കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിന് വോട്ടെടുപ്പിനുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം നാളെ രാവിലെ എട്ടു മുതല്‍ നിയമസഭാ മണ്ഡലങ്ങളിലെ സ്വീകരണ-വിതരണകേന്ദ്രങ്ങളില്‍ ആരംഭിക്കും. 1198 വോട്ടിംഗ്-വിവി പാറ്റ് യന്ത്രങ്ങളാണ് വോട്ടെടുപ്പിന് ആവശ്യമുള്ളത്.
1,468 ബാലറ്റ് യൂണിറ്റുകളും 1,448 കണ്ട്രോള് യൂണിറ്റുകളും 1,535 വിവിപാറ്റ് യന്ത്രങ്ങളും സജ്ജമാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും കോട്ടയം ലോക്സഭ മണ്ഡലത്തിലെ വരണാധികാരിയുമായ ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരിയും ജില്ലാ പോലീസ് ചീഫ് കെ. കാര്‍ത്തിക്കും അറിയിച്ചു.
26ന് രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറു വരെയാണ് വോട്ടെടുപ്പ്. 14 സ്ഥാനാര്‍ഥികളാണു കോട്ടയം ലോക്സഭ മണ്ഡലത്തില്‍ മത്സരരംഗത്തുള്ളത്. മണ്ഡലത്തില്‍ 12,54,823 വോട്ടര്‍മാരുണ്ട്; 6,47,306 സ്ത്രീകളും 6,07,502 പുരുഷന്മാരും 15 ട്രാന്‍സ്ജെന്‍ഡറും. വോട്ടര്‍മാരില്‍ 51.58 ശതമാനം സ്ത്രീകളാണ്. പുരുഷന്മാര് 48.41 ശതമാനവും. മണ്ഡലത്തില്‍ 1,198 പോളിംഗ് സ്റ്റേഷനുകളാണുള്ളത്.
ഹരിതചട്ടം പാലിച്ചാണ് തെരഞ്ഞെടുപ്പ് നടക്കുക. പോളിംഗ് സ്റ്റേഷനുകളില്‍ ഭിന്നശേഷിക്കാര്‍ക്കും അവശരായവര്‍ക്കുമായി വീല്‍ചെയര്‍ സൗകര്യം, വോട്ടു രേഖപ്പെടുത്താന്‍ എത്തുന്നവര്‍ക്കൊപ്പമുള്ള കുട്ടികള്‍ക്കായി ക്രഷ്, കുടിവെള്ളം എന്നിവയും ക്രമീകരിച്ചിട്ടുണ്ട്. ജില്ലയില്‍ 1,564 പോളിംഗ് ബൂത്തുകളില്‍ 1,173 ബൂത്തുകളിലും വെബ്കാസ്റ്റിംഗ് സജ്ജമാക്കിയിട്ടുണ്ട്.
തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധം
വോട്ടുചെയ്യുന്നതിന് ഫോട്ടോ പതിച്ച വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡാണ് വോട്ടറെ തിരിച്ചറിയാനുള്ള പ്രധാന രേഖ. വോട്ടര്‍ തിരിച്ചറിയില്‍ കാര്‍ഡ് ഹാജാരാക്കാന്‍ പറ്റാത്തവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് അംഗീകരിച്ച രേഖകളും തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം.
