തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ജാഥയും കലാശക്കൊട്ടും പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ.
ഇത് ഉൾപ്പെടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള മാനദണ്ഡങ്ങൾ കമ്മീഷൻ പുറത്തിറക്കി.
പത്രികാ സമർപ്പണത്തിന് സ്ഥാനാർഥി ഉൾപ്പടെ മൂന്നു പേർ മാത്രമേ പാടുള്ളു. സ്ഥാനാർഥികൾക്ക് ഹാരം, പൂച്ചെണ്ട്, നോട്ടുമാല, ഷാൾ എന്നിവ നൽകാൻ പാടില്ല.
പ്രചാരണത്തിന്റെ ഭാഗമായുള്ള ഭവന സന്ദർശനത്തിന് സ്ഥാനാർഥി ഉൾപ്പടെ അഞ്ചു പേർ മാത്രമേ ഉണ്ടാകാവുള്ളെന്നും മാർഗനിർദേശത്തിൽ പറയുന്നു.
റോഡ് ഷോ, വാഹനറാലി എന്നിവയ്ക്ക് മൂന്നു വാഹനങ്ങൾ മാത്രമേ ഉപയോഗിക്കാവൂ. ജാഥയും കലാശക്കൊട്ടും പാടില്ല. പ്രചാരണത്തിന് സമൂഹമാധ്യമങ്ങളെ പരമാവധി ഉപയോഗിക്കണമെന്നും മാർഗനിർദേശത്തിലുണ്ട്.