾ, 12 കയ്യുറകൾ, ആറ് ഷീൽഡുകൾ, അഞ്ച് പിപിഇ കിറ്റുകൾ എന്നിവ ലഭ്യമാക്കി. ഇതുകൂടാതെ സാമൂഹിക അകലം പാലിച്ചു ക്യൂ നിൽക്കാനുള്ള മുൻകരുതലുകളുമുണ്ട്. ‘
പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി
കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിനുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം ബ്ലോക്ക്, മുനിസിപ്പൽ വിതരണ കേന്ദ്രങ്ങളിൽ ആരംഭിച്ചു.
പള്ളം, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, വാഴൂർ, പാന്പാടി, ളാലം, മാടപ്പള്ളി, കടുത്തുരുത്തി, വൈക്കം, ഏറ്റമാനൂർ, വാഴൂർ എന്നിവിടങ്ങളിലെ ബ്ലോക്ക് തല വിതരണ കേന്ദ്രങ്ങളിൽ കോവിഡ് പ്രോട്ടാക്കോളാടെ ഓരോ പഞ്ചായത്തിനും നിശ്ചിത സമയം അനുവദിച്ചാണ് വിതരണം നടത്തുന്നത്. രാവിലെ എട്ടിനാരംഭിച്ച വിതരണം വൈകുന്നേരം മൂന്നുവരെ തുടരും.