താഴെപ്പറയുന്ന തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കിയാലും വോട്ട് ചെയ്യാം. ആധാര്‍ കാര്‍ഡ്, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി തിരിച്ചറിയല്‍ കാര്‍ഡ്, ബാങ്ക്, പോസ്റ്റ് ഓഫീസ് നല്കിയ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്, തൊഴില്‍ മന്ത്രാലയത്തിന്റെ പദ്ധതി പ്രകാരം നല്‍കിയിട്ടുള്ള ആരോഗ്യപരിരക്ഷാ സ്മാര്‍ട്ട് കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍കാര്‍ഡ്,
ദേശീയ ജനസംഖ്യ രജിസ്റ്ററിനു കീഴില്‍ (എന്‍പിആര്‍) കീഴില്‍ രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ(ആര്‍ജിഐ) നല്കിയ സ്മാര്‍ട്ട് കാര്‍ഡ്, ഇന്ത്യന്‍ പാസ്പോര്‍ട്ട്, ഫോട്ടോ പതിച്ച പെന്ഷന് രേഖ കേന്ദ്ര, സംസ്ഥാന, പൊതുമേഖല, പബ്ലിക് ലിമിറ്റഡ് കമ്പനികളുടെ ജീവനക്കാര്‍ക്കു നല്കുന്ന സര്‍വീസ് തിരിച്ചറിയല്‍ കാര്‍ഡ്, എംപി, എംഎല്‍എ, എംഎല്‍സി എന്നിവര്‍ക്കു നല്കുന്ന ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്, ഭാരതസര്‍ക്കാര്‍ സാമൂഹികനീതി- ശാക്തീകരണമന്ത്രാലയം നല്കുന്ന സവിശേഷ ഭിന്നശേഷി തിരിച്ചറിയല്‍ കാര്‍ഡ്
മദ്യനിരോധനം
വോട്ടെടുപ്പിന് 48 മണിക്കൂര്‍ മുമ്പ് മുതല്‍ മദ്യനിരോധനം ഏര്‍പ്പെടുത്തി. ഇന്നു വൈകുന്നേരം ആറു മുതല്‍ 26നു വൈകുന്നേരം ആറു വരെ ഡ്രൈഡേ പ്രഖ്യാപിച്ചു.
വോട്ടെടുപ്പ് ദിവസത്തെ പെരുമാറ്റച്ചട്ടം
വോട്ടെടുപ്പ് ദിവസം മാതൃകാ പെരുമാറ്റച്ചട്ടം പാലിക്കേണ്ടതാണ്. സമ്മതിദായകര്‍ക്ക് കൈക്കൂലി നല്‍കുക, ഭീഷണിപ്പെടുത്തുക, വ്യാജവോട്ട് രേഖപ്പെടുത്തുക, പോളിംഗ് സ്റ്റേഷന്റെ 100 മീറ്റര്‍ പരിധിക്കുള്ളില്‍ വോട്ടു തേടുക, പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുക, പോളിംഗ് സ്റ്റേഷനിലേക്കും തിരിച്ചും വോട്ടര്‍മാര്‍ക്ക് യാത്രാസൗകര്യമൊരുക്കുക തുടങ്ങി തെരഞ്ഞെടുപ്പ് നിയമപ്രകാരം കുറ്റകരമായി കാണുന്നവ ഒഴിവാക്കണം.
പോളിംഗ് ബൂത്തുകളുടെയും രാഷ്ട്രീയകക്ഷികളും സ്ഥാനാര്‍ഥികളും സജ്ജീകരിക്കുന്ന ക്യാമ്പുകള്‍ക്കു സമീപവും അനാവശ്യമായ ആള്‍ക്കൂട്ടം പാടില്ല.
സ്ഥാനാര്‍ഥികളുടെ ക്യാമ്പുകള്‍ ആര്‍ഭാടരഹിതമാകണം. അവിടെ ചുവര് പരസ്യങ്ങളോ കൊടികളോ ചിഹ്നമോ മറ്റു പ്രചരണ വസ്തുക്കളോ പ്രദര്‍ശിപ്പിക്കാനോ ആഹാരപദാര്‍ത്ഥങ്ങള്‍ വിതരണം ചെയ്യാനോ പാടില്ല.വോട്ടെടുപ്പ് ദിവസം വാഹനങ്ങള്‍ ഓടിക്കുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ പാലിക്കണം.
പെര്‍മിറ്റ് വാങ്ങി വാഹനങ്ങളില്‍ പ്രദര്‍ശിപ്പിക്കണം. സമ്മതിദായകര്‍ ഒഴികെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെയോ ജില്ലാ ഇലക്ഷന് ഓഫീസറുടെയോ നിയമാനുസൃത പാസ് ഇല്ലാത്ത ആരെയും പോളിംഗ് ബൂത്തുകളില്‍ പ്രവേശിപ്പിക്കില്ല.