തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫും യുഡിഎഫും പരസ്പര ധാരണയിലാണു മത്സരിക്കുന്നതെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വ. പി.എസ് ശ്രീധരൻപിള്ള. ഇരു മുന്നണികളും കുപ്രചാരണങ്ങളിലൂടെ ബിജെപിയുടെമേൽ കുറ്റം ആരോപിക്കുകയാണ്.
സിപിഎമ്മിന് ഇപ്പോഴത്തെ വോട്ടുകൾ തന്നെ നിലനിർത്താൻ സാധിക്കാത്തതുകൊണ്ടാണിത്. എൻഡിഎയുടെ സ്ഥാനാർഥികൾ ദുർബലർ എന്നുപറയുന്നതു ദുരുദ്ദേശത്തോടെയാണെന്നും ഓരോ തെരഞ്ഞെടുപ്പ് കഴിയുന്തോറും സിപിഎം തകർന്നു തരിപ്പണമാവുകയാണെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം പ്രസ്ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു പി.എസ്.ശ്രീധരൻ പിള്ള. ഓരോ തെരഞ്ഞെടുപ്പു കഴിയുന്തോറും ബിജെപിയുടെ വോട്ട് വർധിക്കുകയാണ്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലും കരുത്തരായ സ്ഥാനാർഥിയെയാണ് എൻഡിഎ രംഗത്തിറക്കിയിരിക്കുന്നത്. ഭൂരിപക്ഷ സീറ്റിലും വിജയിക്കും. അതിനുള്ള സംഘടനാ പ്രവർത്തനങ്ങളാണ് നടക്കുന്നത്.
വട്ടിയൂർക്കാവിൽ യുഡിഎഫിന് അനുകൂല സാഹചര്യമുണ്ടാക്കാനാണ് എൽഡിഎഫ് ശ്രമിക്കുന്നത്. ബിഡിജെഎസ് ഇപ്പോഴും എൻഡിഎയുടെ ഘടകമാണെന്നും ഉപതെരഞ്ഞെടുപ്പിന് അവർ പ്രവർത്തനത്തിറങ്ങുന്നുണ്ടെന്നും പി.എസ് ശ്രീധരൻപിള്ള പറഞ്ഞു.