കോട്ടയം: വോട്ടെടുപ്പിന് 10 ദിവസം മാത്രം ബാക്കി നിൽക്കെ പ്രചാരണം വ്യക്തി കേന്ദ്രീകരണത്തിലേക്ക്. വാർഡ് കണ്‍വൻഷനുകളും ഒന്നാം ഘട്ട ഭവന സന്ദർശനവും സ്ഥാനാർഥികൾ പൂർത്തിയാക്കി.
ഇന്നു മുതൽ കുടുംബയോഗങ്ങളും സക്വാഡുകളുടെ പ്രവർത്തനവും സജീവമാകും. ഗ്രാമപഞ്ചായത്തിലേക്ക് മത്സരക്കുന്നവർ ഓരോ സ്ഥാനാർഥികളെയും നേരിൽ കണ്ട് വോട്ട് തേടുന്പോൾ പാർട്ടി, മുന്നണി പ്രവർത്തകർ പ്രസ്ഥാവനകളും അഭ്യർഥനകളുമായി വീടുവീടാന്തരം കയറിയിറങ്ങുന്നു.
പുലർച്ചെ മുതൽ സ്ഥാനാർഥികൾ രംഗത്തുണ്ട്. വീടിനുള്ളിൽ കയറാതെയുള്ള പ്രചാരണമാണ് നടത്തുന്നതേറെയും. ജില്ലാ പഞ്ചായത്തിലെയും ബ്ലോക്കിലെയും സ്ഥാനാർഥികളുടെ മണ്ഡല പര്യടനത്തിനും ഇന്നു മുതൽ തുടക്കമാവും.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രചാരണം നടത്താൻ സ്ഥാനാർഥികൾ ശ്രദ്ധിക്കുന്പോൾ പലയിടത്തും പ്രചാരണത്തിനു നേതാക്കൾ ഇടപെട്ട് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
സ്ഥാനാർഥിയോടൊപ്പം ഭവനസന്ദർശനത്തിനു പരമാവാധി മൂന്നു പേർ മാത്രമാണു പോകുന്നത്. വീടിന്റെ പുറത്തു നിന്നാണ് വോട്ടഭ്യർഥന. കുടുംബയോഗങ്ങളിൽ പരമാവധി സന്പർക്കം ഒഴിവാക്കാനും സമൂഹിക അകലം പാലിക്കാനും നേതാക്കൾ നിർദേശം നൽകിയിട്ടുണ്ട്.
പഞ്ചായത്ത്, മുനിസിപ്പൽ വാർഡുകളിലെ സ്ഥാനാർഥികൾ ഒന്നും രണ്ടും വട്ടം ഭവന സന്ദർശനം പൂർത്തിയാക്കി. ബ്ലോക്ക്, ജില്ലാ ഡിവിഷനുകളിലെ സ്ഥാനാർഥികൾ പരമാവധിവീടുകൾ കയറിയുളള പ്രചാരണത്തിനൊപ്പം കുടുംബയോഗങ്ങൾക്കാണു മുൻതൂക്കം നൽകുന്നത്.
ഇതിനു പുറമേ സോഷ്യൽ മീഡിയായിൽ കൂടിയും ഫോണ്വിളിച്ചുമുള്ള പ്രചാരണവും നടക്കുന്നുണ്ട്.