ഡൊമനിക് ജോസഫ്
മാന്നാർ: പാർലമെന്റ്, അസംബ്ലി തെരെഞ്ഞെടുപ്പുകളിൽ നിന്ന് വ്യത്യസ്തമായി തദ്ദേശ തെരഞ്ഞെടുപ്പിൽ പോസ്റ്ററിലെ വൈവിധ്യങ്ങൾ കൊണ്ട് മാത്രം സ്ഥാനാർത്ഥികൾ ശ്രദ്ധേയമായ ഡിവിഷനുകളും വാർഡുകളുമുണ്ട്.
സ്ഥാനാർത്ഥികളിൽ ചിലർ ചെയ്യുന്ന ജോലിയുൾപ്പെടുത്തി പോസ്റ്റർ തയ്യാറാക്കിയപ്പോൾ സ്ഥാനാർത്ഥികളായ കലാകാരൻമാർ ആ രംഗം ഉൾപ്പെടുത്തിയാണ് പോസ്റ്റർ തയ്യാറാക്കിയിരിക്കുന്നത്.
ചിലരാകട്ടെ നാട്ടിൻപുറത്ത് സ്ഥിരമായി ചായകുടിക്കുന്ന കടയിലെ കൊച്ചുവർത്തമാന കൂട്ടുകാരെ ചേർത്താണ് പോസ്റ്റർ തയാറാക്കിയിരിക്കുന്നത്.സ്ഥാനാർഥികളെ കൂടുതൽ അടുത്തറിയാൻ ഇത്തരം പോസ്റ്ററുകൾക്ക് കഴിയുമെന്നാണ് സ്ഥാനാർത്ഥികളുടെ പക്ഷം.
ജീവിതമുള്ള പോസ്റ്ററുകൾ
സുന്ദരകുട്ടപ്പൻമാരായി സ്റ്റുഡിയോയിൽ ചെന്ന് പല തരത്തിലുള്ള ഫോട്ടോകൾ എടുക്കുന്നതിന് പകരം സ്ഥാനാർഥിയുടെ ജീവിതവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ പോസ്റ്ററുകൾ കൂടുതൽ ഗുണകരമാക്കുമെന്ന് ഇവർ കണക്കുകൂട്ടുന്നു.
ബുധനൂർ ഗ്രമപഞ്ചായത്തിലെ 14-ാം വാർഡിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജി.രാമകൃഷ്ണൻ ഒരു കർഷകനാണ്.ദിവസവും തന്റെ പാടത്തും പുരയിടത്തിലും കാർഷിക വൃത്തിയിലേർപ്പെട്ട ശേഷമാണ് പൊതു രംഗത്തിറങ്ങുന്നത്.
രാമകൃഷ്നുവേണ്ട് വോട്ട് അഭ്യർഥിച്ച് തയാറാക്കിയിരിക്കുന്ന പോസ്റ്ററിൽ തന്റെ പുരയിടത്തിൽ തലയിൽ വട്ടകെട്ടും കെട്ടി പണിയെടുക്കുന്ന ചിത്രമാണ്. കടപ്ര ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിൽ നിന്ന് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥി ശിവദാസ്.
യു പണിക്കർ രാവിലെ ചായകുടിക്കുന്ന തിക്കപ്പുഴയിലെ സുഹൃത്തുക്കൾക്കൊപ്പം സൊറ പറയുന്നതാണ് പോസ്റ്ററുകളിലും ബോർഡുകളിലും കാഴ്ച. ഇവിടെ അഞ്ചാം വാർഡിലെ ബിജെപി സ്ഥാനാർത്ഥി ക്ഷേത്ര നിർമാണ ശില്പിയാണ്.
പ്രചാരണരംഗങ്ങളിൽ ഇതിന്റെ പ്രതിഫലനമാണ് നിറയുന്നത്.ഭരണിക്കാവ് ബ്ലോക്ക് പടനിലം ഡിവിഷനിലെ ബിജെപി സ്ഥാനാർത്ഥി രേഷ്മ കളരി അഭ്യാസിയാണ്.
കളരി മുറയിലുള്ള ഫോട്ടോയുള്ള പോസ്റ്ററാണ് പ്രചാരണത്തിന് ഉപയോഗിക്കുന്നത്.കടപ്ര പഞ്ചായത്തിലെ ഒന്പതാം വാർഡിലെ സ്വതന്ത്ര സ്ഥാനാർത്ഥി ഒരു ഗായികയാണ്.
നിരവധി കാസറ്റുകളിൽ പാടിയിട്ടുണ്ട്.പോസ്റ്ററുകളിൽ ഒറ്റ നോട്ടത്തിൽ ഗായികയാണെന്നറിയുന്ന തരത്തിലാണ് ക്രമപ്പെടുത്തിയിരിക്കുന്നത്. മുന്നണി വ്യത്യാസമില്ലാതെ എല്ലാവരും വ്യത്യസ്തത കൊണ്ടുവരാൻ ഏറെ ശ്രമിക്കുന്നുണ്ട്.