രാജീവ് ഡി.പരിമണം
കൊല്ലം : ഐഎൻടിയുസി സ്ഥാനാർഥികളെ നിർത്തുന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും. ഇന്ന് ആലപ്പുഴയിൽചേരുന്ന സബ് കമ്മിറ്റി യോഗത്തിലാണ് തീരുമാനമെടുക്കുക. എല്ലാ മണ്ഡലങ്ങളിലേയും ജില്ലാപ്രസിഡന്റുമാർ ഉൾപ്പടെയുള്ളവരുടെയും പ്രവർത്തകരുടെയും അഭിപ്രായങ്ങൾ ശേഖരിച്ചിട്ടുണ്ട്.
അത് ഇന്ന് കൂടുന്ന യോഗത്തിൽ ചർച്ചചെയ്ത് ചില മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ നിർത്തുന്ന കാര്യത്തിൽ തീരുമാനമെടുക്കമെന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ പറഞ്ഞു.
അസംബ്ലി,പാർലമെന്റ് തെരഞ്ഞെടുപ്പുകളിൽ കാലാകാലങ്ങളായി ഐഎൻടിയുസി സീറ്റ് ആവശ്യപ്പെടാറുണ്ടങ്കിലും പരിഗണിച്ചിരുന്നില്ല. ഇക്കുറിയും ഒരു സീറ്റ് പോലും പാർട്ടിക്ക് നൽകിയിട്ടില്ല.
ഇതിനെതിരെ പാർട്ടി ജില്ലാപ്രസിഡന്റുമാർ പ്രതിഷേധത്തിലാണ്. അവരുടെ പ്രതിഷേധം കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നു. ഏറ്റവും ഒടുവിൽ ചന്ദ്രശേഖരന് കൊട്ടാരക്കരയിൽ സീറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. ജില്ലയിൽ ഒരു മണ്ഡലത്തിലും സീറ്റ് കിട്ടാതായതോടെ ഡിസിസിയിലേക്ക് ഐഎൻടിയുസി പ്രതിഷേധ മാർച്ചും നടത്തി.
പിസി വിഷ്ണുനാഥ് കുണ്ടറയിൽ മത്സരിക്കുന്നതോടെ കൊല്ലം ജില്ലയിൽ യുഡിഎഫിനുണ്ടായ പ്രതിസന്ധി നീങ്ങിയിട്ടുണ്ട്. ഐഎൻടിയുസി ഒഴികെ മറ്റെല്ലാ പ്രതിഷേധവും കെട്ടടങ്ങി.
സീറ്റ് ലഭിക്കാത്ത പ്രമുഖർക്ക് അർഹമായ പരിഗണന ഉണ്ടാകുമെന്ന് കെപിസിസി നേതൃത്വം സീറ്റ് മോഹികളെ അറിയിച്ചതായാണ് സൂചന. ചില മണ്ഡലങ്ങളിൽ കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ വൈകിയെങ്കിലും വരുംദിവസങ്ങളിൽ പ്രവർത്തനം ഉഷാറാക്കാനാണ് തീരുമാനം.
ഇന്ന് കുണ്ടറയിൽ ഉച്ചകഴിഞ്ഞ് പി.സി വിഷ്ണുനാഥിന്റെ റോഡ്ഷോ നടക്കുന്നതോടെ മണ്ഡലം ഉണരുമെന്നാണ് നേതാക്കളുടെ വിലയിരുത്തൽ. 19 ന് തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യും.
നാളെ വിഷ്ണുനാഥ് നാമനിർദേശ പത്രികയും നൽകും. വൈകി സ്ഥാനാർഥിത്വം ലഭിച്ച കൊല്ലത്ത് ബിന്ദുകൃഷ്ണയുടെ പ്രചാരണപരിപാടികളും ഉണർന്നിട്ടുണ്ട് .നാളെ നാമനിർദേശപത്രികസമർപ്പിക്കും. തെരഞ്ഞെടുപ്പ് കൺവൻഷൻ നാളെ അഞ്ചാലുംമൂട്ടിൽ എൻ.കെ പ്രേമചന്ദ്രൻ എംപി ഉദ്ഘാടനം ചെയ്യും.
അനുനയിപ്പിക്കാൻ ചെന്നിത്തല
തിരുവനന്തപുരം: സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് ഇടഞ്ഞു നിൽക്കുന്ന ഐഎൻടിയുസി നേതാക്കളെ അനുനയിപ്പിക്കാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്.
സ്ഥാനാര്‍ഥി നിർണയത്തിൽ ഐഎൻടിയുസി നേതാക്കളെയാരെയും പരിഗണിച്ചില്ല. ഇതേ തുടർന്ന് സ്വന്തം നിലയിൽ സ്ഥാനാർഥികളെ നിർത്താനുള്ള നീക്കവുമായി ഐഎൻടിയുസി മുന്നോട്ടു പോവുകയായിരുന്നു.
ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖറുമായി ചെന്നിത്തല ഇന്ന് ആലപ്പുഴയിൽ വെച്ച് ചര്‍ച്ച നടത്തും.