പുനലൂർ: കേരളത്തിലെ നയതന്ത്രജ്ഞരെ പോലും വിലക്കെടുത്തു കൊണ്ട് കള്ളക്കടത്തും അഴിമതിയും നടത്തി വരുന്ന സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് പുനലൂരിലെ എൻഡിഎ സ്ഥാനാർഥി ആയൂർ മുരളി പത്രസമ്മേളനത്തിൽ ആരോപിച്ചു.
കേന്ദ്ര സർക്കാർ നൽകുന്ന തുകയും ചേർത്തു കേളത്തിൽ നടപ്പിലാക്കുന്ന ലൈഫ് പാർപ്പിട പദ്ധതിയടക്കം രാജ്യത്തെ എല്ലാ പദ്ധതികളുടെയും പേര് മാറ്റിയാണ് സംസ്ഥന സർക്കാർ വികസനങ്ങൾ നടത്തുന്നത്. ഇത് മനസിലാക്കിയിട്ടും പ്രതിരോധിക്കാൻ കഴിയാതെ പ്രതിപക്ഷം വട്ടം തിരിയുകയാണ്.
നട്ടെല്ല് ഇല്ലാത്ത പ്രതിപക്ഷം ഇതിനെതിരെ എങ്ങനെ പ്രതിരോധിക്കും. ഈ പ്രതിപക്ഷമാണ് തുടർ ഭരണത്തെ പ്രതിപക്ഷം തടയുമെന്ന് പറയുന്നത്. കോൺഗ്രസിലെ സ്ഥാനാർഥി നിർണയത്തിൽ മുല്ലപ്പള്ളി രാമചന്ദ്രൻ ആർക്കൊക്കെ എവിടെയെല്ലാം സീറ്റുനൽകണമെന്ന് അറിയാതെ വട്ടം തിരിയുകയായിരുന്നു.
പുനലൂർ മണ്ഡലത്തിൽ എൻഡിഎ നിർണായക ശക്തിയാണ്. സംസ്ഥാനത്ത് എൻഡിഎക്ക് 20 ശതമാനം വോട്ടു ഉണ്ടെന്നാണ് പറയുന്നത്. 30 ശതമാനം വോട്ടു ലഭിച്ചാൽ എൻഡിഎ വിജയിക്കും. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മന്ത്രി കെ.രാജുവിന്റെ ബൂത്തിൽ നിന്നും 800 വോട്ടു ലഭിച്ചെങ്കിലും ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയാണ് അവിടെ വിജയിച്ചത്.
ഇത് മനസിലാക്കാതെയാണ് എൽഡിഎഫ് മണ്ഡലത്തിൽ വിജയിക്കുമെന്ന് പ്രചരണം നടത്തുന്നത്. തെരഞ്ഞെടുപ്പിൽ രണ്ടാം റൗണ്ട് പര്യടനങ്ങൾ നടത്തുന്നതിനിടെയാണ് ജനങ്ങളുടെ മനസ് തിരിച്ചറിഞ്ഞത്. ഇതാണ് ജനങ്ങൾ എൻഡിഎക്ക് അനുകൂലമായി വോട്ടു ചെയ്യുമെന്ന് പറയാൻ കാരണം.
ബിജെപി സംസ്ഥാന സമിതി അംഗം മാമ്പഴത്തറ സലിം, ജില്ലാ കമ്മിറ്റി അംഗം ആലഞ്ചേരി ജയചന്ദ്രൻ, പുനലൂർ രഞ്ജിത്ത് തുടങ്ങിയവരും പത്രസമ്മേളനത്തിൽ സംബന്ധിച്ചു.