പത്തനംതിട്ട: ശക്തമായ ത്രികോണ മത്സരം നടന്ന, ശബരിമല പ്രക്ഷോഭത്തിന്റെ കേന്ദ്രബിന്ദുവായ പത്തനംതിട്ടയിൽ 80 ശതമാനത്തിലധികം പോളിംഗ് നടന്നത് 160 ബൂത്തുകളിൽ. മണ്ഡലത്തിലെ റിക്കാർഡ് പോളിംഗിന്റെയും വോട്ടിംഗ് ശതമാനത്തിന്റെയും കണക്കുകൾക്കൊപ്പമാണ് ഈ വിവരവും പുറത്തുവരുന്നത്. അടൂരിലെ മൂന്നാളം ഗവണ്മെന്റ് എൽപിഎസ് സ്കൂളിലെ 89-ാം നന്പർ ബൂത്തിൽ 100 ശതമാനമാണ് പോളിംഗ്. മണ്ഡലത്തിൽ 90 ശതമാനത്തിന് മുകളിൽ പോളിംഗ് നടന്ന ഏക ബൂത്തും ഇതുതന്നെ.
74.19 ശതമാനമാണ് ഇത്തവണത്തെ വോട്ടിംഗ് ശതമാനം. മണ്ഡല ചരിത്രത്തിൽ ആദ്യമായാണ് വോട്ടിംഗ് ശതമാനം 70 കടക്കുന്നത്. വോട്ട് ചെയ്തവരുടെ എണ്ണം 10 ലക്ഷം കടക്കുന്നതും ഇതാദ്യം. പോളിംഗ് ശതമാനം കൂടുതൽ കാഞ്ഞിരപ്പള്ളിയിലും കുറവ് റാന്നിയിലുമാണ്.
കാഞ്ഞിരപ്പള്ളിയിൽ 59 ബൂത്തുകളിലും പൂഞ്ഞാറിൽ 33 ബൂത്തുകളിലും അടൂരിൽ 44 ബൂത്തുകളിലും പോളിംഗ് 80 ശതമാനം കവിഞ്ഞു. തിരുവല്ലയിൽ നാലും റാന്നിയിൽ രണ്ടും കോന്നി, ആറൻമുള എന്നിവിടങ്ങളിൽ ഒന്പത് വീതം ബൂത്തുകളിലാണ് 80-ന് മുകളിൽ വോട്ടിംഗ് ശതമാനം എത്തിയത്.
മണ്ഡലത്തിൽ 60 ശതമാനത്തിൽ താഴെ വോട്ടിംഗ് രേഖപ്പെടുത്തിയത് നാലു ബൂത്തുകളിൽ മാത്രമാണ്. ഒരു ബൂത്ത് തിരുവല്ലയിലും മൂന്നു ബൂത്തുകൾ റാന്നിയിലുമാണ്. 2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ 92 ബൂത്തുകളിലായിരുന്നു 60 ശതമാനത്തിൽ താഴെ വോട്ടിംഗ് നടന്നത്.
ജനസംഖ്യയിൽ സ്ത്രീകൾ കൂടുതലുള്ള ജില്ലയാണ് പത്തനംതിട്ട. ആ മേധാവിത്വം വോട്ടുചെയ്യുന്നതിലും സ്ത്രീകൾ നിലനിർത്തി. ആകെ വോട്ട് ചെയ്യപ്പെട്ടതിൽ പകുതിയിലധികവും സ്ത്രീകളുടെ വോട്ടാണ്. മണ്ഡലത്തിൽ ആകെയുള്ള 716884 വനിതാ വോട്ടർമാരിൽ 531826 പേരും തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിച്ചു.
അതേസമയം 490934 പുരുഷൻമാർ മാത്രമാണ് ബൂത്തിലെത്തിയത്. ആകെ 661700 പുരുഷവോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. ഏഴു നിയമസഭാ മണ്ഡലങ്ങളിൽ പൂഞ്ഞാർ ഒഴികെയുള്ള എല്ലാ മണ്ഡലങ്ങളിലും സ്ത്രീ വോട്ടർമാർതന്നെയാണ് മുന്നിൽ നിൽക്കുന്നത്.
100 ശതമാനംപേർ വോട്ട് ചെയ്ത് ട്രാൻസ്ജെൻഡർ വിഭാഗവും ശ്രദ്ധനേടി. കാഞ്ഞിരപ്പള്ളി, ആറൻമുള, അടൂർ മണ്ഡലങ്ങളിൽനിന്ന് ഓരോരുത്തർവീതം ആകെ മൂന്നു പേർക്കാണു ട്രാൻസ്ജെൻഡർ എപ്പിക് കാർഡുണ്ടായിരുന്നത്.