തിരുവനന്തപുരം: പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർഥിയായേക്കുമെന്ന് അഭ്യൂഹങ്ങൾ തള്ളി ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ. പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർഥിയാകില്ലെന്ന് പ്രയാർ ഗോപലകൃഷ്ണൻ പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ട് ആരും തന്നെ സമീപിച്ചിട്ടില്ല. താൻ ഉറച്ച കോണ്ഗ്രസ് പ്രവർത്തകനാണെന്നും പ്രയാർ പറഞ്ഞു.
പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർഥിയെ പ്രഖ്യാപിക്കാത്തതിനെ തുടർന്നു ചില കോണ്ഗ്രസ് നേതാക്കളെ ബിജെപി സമീപിച്ചുവെന്നും കോണ്ഗ്രസ് നേതാവ് ബിജെപി ടിക്കറ്റിൽ പത്തനംതിട്ടയിൽനിന്നു ജനവിധി തേടുമെന്നും അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.
ശബരിമല യുവതീ പ്രവേശനവിഷയത്തിൽ ബിജെപി നിലപാടുകൾക്കൊപ്പമായിരുന്നു പ്രയാർ. ഇതാണ് പ്രചാരങ്ങൾക്ക് കാരണമായത്. കെ.സുരേന്ദ്രനും സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ളയും പത്തനംതിട്ടയ്ക്ക് വേണ്ടി രംഗത്തുള്ളപ്പോഴും അപ്രതീക്ഷിത സ്ഥാനാർഥി വരുമെന്ന് തന്നെയാണ് റിപ്പോർട്ടുകൾ.