എടക്കര: കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വയനാട് ലോക്സഭ മണ്ഡലത്തിൽ നിന്നുള്ള സ്ഥാനാർഥിത്വം സംബന്ധിച്ച് അന്തിമ തീരുമാനം വരുന്നതിനു മുന്‍പേ തന്നെ വയനാട് ലോക്സഭാ മണ്ഡലത്തിൽപ്പെട്ട മലപ്പുറം ജില്ലയിലെ മലയോര മേഖലയിലെ കോണ്‍ഗ്രസ് പ്രവർത്തകർ പോസ്റ്ററുകൾ പതിച്ചുതുടങ്ങി. അമേഠിക്ക് പുറമെ വയനാട് മണ്ഡലത്തിൽ നിന്നും ജനവിധി തേടണമെന്ന് രാഹുൽ ഗാന്ധിക്ക് മുന്നിൽ കെ.പി.സി.സി ആവശ്യമുന്നയിച്ചിരുന്നു.
ഇതുസംബന്ധിച്ച ഒൗദ്യോഗിക പ്രഖ്യാപനം വരുന്നതിനു മുന്‍പേതന്നെ മതേതര ഇന്ത്യയുടെ രാജകുമാരന് വയനാട്ടിലേക്ക് സ്വാഗതം എന്ന തലക്കെട്ടോടെ പ്രവർത്തകർ മേഖലയിൽ പോസ്റ്ററുകൾ തയാറാക്കുകയും പതിക്കുകയും ചെയ്തിരിക്കുകയാണ്. മൂത്തേടം കാരപ്പുറം ടൗണിലാണ് വയനാട് ലോക്സഭ മണ്ഡലത്തിൽ നിന്നു മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ ഗാന്ധിയെ വിജയിപ്പിക്കുകയെന്നുമുള്ള പോസ്റ്റുകൾ പതിച്ചിരിക്കുന്നത്.
കാരപ്പുറത്തും നെല്ലിക്കുത്തിലുമാണ് വിവിധ സ്ഥലങ്ങളിലായി പോസ്റ്ററുകളും ഫ്ളക്സ് ബോർഡുകളും നിരത്തിയിട്ടുള്ളത്. രാഹുൽ മത്സരിച്ചേക്കുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.വി. പ്രകാശിന്റെ നേതൃത്വത്തിൽ എടക്കര ടൗണിലും യു.ഡി.എഫ് പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി. എടക്കര പുതിയ ബസ് സ്റ്റാൻഡിലായിരുന്നു ആഹ്ലാദപ്രകടനം.
ജില്ലാ പഞ്ചായത്തംഗം ഒ.ടി. ജെയിംസ്, മുൻ ബ്ലോക്ക്് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ബാബു തോപ്പിൽ, കബീർ പനോളി എന്നിവർ നേതൃത്വം നൽകി. അതിനിടെ രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥി പ്രഖ്യാപനവും കാത്തു വരവേൽക്കാൻ ഒരുങ്ങിനിൽക്കുകയാണ് നിലന്പൂരിലെ കോണ്‍ഗ്രസ് പ്രവർത്തകർ.
ഇന്നലെ നടന്ന പ്രവർത്തക കണ്‍വൻഷനിൽ ഇതിനുള്ള ആഹ്വാനവുമുണ്ടായി. തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി നടന്ന ബൂത്തുതല നേതാക്കളുടെ അടിയന്തിരയോഗം കെ.പി.സി.സി. സെക്രട്ടറി വി.എ.കരീം ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ പ്രസിഡന്റ് പാലോളി മെഹബൂബ് അധ്യക്ഷനായിരുന്നു.
27ന് പീവീസ് ആർക്കേഡിൽ മുനിസിപ്പൽ കണ്വൻഷൻ നടത്തും. വയനാട്ടിലേക്കു രാഹുൽ ഗാന്ധിയെ സ്ഥാനാർഥിയായി പ്രഖ്യാപിക്കുന്ന ദിവസം നിലന്പൂരിൽ യു.ഡി.എഫ് ആഘോഷം നടത്തും. വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിനു ഇനിയും ബാക്കിയുണ്ടെങ്കിൽ ഉടൻ പൂർത്തീകരിക്കുവാനും യോഗം തീരുമാനിച്ചു. ആര്യാടൻ ഷൗക്കത്ത്, എം.ഗോപിനാഥ്, പദ്മിനി ഗോപിനാഥ്, എം.കെ.ബാികൃഷ്ണൻ, ഷാജഹാൻ പായിന്പാടം, പി.ടി.ചെറിയാൻ, വി.എ.ലത്തീഫ്, സി.ടി.ഉമ്മർകോയ, എം.സിക്കന്തർ, കെ.വിനോദ് എന്നിവർ പ്രസംഗിച്ചു.
വയനാട് ലോക്സഭാ മണ്ഡലത്തിൽ രാഹുൽഗാന്ധി സ്ഥാനാർഥിയാകുമെന്ന പ്രതീക്ഷയിൽ മഹിളാ കോണ്‍ഗ്രസ് പ്രവർത്തകരും ആവേശ തിമർപ്പിൽ. നിലന്പൂർ മുനിസിപ്പൽ പ്രവർത്തക കണ്‍വൻഷനിൽ മധുരം വിതരണം ചെയ്ത് സ്ഥാനാർഥിത്വത്തെ സ്വാഗതം ചെയ്തു.
സംസ്ഥാന ജനറൽ സെക്രട്ടറി പദ്മിനി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. രജനി രാജൻ അധ്യക്ഷയായിരുന്നു. എ.ഗോപിനാഥ് പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി പി.പുഷ്പവല്ലി, ജില്ലാ സെക്രട്ടറി ഷേർളി വർഗീസ്, ബിനു ചെറിയാൻ, ഷേർളി മോൾ, വി.എം.ശോഭ, എം.കെ.ബാലകൃഷ്ണൻ, പാലോളി മെഹബൂബ് എന്നിവർ പ്രസംഗിച്ചു.